ജ്ഞാനസ്നാനം നമ്മെ ക്രിസ്തുവിന്റെ മൗതീക ശരീരത്തിന്റെ ജീവനുള്ള അംഗങ്ങളാകുവാൻ നമ്മെ ക്ഷണിക്കുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കത്തോലിക്കാ സഭയിൽ, മാമോദീസാ സ്വീകരിച്ചുകൊണ്ട് പുതിയതായി അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്ന (നെയോ കാറ്റെക്കുമെൻ), ആളുകളുടെ പരിശീലകരായവർക്ക് ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് അനുവദിച്ചുകൊണ്ട്, സന്ദേശം നൽകി. അംഗങ്ങളുടെ മിഷനറി തീക്ഷ്ണതയെയും, സഭയെ സജീവമാക്കുവാനുള്ള അവരുടെ ആഗ്രഹത്തെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. എല്ലാവരും ക്രിസ്തുവിനെ അറിയേണ്ടതിന് ലോകമെമ്പാടും സുവിശേഷം പ്രഘോഷിക്കുവാൻ ഇക്കൂട്ടർ എടുക്കുന്ന ത്യാഗത്തെയും പാപ്പാ എടുത്തു പറഞ്ഞു.
ഈ പരിശീലനം, എല്ലാവർക്കും, പ്രത്യേകിച്ചും വിശ്വാസത്തിൽ നിന്നും അകന്നുപോയവർക്കും, വിശ്വാസം ദുർബലമായവർക്കും, മാമ്മോദീസയുടെ അർത്ഥം വീണ്ടും കണ്ടെത്താനുള്ള ഒരു ആത്മീയ യാത്രയുടെ സാധ്യത നൽകുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഇതുവഴിയായി, ക്രൈസ്തവർക്ക് ലഭിച്ച കൃപയുടെ ദാനം തിരിച്ചറിയാനും, ലോകത്തിൽ കർത്താവിന്റെ സാക്ഷികളും, ശിഷ്യന്മാരും ആകുവാനുള്ള ആഹ്വാനം സ്വീകരിക്കുവാനും ഏവർക്കും സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
പരിശീലകർ എന്ന നിലയിൽ, സുവിശേഷത്തിന്റെ അഗ്നി അണഞ്ഞതായി തോന്നിയ സ്ഥലത്ത് വീണ്ടും ആ അഗ്നിയെ ജ്വലിപ്പിക്കുവാനും, വ്യക്തികളെയും സമൂഹങ്ങളെയും അനുഗമിച്ചുകൊണ്ട്, അവരെ വിശ്വാസത്തിന്റെ സന്തോഷത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാനും, യേശുവിനെ അറിയുന്നതിന്റെ സൗന്ദര്യം വീണ്ടും കണ്ടെത്താനും, അവരുടെ ആത്മീയതയും, സാക്ഷീകരണത്തോടുള്ള പ്രതിബദ്ധതയും വളർത്താനും നൽകുന്ന സഹായങ്ങളെ പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.
ജീവിതത്തിന്റെ സുരക്ഷിതത്വം ഉപേക്ഷിച്ച് വിദൂരവും ദുഷ്കരവുമായ പ്രദേശങ്ങളിൽ പോലും, സുവിശേഷം പ്രഘോഷിക്കാനും ദൈവസ്നേഹത്തിന്റെ സാക്ഷികളാകാനുമുള്ള അവരുടെ സന്നദ്ധതയെയും പാപ്പാ എടുത്തു പറഞ്ഞു. മാമോദീസ എന്ന കൂദാശ, നമ്മെ ക്രിസ്തുവിനോട് ഒന്നിപ്പിക്കുന്നതിലൂടെ, നമ്മെ അവന്റെ ശരീരത്തിലെ ജീവനുള്ള അവയവങ്ങളാക്കി, അവന്റെ ഏക ജനം, അവന്റെ ഏക കുടുംബം എന്നീ നിലകളിലേക്ക് നമ്മെ ഉയർത്തുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു. അതുകൊണ്ടുതന്നെ നമ്മുടെ സേവനങ്ങൾ സഭയുടെ ദൗത്യത്തിനുവേണ്ടിയാണെന്നുള്ള കാര്യം മറന്നു പോകരുതെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
ഒരു ശുശ്രൂഷയുംസാഹോദര്യത്തെക്കാൾ മികച്ചതായി തോന്നാനും, വ്യത്യസ്തമായി ചിന്തിക്കുന്നവരെ ഒഴിവാക്കാനും ഒരു കാരണമായി മാറരുതെന്നും പാപ്പാ എടുത്തു പറഞ്ഞു. സഭയുടെ ജീവിതത്തിൽ ഉള്ള മറ്റ് ദാനങ്ങളുമായുള്ള കൂട്ടായ്മയിൽ മാത്രമേ ഈ പരിശീലനത്തിന്റെ ഫലം ഉണ്ടാവുകയുള്ളുവെന്നു പറഞ്ഞ പാപ്പാ, ഈ ദൗത്യത്തിന്റെ ഉദ്ദേശ്യം ക്രിസ്തുവിനെ അറിയാൻ ആളുകളെ പ്രാപ്തരാക്കുക എന്നതാണെന്നും കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
