സഭയുടെ പ്രേഷിതദൗത്യത്തിൽ പ്രഥമസ്ഥാനം അംഗങ്ങൾക്കിടയിൽ ആത്മീയവും സാഹോദര്യപരവുമായ ഐക്യം നിലനിർത്തുന്നതാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പതിനൊന്നാം പീയൂസ് പാപ്പാ സ്ഥാപിച്ച ആഗോള മിഷൻ ദിനത്തിന്റെ നൂറാമത് വാർഷികം 2026 ഒക്ടോബർ മാസം പതിനെട്ടാം തീയതി ആഘോഷിക്കുന്നു. തദവസരത്തിലേക്ക്, "ക്രിസ്തുവിൽ ഒന്നായും, പ്രേഷിതദൗത്യത്തിൽ ഐക്യപ്പെട്ടും", എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. ക്രിസ്തുവിൽ ഏകീകൃതവും, അനുരഞ്ജനപ്പെട്ടതും, ഔദാര്യത്തോടും വിശ്വാസത്തോടും സഹകരിക്കാനുള്ള സന്നദ്ധതയുൾക്കൊള്ളുന്നതുമായ, പരിശുദ്ധാത്മ അഭിഷേകത്താൽ നിറഞ്ഞതുമായ ഒരു സമൂഹമായി സഭ മുൻപോട്ടു പോകണമെന്ന് താൻ ഏറെ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
സഭയുടെ ചരിത്രത്തിലെ "ഒരു പുതിയ മിഷനറി യുഗത്തിൽ" സുവിശേഷവത്കരണത്തോടുള്ള പ്രതിബദ്ധതയിൽ മുന്നേറുവാൻ ഏവരും സ്വയം മുൻപോട്ടു വരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. പ്രേഷിത ദൗത്യത്തിന്റെ കാതൽ, ക്രിസ്തുവുമായുളള ഐക്യത്തിന്റെ രഹസ്യം തന്നെയാണെന്ന് പറഞ്ഞ പാപ്പാ, കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള പിതാവിനോടുള്ള യേശുവിന്റെ പ്രാർത്ഥന, തന്റെ അഗാധമായ ആഗ്രഹവും അതേ സമയം, സഭയുടെ, അവന്റെ ശിഷ്യന്മാരുടെ സമൂഹത്തിന്റെ സ്വത്വവും വെളിപ്പെടുത്തുന്നുവെന്നു പാപ്പാ അനുസ്മരിച്ചു. ഇത് ത്രിത്വത്തിൽ അടിസ്ഥാനമാക്കിയ ഒരു കൂട്ടായ്മയാണെന്നതും പാപ്പാ എടുത്തു പറഞ്ഞു.
ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നത് ഒരു കൂട്ടം ആചാരങ്ങളോ ആശയങ്ങളോ അല്ല: മറിച്ച് അത് ക്രിസ്തുവുമായുള്ള ഐക്യത്തിലുള്ള ഒരു ജീവിതമാണെന്നും, അപ്രകാരം പരിശുദ്ധാത്മാവിൽ പിതാവിനോടൊപ്പം ജീവിക്കുന്ന പുത്ര ബന്ധത്തിൽ നാം പങ്കാളികളാക്കപ്പെടുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. "ഇക്കാരണത്താൽ, സഭയുടെ ആദ്യ മിഷനറി ഉത്തരവാദിത്തം അതിന്റെ അംഗങ്ങൾക്കിടയിൽ ആത്മീയവും സാഹോദര്യപരവുമായ ഐക്യം പുതുക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ്", പാപ്പാ അടിവരയിട്ടു.
സംഘർഷങ്ങൾ, ധ്രുവീകരണങ്ങൾ, തെറ്റിദ്ധാരണകൾ, പരസ്പര അവിശ്വാസംഎന്നിവ പ്രബലപ്പെടുന്ന ഒരു സാഹചര്യത്തിൽ, ക്രിസ്തു തന്റെ ശിഷ്യന്മാരെ ഏല്പിച്ച സുവിശേഷവത്കരണ ദൗത്യത്തിന് അനുരഞ്ജനവും കൂട്ടായ്മയും നിറഞ്ഞ ഹൃദയങ്ങൾ ആവശ്യമാണെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. ഈ വീക്ഷണകോണിൽ, എല്ലാ ക്രിസ്തീയ സഭകളുമായും എക്യൂമെനിക്കൽ പ്രതിബദ്ധതയുടെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.
ശിഷ്യന്മാരുടെ ഐക്യം ഒരു അവസാനമല്ല മറിച്ച് അതൊരു ദൗത്യത്തിന്റെ തുടക്കമായിരുന്നുവെന്നു ഓർമ്മപ്പെടുത്തിയ പാപ്പാ, ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തിയും തങ്ങളുടെ വിവിധ ജീവിത അന്തസ്സുകളിൽ, ക്രിസ്തു തന്റെ സഭയെ ഏൽപ്പിക്കുന്ന മഹത്തായ പ്രേഷിത വേളയിൽ പങ്കാളികളാകണമെന്നു എടുത്തു പറഞ്ഞു. യഥാർത്ഥ പ്രേഷിതദൗത്യത്തിൽ പങ്കാളികളാകുക എന്നതിനർത്ഥം, കുർബാനയുടെയും മിഷനറി സഹകരണത്തിന്റെയും ആത്മീയത സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണെന്നും പാപ്പാ സന്ദേശത്തിൽ ഊന്നി പറഞ്ഞു.
പ്രാദേശിക സമൂഹങ്ങൾ പരസ്പരം സഹകരിക്കുകയും സാംസ്കാരികവും ആത്മീയവും ആരാധനാക്രമപരവുമായ വ്യത്യാസങ്ങൾ ഒരേ വിശ്വാസത്തിൽ പൂർണ്ണമായും യോജിപ്പോടെയും പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴാണ് സുവിശേഷവത്കരണം പൂർണ്ണമാക്കപ്പെടുന്നതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഇതിനുവേണ്ടി സഹകരിക്കുന്ന വിവിധ സംഘടനകളെയും പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.
ഐക്യം ദൗത്യത്തിന്റെ വ്യവസ്ഥയാണെങ്കിൽ, സ്നേഹമാണ് അതിന്റെ സത്തയെന്നുള്ള ആശയം ചൂണ്ടിക്കാട്ടിയ പാപ്പാ, സ്നേഹത്തിൽ നിന്ന് ജനിച്ചതും സ് നേഹത്തിൽ ജീവിക്കുന്നതും സ്നേഹത്തിലേക്ക് നയിക്കുന്നതുമായ ഒരു ദൗത്യമാണ് സഭയിൽ ആവശ്യമെന്നതും അടിവരയിട്ടു. ഇതാണ് ലോകത്തിൽ വിവിധ മിഷനറിമാർ നൽകിയ സാക്ഷ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ആഗോള മിഷൻ ദിനത്തിൽ ഏവരുടെയും സഹായസഹകരണങ്ങളും പാപ്പാ അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
