കത്തോലിക്കാ മാധ്യമപ്രവർത്തകർ നന്മയുടെ വചനം വിതയ്ക്കുന്നവരാകണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നിർമ്മിത ബുദ്ധിയുടെ സാങ്കേതിക അതിപ്രസരം അടയാളപ്പെടുത്തുന്ന ആധുനിക കാലഘട്ടത്തിൽ, ബന്ധങ്ങളുടെയും, ആരെയും ഒഴിവാക്കാത്ത അടുപ്പത്തിന്റെയും ഊഷ്മളത ഊട്ടിയുറപ്പിക്കുവാൻ മാധ്യമപ്രവർത്തകരെ ലിയോ പതിനാലാമൻ പാപ്പാ ക്ഷണിച്ചു. വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസിന്റെ ദിനാഘോഷത്തോടനുബന്ധിച്ച്, 2026 ജനുവരി 21 മുതൽ 23 വരെ ലൂർദിൽ നടക്കുന്ന കത്തോലിക്കാ മാധ്യമപ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടു കൂടി അയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം എടുത്തു പറഞ്ഞത്.
കത്തോലിക്കാ മാധ്യമപ്രവർത്തനത്തിന്റെ മുഖമുദ്ര , സത്യത്തിന്റെ സേവനമാണെന്നും, അത് വിശ്വാസികൾ അല്ലാത്തവർക്ക് പോലും ഉത്തരങ്ങൾ കണ്ടെത്തുവാൻ സഹായകരമാകുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. കത്തോലിക്കാ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, സമൂഹ മാധ്യമത്തിന്റെ പ്രചാരകർ എന്ന നിലയിൽ വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും ഹൃദയങ്ങളെ നിരായുധരാക്കി, ധൈര്യത്തോടെ അനുരഞ്ജനം തേടുന്ന ശബ്ദങ്ങളായി മാറുന്നതിനും, നന്മയുടെ വചനം വിതയ്ക്കുന്നവരാകുവാനും പാപ്പാ എവരെയും ക്ഷണിച്ചു.
വിഘടിച്ചതും ധ്രുവീകരിക്കപ്പെട്ടതുമായ ഒരു ലോകത്ത്, ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരും, ഏകാന്തതയിൽ കഴിയുന്നവരുമായ ആളുകൾക്ക് സ്നേഹത്തിന്റെ സന്തോഷം നൽകുന്ന മാപിനികൾ ആകുവാനും പാപ്പാ ആഹ്വാനം ചെയ്തു. സമാധാനവും മതാന്തര സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ മാധ്യമപ്രവർത്തകർക്ക്, സ്വജീവൻ നൽകിക്കൊണ്ട് വിശ്വാസത്തിനു സാക്ഷിയായിരുന്ന, ഫാ. ജാക്വസ് ഹാമെലിന്റെ പേരിൽ നൽകുന്ന അവാർഡ്, ഏവർക്കും ഒരു പ്രചോദനമാണെന്ന് പാപ്പാ അനുസ്മരിച്ചു.
സംഭാഷണത്തിന്റെയും, പരസ്പര ക്ഷമയുടെയും, ശ്രവണത്തിന്റെയും മൂല്യങ്ങൾ തന്റെ ജീവിതത്തിൽ പഠിപ്പിച്ച വ്യക്‌തിയായിരുന്നു അദ്ദേഹമെന്നും, പരസ്പരം അറിയാൻ, വ്യത്യാസങ്ങളെ ഭയപ്പെടാതെ മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലുവാൻ നാം തയ്യാറാകണമെന്നും സന്ദേശത്തിൽ എടുത്തു പറഞ്ഞു. സ്നേഹത്തിൽ, സത്യം അന്വേഷിക്കുന്നവരാകാൻ ഫാ.ജാക്വസ് ഹാമെലിന്റെ മാതൃക ഏവരെയും പ്രോത്സാഹിപ്പിക്കട്ടെ എന്ന ആശംസയോടെയും പ്രാർത്ഥനയോടെയുമാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
