തിരയുക

പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിലെ ചില അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിലെ ചില അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (@VATICAN MEDIA)

സഭയുടെ നയതന്ത്രപ്രവർത്തനം ഒരു തൊഴിലല്ല, അജപാലനവിളിയാണ്: ലിയോ പതിനാലാമൻ പാപ്പാ

പരിശുദ്ധ സിംഹാസനത്തിനുവേണ്ടി നയതന്ത്രപ്രവർത്തനങ്ങൾ നടത്താനൊരുങ്ങുന്ന വൈദികർക്ക് പരിശീലനം നൽകുന്ന പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയുടെ സ്ഥാപനത്തിന്റെ 325-ആം വാർഷികത്തിൽ സഭയുടെ നയതന്ത്രത്തിന്റെ പ്രത്യേകതകൾ വിശദീകരിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഈജിപ്തിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ദിനമായ ജനുവരി 17-നാണ് 1701-ൽ ക്ലമന്റ് പതിനൊന്നാമൻ പാപ്പായുടെ തീരുമാനപ്രകാരം സ്ഥാപിക്കപ്പെട്ട ഈ പ്രസ്ഥാനത്തിന്റെ വാർഷികം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കത്തോലിക്കാസഭയുടെ നയതന്ത്രം അജപാലനപരമായ ഒരു വിളിയാണെന്നും, അത് മറ്റു ജോലികൾ പോലെ വെറുമൊരു തൊഴിലല്ലെന്നും ലിയോ പതിനാലാമൻ പാപ്പാ. വ്യക്തികൾ തമ്മിലുള്ള വിശ്വാസം നശിക്കുകയും മതിലുകൾ ഉയരുകയും ചെയ്യുന്നയിടങ്ങളിൽ അനുരഞ്ജനത്തിന്റെ വഴി തേടുന്ന സുവിശേഷപ്രവർത്തനമാണതെന്നും പാപ്പാ പ്രസ്താവിച്ചു. പത്രോസിന്റെ പിൻഗാമികളായ മാർപാപ്പാമാരുടെ പേരിൽ നയതന്ത്രശുശ്രൂഷ ചെയ്യാനായി തയ്യാറാകുന്ന വൈദികർക്ക് പരിശീലനം നൽകുന്ന പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയുടെ മുന്നൂറ്റിയിരുപത്തിയഞ്ചാം സ്ഥാപനവർഷികത്തോടനുബന്ധിച്ച് നൽകിയ കത്തിലാണ്, സഭാത്മകമായ നയതന്ത്ര പ്രവർത്തനങ്ങളിലുണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

സഭയുടെ നയതന്ത്രം സുവിശേഷത്തിൽനിന്നാണ് ഉത്ഭവിക്കുന്നതെന്നും, അത് തന്ത്രങ്ങളിൽ അടിസ്ഥാനമിട്ടുള്ളതല്ലെന്നും ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, ചിന്താപൂർവ്വമായ കാരുണ്യപ്രവർത്തനമാണതെന്ന് ഓർമ്മപ്പിച്ചു. വിജയികളെയോ പരാജിതരെയോ സൃഷ്ടിക്കാനല്ല, ആധികാരികമായ ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ വേണ്ടിയാണ് പരിശുദ്ധ സിംഹാസനത്തിന് വേണ്ടി നയതന്ത്രപ്രവർത്തനം നടത്തുന്നവർ പരിശ്രമിക്കുന്നതെന്നും പാപ്പാ എഴുതി.

ചെറിയവരെയും, മറ്റുള്ളവരാൽ ചെവികൊടുക്കപ്പെടാത്തവരെയും കേൾക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച പാപ്പാ, സംസാരിക്കപ്പെടുന്ന ഓരോ വാക്കുകൾക്കും പിന്നിൽ ഇത്തരം ശ്രവണമുണ്ടാകണമെന്നും, നയതന്ത്രജ്ഞർ ഐക്യം സൃഷ്ടിക്കുന്നവയാകണമെന്നും ഉദ്‌ബോധിപ്പിച്ചു. പാലങ്ങൾ പണിയാനായാണ് തന്റെ നയതന്ത്രജ്ഞർ വിളിക്കപ്പെട്ടിരിക്കുന്നവരെന്ന് പ്രസ്താവിച്ച പത്രോസിന്റെ പിൻഗാമി, മറ്റുള്ളവർക്ക് താങ്ങാകുന്ന അദൃശ്യപാലങ്ങളും, നന്മ പരാജയപ്പെടുന്നയിടങ്ങളിൽ പ്രത്യാശയുടെ പാലങ്ങളും പണിയാനാണ് അവരുടെ വിളിയെന്ന് വിശദീകരിച്ചു.

മരുഭൂമിയുടെ നിശബ്ദതയെ ദൈവവുമായുള്ള ഫലപ്രദമായ സംവാദമാക്കി മാറ്റിയ വിശുദ്ധ അന്തോനീസിനെപ്പോലെ, മറ്റുള്ളവരുമായി കൂടിക്കാഴ്ചകൾ നടത്താനും സംവദിക്കാനുമുള്ള ശക്തി പ്രാർത്ഥനയിൽനിന്ന് നേടുന്ന, ആഴമേറിയ ആത്മീയതയുടെ പുരോഹിതന്മാരാകാൻ പരിശുദ്ധ പിതാവ് തന്റെ നയതന്ത്രജ്ഞരോട് ആവശ്യപ്പെട്ടു.

ക്ലെമെന്റ് പതിനൊന്നാം പാപ്പായ്ക്ക് ശേഷം വന്ന പരിശുദ്ധ പിതാക്കന്മാർ അക്കാദമിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളെ പരാമർശിച്ച പാപ്പാ, ഫ്രാൻസിസ് പാപ്പാ, പ്രെദിക്കാത്തെ എവഞ്ചേലിയും വഴി, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ ഘടനയ്ക്കുള്ളിൽ അക്കാദമിയെ സ്ഥിരീകരിച്ചതും, പിന്നീട് 2025 മാർച്ച് 25-ന് പുറത്തുവിട്ട "പത്രോസിന്റെ ശുശ്രൂഷ" എന്ന പേരിലുള്ള രേഖ വഴി, അതിനെ നയതന്ത്രശാസ്ത്രഗവേഷണത്തിനും അക്കാദമിക പരിശീലനത്തിനും വേണ്ടിയുള്ള കേന്ദ്രമായും, പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രപ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ഉപകാരണമായും പ്രസ്താവിച്ചതും തന്റെ കത്തിൽ പ്രത്യേകം അനുസ്മരിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജനുവരി 2026, 14:01