മനുഷ്യജീവന്റെ സംരക്ഷണത്തിലാണ് സമൂഹത്തിന്റെ വികസനം സാധ്യമാകുന്നത്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മനുഷ്യജീവന്റെ സംരക്ഷണത്തിന് വേണ്ടി, വാഷിംഗ്ടൺ ഡിസിയിൽ ജനുവരി 23 ന് നടക്കുന്ന മാർച്ച് ഫോർ ലൈഫിൽ (ജീവന് വേണ്ടിയുള്ള ജാഥ) സംബന്ധിക്കുന്നവർക്ക് അഭിനന്ദനങ്ങളും, ആത്മീയമായ അടുപ്പവും അറിയിച്ചുകൊണ്ട് ലിയോ പതിനാലാമൻ സന്ദേശമയച്ചു. "ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണം മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും ഒഴിച്ചുകൂടാനാവാത്ത അടിത്തറയാണ്" എന്ന് സന്ദേശത്തിൽ പാപ്പാ എടുത്തു പറഞ്ഞു.
വാസ്തവത്തിൽ, ഒരു സമൂഹം ആരോഗ്യകരമായി പുരോഗതി പ്രാപിക്കുന്നത്, മനുഷ്യജീവിതത്തിന്റെ പവിത്രത സംരക്ഷിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ മാത്രമാണെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. ജീവൻ അതിന്റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കപ്പെടുന്നതിനു, പൗരന്മാരും, രാഷ്ട്രീയ നേതാക്കളുമായുള്ള സംഭാഷണം ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉചിതമായ ശ്രമങ്ങളിലൂടെ പരിശ്രമിക്കണമെന്നു ഏവരെയും പ്രത്യേകമായി യുവജനങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു.
ധൈര്യപൂർവം, സമാധാനത്തോടെ ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കു വേണ്ടി ജാഥ നടത്തുമ്പോൾ, എപ്പോഴും നമ്മോടുകൂടെ ഉണ്ടായിരിക്കുമെന്നു വാഗ്ദാനം ചെയ്ത യേശു ഏവർക്കും ഒപ്പമുണ്ടായിരിക്കുമെന്നു പാപ്പാ എടുത്തു പറഞ്ഞു. അവർക്കുവേണ്ടി വാദിക്കുന്നതിലൂടെ, നമ്മുടെ ഏറ്റവും ചെറിയ സഹോദരീസഹോദരന്മാരിൽ അവനെ സേവിക്കാനുള്ള കർത്താവിന്റെ കൽപ്പനയാണ് ഏവരും നിറവേറ്റുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
അമേരിക്കൻ ഐക്യനാടുകളുടെ പുണ്യവതിയായ അമലോത്ഭവ മറിയത്തിന്റെ പ്രാർത്ഥനകൾക്ക് ഏവരെയും സമർപ്പിച്ചുകൊണ്ടും, തന്റെ അപ്പസ്തോലിക ആശീർവാദം നല്കിക്കൊണ്ടുമാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
