നീതിയുക്തവും സമാധാനപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുവാൻ മാധ്യമപ്രവർത്തനം സഹായിക്കണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മാധ്യമപ്രവർത്തനം യാഥാർത്ഥ്യത്തെ, സാംസ്കാരിക, മതപരമായ വേരുകളിലേക്ക് ചുരുക്കുന്ന തീവ്രവാദവും വഞ്ചനാപരവുമായ ധ്രുവീകരണത്തിന് കീഴടങ്ങരുതെന്നു ഓർമ്മപ്പെടുത്തിക്കൊണ്ട്, ഇറ്റലിയിലെ ദിനപത്രമായ ഇൽ ഫോളിയോ (Il Foglio) യുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി.
പത്രത്തിന്റെ നിർവ്വാഹകൻ ക്‌ളൗദിയോ ചെരാസയെ അഭിസംബോധന ചെയ്താണ് പാപ്പാ തന്റെ സന്ദേശമയച്ചത്. മുപ്പതാം വാർഷികത്തിൽ, പ്രവർത്തകർക്കും, വായനക്കാർക്കും പാപ്പാ തന്റെ ആശംസകളും അറിയിച്ചു.
വ്യത്യസ്ത അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നതിനും വസ്തുതകൾക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങൾ നൽകുന്നതിനുമുള്ള സാധ്യത, ആശയങ്ങളുടെ സ്വതന്ത്ര കൈമാറ്റത്തിന്റെ മൂർത്തമായ അടിത്തറയാണെന്ന് പറഞ്ഞ പാപ്പാ, അല്ലാത്തപക്ഷം അത് മനുഷ്യന്റെ അന്തസിനെയും, ചിന്താസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു.
മാധ്യമമേഖലയിൽ കൂടുതൽ പരിശീലനങ്ങൾ ആവശ്യമെന്നും പാപ്പാ പറഞ്ഞു. അപ്രകാരം, കൂടുതൽ നീതിയുക്തവും സമാധാനപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സംഭാവനകൾ നൽകുവാൻ സാധിക്കുമെന്നും, ഇതിനു വലിയ ഉത്തരവാദിത്വബോധവും, തുറന്ന ചർച്ചകൾക്കുള്ള സന്നദ്ധതയും ആവശ്യമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
