സ്നേഹം നിഷ്ക്രിയമാകാതെ അപരനുമായുള്ള സംഗമത്തിന്റെ അടിസ്ഥാനമാകണം: പാപ്പാ
ഫാ. ജിനു തെക്കെത്തലക്കൽ, വത്തിക്കാൻ സിറ്റി
മുപ്പതിനാലാമത്, ആഗോള രോഗീ ദിനം ആഘോഷപൂർവ്വകമായി, പെറുവിലെ ചിക്ളായോയിൽ വച്ച്, 2026 ഫെബ്രുവരി മാസം പതിനൊന്നാം തീയതി കൊണ്ടാടുകയാണ്. തദവസരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ, തന്റെ സന്ദേശത്തിൽ, ദാനധർമ്മ പ്രവൃത്തികളുടെ സൗന്ദര്യവും, അനുകമ്പയുടെ സാമൂഹിക മാനവും വീണ്ടെടുക്കുവാനും, രോഗികളെപ്പോലെ ദരിദ്രരിലും കഷ്ടപ്പെടുന്നവരിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഏവരെയും ക്ഷണിച്ചുകൊണ്ട്, നല്ല സമരിയക്കാരന്റെ ചിത്രം എടുത്തു കാണിച്ചു.
നിസ്സംഗതയുടെ സംസ്കാരത്തിൽ മുഴുകിയിരിക്കുന്ന ഒരു തലമുറയ്ക്ക് കണ്ടുമുട്ടലിന്റെ കൃപയും, അടുപ്പവും സാന്നിധ്യവും ഉളവാക്കുന്ന സന്തോഷവും എടുത്തു കാണിക്കുന്നതാണ്, സമരിയക്കാരന്റെ മാതൃകയെന്ന് പാപ്പാ എടുത്തു പറഞ്ഞു. ശ്രദ്ധാപൂർവ്വമായ നോട്ടം, മാനുഷികവും പിന്തുണയ്ക്കുന്നതുമായ അടുപ്പത്തിലേക്ക് നയിച്ചുവെന്നും പാപ്പാ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. സമരിയക്കാരന്റെ ഉപമയിലൂടെ, അയൽക്കാരൻ ആരാണെന്നല്ല യേശു പഠിപ്പിക്കുന്നത്, മറിച്ച് എങ്ങനെ അയൽക്കാരനാകാം, അതായത് എങ്ങനെ അടുപ്പം പുലർത്താം എന്നാണെന്നു പാപ്പാ അടിവരയിട്ടു. ആ മനുഷ്യന്റെ അയൽക്കാരൻ ആരാണെന്ന് പഠിപ്പിക്കാൻ കർത്താവ് ആഗ്രഹിച്ചില്ല, മറിച്ച് അവൻ ആരുടെ അയൽക്കാരനായിരിക്കണമെന്ന് പഠിപ്പിക്കാൻ കർത്താവ് ആഗ്രഹിച്ചുവെന്ന് വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളിൽ പാപ്പാ ഓർമ്മപ്പെടുത്തി.
സ്നേഹം നിഷ്ക്രിയമല്ല, അത് അപരനെ കണ്ടുമുട്ടാൻ നമ്മെ സഹായിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. എന്നാൽ ഇത് ശാരീരികമോ സാമൂഹികമോ ആയ അടുപ്പത്തെ ആശ്രയിച്ചല്ലെന്നും, മറിച്ച് സ്നേഹിക്കാനുള്ള തീരുമാനത്തെ ആശ്രയിച്ചാണെന്നും പറഞ്ഞ പാപ്പാ, അതിനാൽ നല്ല സമരിയക്കാരനായ ക്രിസ്തുവിന്റെ മാതൃക പിന്തുടർന്നുകൊണ്ട്, ക്രിസ്ത്യാനി കഷ്ടപ്പെടുന്നവരുടെ അയൽക്കാരനായിത്തീരുവാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും അടിവരയിട്ടു.
നല്ല സമരിയക്കാരന് തോന്നിയ അനുകമ്പ ആഴത്തിലുള്ള ഒരു വികാരത്തെ സൂചിപ്പിക്കുന്നുവെന്നും, അത് നമ്മുടെ ഉള്ളിൽ നിന്നും പുറപ്പെട്ടു, മറ്റുള്ളവരുടെ കഷ്ടപ്പാടുകളോടുള്ള പ്രതിബദ്ധതയിലേക്ക് നയിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. അനുകമ്പ സജീവമായ സ്നേഹത്തിന്റെ മുഖമുദ്രയാണെന്നും, അല്ലാതെ, സൈദ്ധാന്തികമോ വൈകാരികമോ ആയ ഒന്നല്ലെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അനുകമ്പയ്ക്ക് ഒരു സാമൂഹികമായ മാനം നൽകുന്നതാണ് നല്ല സമരിയക്കാരന്റെ പ്രവൃത്തിയെന്നും, ഇത് ബന്ധങ്ങളുടെ ഇടപെടലിൽ കേവലം വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് അപ്പുറം നടക്കുന്ന ഒരു അനുഭവമാണെന്നും ഓർമ്മപ്പെടുത്തി. അപരന്റെ വേദന, കർത്താവിന്റെ അനുകമ്പ വഹിക്കുന്ന ഒരു ശരീരത്തിന്റെ യഥാർത്ഥ അവയവങ്ങൾ എന്ന നിലയിൽ നമ്മുടെ തന്നെ വേദനയാണെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
അതിനാൽ, നമ്മെയും നമ്മുടെ സഹോദരീസഹോദരന്മാരെയും കണ്ടുമുട്ടാൻ, ദൈവത്തോടുള്ള സ്നേഹത്താൽ എപ്പോഴും നയിക്കപ്പെടുന്നവരാകണമെന്നു പാപ്പാ ഏവരെയും ക്ഷണിച്ചു. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ സാക്ഷ്യം വെളിപ്പെടുത്തുന്നതുപോലെ, അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്ന് പാപ്പാ അനുസ്മരിച്ചു.
സ്വയം സ്നേഹിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് കണ്ടെത്താനും നല്ല സമരിയക്കാരന്റെ മാതൃക നമ്മെ സഹായിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, സ്വയം ഒറ്റപ്പെടുത്തുന്നതിലൂടെയല്ല, മറിച്ച് മറ്റുള്ളവരുമായും ദൈവവുമായും സ്വയം ബന്ധം സ്ഥാപിക്കുന്നതിലൂടെയാണ് മനുഷ്യൻ സ്വയം വിലമതിക്കുന്നത് എന്ന ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളും എടുത്തു പറഞ്ഞു.
"പ്രിയ സഹോദരീ സഹോദരന്മാരേ, മനുഷ്യരാശിയുടെ മുറിവുകൾക്കുള്ള യഥാർത്ഥ പ്രതിവിധി ദൈവസ്നേഹത്തിൽ വേരുകളുള്ള സാഹോദര്യ സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലിയാണ്", പാപ്പാ അടിവരയിട്ടു പറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തിനു ഏവരെയും സമർപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
