തിരയുക

പാപ്പാ സന്ദേശം നൽകുന്നു പാപ്പാ സന്ദേശം നൽകുന്നു   (@Vatican Media)

"സുവിശേഷവത്കരണത്തിന്റെ മധുരവും, ആശ്വാസകരവുമായ സന്തോഷം" വീണ്ടും കണ്ടെത്താൻ സാധിക്കണം: പാപ്പാ

വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ട വത്തിക്കാൻ ഡികാസ്റ്ററിയുടെ പൂർണ്ണ സമ്മേളനത്തിൽ (പ്ലീനറി സെഷൻ) സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലോകമെമ്പാടും സുവിശേഷം പ്രഘോഷിക്കുന്നതിൽ പാപ്പായെയും, മെത്രാന്മാരെയും സഹായിക്കുക, വിശ്വാസത്തെയും ധാർമ്മികതയെയും കുറിച്ചുള്ള കത്തോലിക്കാ ഉപദേശത്തിന്റെ സമഗ്രത പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, വിശ്വാസത്തിന്റെ നിക്ഷേപം അതിന്റെ പൂർണ്ണതയിൽ അവതരിപ്പിക്കുക, പുതിയ ചോദ്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുക എന്നീ കാര്യങ്ങളിൽ, വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ട വത്തിക്കാൻ ഡികാസ്റ്ററിയുടെ സേവനങ്ങളെ  എടുത്തു പറഞ്ഞുകൊണ്ട്, ഡികാസ്റ്ററിയുടെ പൂർണ്ണ സമ്മേളനത്തിൽ (പ്ലീനറി സെഷൻ) സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.

അതിസൂക്ഷ്മമായ ചോദ്യങ്ങളിൽ അജപാലന, ദൈവശാസ്ത്ര മാർഗ്ഗനിർദ്ദേശങ്ങളിലൂടെ സഭയുടെ ഉപദേശത്തെക്കുറിച്ച് വ്യക്തത നൽകുക എന്നതാണ് ഡിക്കസ്റ്ററിയുടെ പ്രധാന ദൗത്യമെന്നും, ഇതിനായി, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഡികാസ്റ്ററി നിരവധി രേഖകൾ പ്രസിദ്ധീകരിച്ചതും പാപ്പാ അനുസ്മരിച്ചു.

യുദ്ധങ്ങളും ലാഭത്തിന് പ്രഥമസ്ഥാനം നൽകുന്ന ഒരു സമ്പദ് വ്യവസ്ഥയും നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ, ഓരോ മനുഷ്യന്റെയും വിലമതിക്കാനാവാത്ത  അന്തസ്സ് എടുത്തു പറയുന്ന രേഖയും, അമാനുഷിക പ്രതിഭാസങ്ങളുടെ വിവേചനത്തിൽ മുന്നോട്ട് പോകുന്നതിനുള്ള മാനദണ്ഡങ്ങൾ മുൻപോട്ടു വയ്ക്കുന്ന രേഖയും, ഏകഭാര്യത്വത്തെ പ്രശംസിക്കുകയും, വിവാഹത്തിന്റെ മൂല്യത്തെക്കുറിച്ച് എടുത്തു പറയുന്നതുമായ രേഖയും, മരിയൻ ശീർഷകങ്ങളിൽ വ്യാക്തത വരുത്തിയ രേഖയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും മനുഷ്യ ബുദ്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശാലവും കൃത്യവുമായ വിശദീകരണവും നൽകുന്ന രേഖയും  കൂദാശകളുടെ സാധുതയെക്കുറിച്ചുള്ള രേഖയുമെല്ലാം, ഡിക്കസ്റ്ററിയുടെ കഴിഞ്ഞ കാലങ്ങളിലെ  സംഭാവനകളാണെന്നും പാപ്പാ എടുത്തുപറഞ്ഞു.

ഈ രേഖകളെല്ലാം ദൈവത്തിന്റെ വിശുദ്ധരും വിശ്വസ്തരുമായ ആളുകളുടെ ആത്മീയ വളർച്ചയ് ക്ക് വലിയ പ്രയോജനം ചെയ്യുമെന്നും, നാം ജീവിക്കുന്ന യുഗത്തിന്റെ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ, അത് വിശ്വാസികൾക്ക് സഭയുടെ ഭാഗത്തുനിന്ന് കൃത്യവും  വ്യക്തവുമായ ശബ്ദം വാഗ്ദാനം ചെയ്യുന്നതാണെന്നും പാപ്പാ പറഞ്ഞു. വളരെ അടിയന്തിരമായ  വിശ്വാസത്തിന്റെ കൈമാറ്റം എന്ന വിഷയത്തിൽ ഈ പ്ലീനറി സമ്മേളനത്തിൽ നടത്തുന്ന ചർച്ചകളെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.

സമീപ ദശകങ്ങളിൽ, കത്തോലിക്കാ ജനതയ്ക്കിടയിൽ ക്രിസ്തീയ വിശ്വാസത്തിന്റെ തലമുറ കൈമാറ്റത്തിൽ ഒരു വിള്ളൽ ഉണ്ടായിട്ടുണ്ട് എന്ന വസ്തുത നമുക്ക് അവഗണിക്കാൻ കഴിയില്ലയെന്നും, സുവിശേഷവത്കരണത്തിന്റെ പശ്ചാത്തലത്തിൽ, സ്വന്തം നിലനിൽപ്പിന്റെ അടിസ്ഥാന വിഭവമായി സുവിശേഷത്തെ കാണാത്തവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, പുതിയ തലമുറകൾക്കിടയിൽ വാസ്തവത്തിൽ, ദൈവത്തെയും സഭയെയും കുറിച്ച് യാതൊരു ചിന്തയുമില്ലാതെ ജീവിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും  പാപ്പാ ചൂണ്ടിക്കാട്ടി.

ഇത് വിശ്വാസികളായ നമ്മിൽ വേദനയുണ്ടാക്കുന്നുവെങ്കിൽ, മറുവശത്ത് ക്രിസ്തുവിന്റെ മണവാട്ടിയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും കാതൽ ആയ "സുവിശേഷവത്കരണത്തിന്റെ മധുരവും ആശ്വാസകരവുമായ സന്തോഷം" വീണ്ടും കണ്ടെത്താൻ അത് നമ്മെ പ്രേരിപ്പിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. തന്റെ മുൻഗാമികളായ ബെനഡിക്ട് പതിനാറാമനും ഫ്രാൻസിസും ആവർത്തിച്ച് പറഞ്ഞതുപോലെ, എല്ലാറ്റിനുമുപരിയായി സുവിശേഷം പ്രഘോഷിക്കുന്ന ഒരു സഭയായി മാറണമെന്നുള്ള ആഗ്രഹവും പാപ്പാ വെളിപ്പെടുത്തി.

ഡിക്കസ്റ്ററിയുടെ സേവനത്തിൽ, പ്രത്യേകമായും മെത്രാന്മാർ, സുപ്പീരിയർ ജനറൽമാർ എന്നിവരോട് ദയയോടും വിവേചനത്തോടും കൂടി പെരുമാറണമെന്നും, നീതി, സത്യം, കാരുണ്യം  എന്നിവയുടെ ആവശ്യങ്ങൾ എല്ലായ്പ്പോഴും ബഹുമാനിക്കപ്പെടുകയും, ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും, അതിനു ഏവരുടെയും സഹകരണവും പാപ്പാ അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ജനുവരി 2026, 12:38