തിരയുക

പാപ്പാ അഭിവാദ്യം ചെയ്യുന്നു പാപ്പാ അഭിവാദ്യം ചെയ്യുന്നു   (ANSA)

സമാധാനപരവും നീതിയുക്തവുമായ യൂറോപ്പ് കെട്ടിപ്പടുക്കുന്നതിന് കത്തോലിക്കാ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം: പാപ്പാ

യൂറോപ്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും, ലക്സംബർഗ് സ്കൂൾ ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ, ചെന്തെസിമൂസ് ആഞ്ഞൂസ് പ്രൊ-പൊന്തിഫിസ് ഫൗണ്ടേഷൻ ലക്സംബർഗിൽ സംഘടിപ്പിച്ച "യൂറോപ്പിൽ സമാധാന നിർമ്മാണം" എന്ന വിഷയത്തെക്കുറിച്ചുള്ള എന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പരിശുദ്ധ പിതാവിന്റെ സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ കൈയൊപ്പോടുകൂടി അയച്ചു

വത്തിക്കാൻ ന്യൂസ്

"കൂടുതൽ സമാധാനപരവും നീതിയുക്തവുമായ ഒരു യൂറോപ്യൻ ഭൂഖണ്ഡം കെട്ടിപ്പടുക്കുന്നതിൽ കത്തോലിക്കാ മൂല്യങ്ങളുടെ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിന് ഈ സമ്മേളനം സംഭാവന നൽകട്ടെ." യൂറോപ്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും, ലക്സംബർഗ് സ്കൂൾ ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ലക്സംബർഗിൽ സംഘടിപ്പിച്ച "യൂറോപ്പിൽ സമാധാന നിർമ്മാണം" എന്ന വിഷയത്തെക്കുറിച്ചുള്ള എന്ന സമ്മേളനത്തെ അഭിസംബോധന  ചെയ്തുകൊണ്ടുള്ള ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളാണിവ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയാണ് സന്ദേശം അയച്ചിരിക്കുന്നത്.

യൂറോപ്പിൽ സമാധാനം സംസ്ഥാപിക്കുവാൻ കത്തോലിക്കാ സാമൂഹിക ചിന്തയ്ക്കും സാർവത്രിക മൂല്യങ്ങൾക്കും എന്ത് പങ്കുണ്ട്? എന്നുള്ളതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം. യൂറോപ്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും, ലക്സംബർഗ് സ്കൂൾ ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ, ചെന്തെസിമൂസ് ആഞ്ഞൂസ് പ്രൊ-പൊന്തിഫിസ് ഫൗണ്ടേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സമൂഹത്തിന്റെ പൊതുനന്മയ്ക്ക് മതത്തിനോ ഏതെങ്കിലും വിശ്വാസ വ്യവസ്ഥയ്‌ക്കോ സംഭാവന ചെയ്യാൻ കഴിയുന്ന സാർവത്രിക മൂല്യങ്ങളെക്കുറിച്ച് ഇന്ന് ചർച്ച ചെയ്യാൻ വലിയ വിമുഖത കാണിക്കുന്നുവെന്നത് യാഥാർഥ്യമാണെന്നും, ഈ സാഹചര്യത്തിൽ ഈ സമ്മേളനത്തിന് ഏറെ  പ്രാധാന്യമുണ്ടെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.

മനുഷ്യൻ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം വീണ്ടും സ്വീകരിക്കേണ്ടതിന്റെ അടിയന്തര ആവശ്യം പാപ്പാ സന്ദേശത്തിൽ ആവർത്തിച്ചു. "സത്യം അറിയാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാഭാവികവും മൗലികവുമായ അവകാശത്തെ മാനിക്കാതെ ഒരു യഥാർത്ഥ പുരോഗതിയും സാധ്യമല്ല" എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളും സന്ദേശത്തിൽ ഉദ്ധരിച്ചു.

ഈ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, സഭയുടെ സാമൂഹിക സിദ്ധാന്തത്തിന് ധാരാളം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസവും പാപ്പാ പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജനുവരി 2026, 11:43