മധ്യാഹ്നപ്രാർത്ഥനാവേളയിൽ പാപ്പാ മധ്യാഹ്നപ്രാർത്ഥനാവേളയിൽ പാപ്പാ   (ANSA)

സുവിശേഷം പ്രഘോഷിക്കുന്നതിൽ സാഹചര്യങ്ങൾ തടസ്സമാകരുത്: പാപ്പാ

ജനുവരി മാസം ഇരുപതിയഞ്ചാം തീയതി ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാൻ ചത്വരത്തിൽ നയിച്ച മധ്യാഹ്ന പ്രാർത്ഥനാവേളയിൽ നൽകിയ സന്ദേശത്തിന്റെ മലയാള പരിഭാഷ.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഹോദരങ്ങളെ സഹോദരിമാരെ, നല്ല ഒരു ഞായറാഴ്‌ച്ച!

മാമ്മോദീസ സ്വീകരിച്ച ശേഷം, യേശു പ്രസംഗം ആരംഭിക്കുകയും, പത്രോസ് എന്നറിയപ്പെടുന്ന ശിമയോൻ,  അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്ന ആദ്യശിഷ്യന്മാരെ വിളിക്കുകയും ചെയ്യുന്നു. ഇന്നത്തെ സുവിശേഷത്തിൽ നിന്നുള്ള ഈ രംഗം സൂക്ഷ്മമായി വീക്ഷിക്കുമ്പോൾ, രണ്ടു ചോദ്യങ്ങൾ നമ്മോടു തന്നെ നമുക്ക് ഉന്നയിക്കാം: ഒന്ന് യേശു തന്റെ ദൗത്യം തുടങ്ങുന്ന സമയത്തെക്കുറിച്ചും, മറ്റൊന്ന്: പ്രസംഗിക്കുവാനും, അപ്പസ്തോലന്മാരെ വിളിക്കാനും തിരഞ്ഞെടുക്കുന്ന സ്ഥലത്തെക്കുറിച്ചും. നമുക്ക് ചോദിക്കാം എപ്പോൾ തുടങ്ങുന്നു? എവിടെ തുടങ്ങുന്നു?

ഒന്നാമതായി, സുവിശേഷകൻ നമ്മോട് പറയുന്നു, യേശു തന്റെ പ്രസംഗം ആരംഭിച്ചത് "യോഹന്നാൻ തടവിലായി എന്ന്  കേട്ടപ്പോൾ" ആണെന്ന്. അതിനാൽ ഏറ്റവും മികച്ചതായി തോന്നാത്ത ഒരു സമയത്താണ് ഇത് സംഭവിക്കുന്നത്: സ്നാപകൻ തടവിലായിരിക്കുന്നു, അതിനാൽ മിശിഹായുടെ പുതുമയെ സ്വാഗതം ചെയ്യാൻ ജനങ്ങളുടെ നേതാക്കൾ തയ്യാറുമല്ല. വിവേകം ആവശ്യപ്പെടുന്ന  ഒരു സമയമാണിത്, എന്നാൽ ഈ ഈ ഇരുണ്ട സാഹചര്യത്തിലാണ് യേശു സുവിശേഷത്തിന്റെ വെളിച്ചം കൊണ്ടുവരാൻ തുടങ്ങുന്നത്: "സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു".

നമ്മുടെ വ്യക്തിപരവും സഭാപരവുമായ ജീവിതത്തിൽ പോലും, ചിലപ്പോൾ ആന്തരികമായ ചെറുത്തുനിൽപ്പ് അല്ലെങ്കിൽ അനുകൂലമെന്ന് നാം കരുതാത്ത സാഹചര്യങ്ങൾ കാരണം, സുവിശേഷം പ്രഘോഷിക്കാനുള്ള സമയമായിട്ടില്ല എന്നു കരുതാനും,  തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും,  ചില സാഹചര്യങ്ങളെ  പരിവർത്തനപ്പെടുത്താനും, തിരഞ്ഞെടുപ്പുകൾ നടത്തുവാൻ സാധിക്കില്ലെന്നും തോന്നാറുണ്ട്. അതിന്റെ അപകട സാധ്യത, അവ നമ്മെ അനിശ്ചിതത്വത്തിലോ അമിതമായ വിവേകത്തിന്റെ തടവുകാരോ ആയി മാറ്റുന്നതിലാണ്. അതേസമയം സുവിശേഷം നമ്മോട് വിശ്വസ്തതയുടെ സാഹസികത ആവശ്യപ്പെടുന്നു. സാഹചര്യങ്ങൾ നമുക്ക് അനുകൂലമാണെന്ന് തോന്നുന്നില്ലെങ്കിലും അല്ലെങ്കിൽ  മികച്ചതായി തോന്നുന്നില്ലെങ്കിലും, ദൈവം എല്ലാ യുഗത്തിലും പ്രവർത്തിക്കുന്നു, ഓരോ നിമിഷവും കർത്താവിന് അനുകൂലമാണ്.

യേശു തന്റെ പരസ്യ ദൗത്യം ആരംഭിക്കുന്ന സ്ഥലവും സുവിശേഷവിവരണം നമുക്ക് കാണിച്ചുതരുന്നു: "അവൻ നസ്രത്ത് വിട്ട് കഫർണാമിൽ താമസിക്കുവാൻ പോയി".  ഇത് പ്രധാനമായും വിജാതീയർ അധിവസിക്കുന്ന ഒരു പ്രദേശമായ ഗലീലിയിലാണ്. വ്യാപാരം കാരണം യാത്രയുടെയും, കണ്ടുമുട്ടലുകളുടെയും നാടാണ്. വ്യത്യസ്ത മത പശ്ചാത്തലങ്ങളും ബന്ധങ്ങളുമുള്ള ആളുകൾ കടന്നുപോകുന്ന സാർവ്വജനീനമായ പ്രദേശം എന്ന് നമുക്ക് പറയാം.

ഈ രീതിയിൽ, മിശിഹാ ഇസ്രായേലിൽ നിന്നാണ് വരുന്നതെന്നും എന്നാൽ, ശുദ്ധർ മാത്രമല്ലാതെ എല്ലാവരെയും  തന്നോട് അടുപ്പിച്ചു നിർത്തുവാനും, ആരെയും ഒഴിവാക്കാതെ, ഓരോ സാഹചര്യങ്ങളിലും, മാനുഷികബന്ധങ്ങളിലും  തന്നെ ഉൾച്ചേർക്കുവാനും ആഗ്രഹിക്കുന്ന ദൈവത്തെ  പ്രഘോഷിക്കുവാൻ,  സ്വന്തം ദേശത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് പോകുന്നവനാണെന്നും  സുവിശേഷം നമ്മോട് പറയുന്നു.

അതിനാൽ, ക്രിസ്ത്യാനികളായ  നമ്മൾ സ്വയം അടച്ചുപൂട്ടാനുള്ള പ്രലോഭനത്തെ മറികടക്കണം: സുവിശേഷം വാസ്തവത്തിൽ എല്ലാ സാഹചര്യങ്ങളിലും എല്ലാ ചുറ്റുപാടുകളിലും പ്രഘോഷിക്കപ്പെടുകയും ജീവിക്കുകയും വേണം, അങ്ങനെ അത് വ്യക്തികൾക്കിടയിൽ, സംസ്കാരങ്ങൾ, മതങ്ങൾ, ജനങ്ങൾ എന്നിവയ്ക്കിടയിൽ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു പുളിപ്പായി മാറണം.

സഹോദരീ സഹോദരന്മാരേ, ആദ്യശിഷ്യന്മാരെപ്പോലെ, നമ്മുടെ ജീവിതത്തിലെ ഓരോ സമയവും, സ്ഥലവും അവിടുന്ന് സന്ദർശിക്കുകയും അവിടുത്തെ സ്നേഹത്താൽ കടന്നുപോകുകയും ചെയ്യുന്നു എന്നറിയുന്നതിന്റെ സന്തോഷത്തിൽ, കർത്താവിന്റെ വിളി നാം സ്വീകരിക്കണം. ഈ ആന്തരിക വിശ്വാസം നേടിയെടുക്കാനും നമ്മുടെ യാത്രയിൽ നമ്മോടൊപ്പം ആയിരിക്കുവാനും പരിശുദ്ധ കന്യകാമറിയത്തോട് നമുക്ക് പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ജനുവരി 2026, 11:45