തിരയുക

ദൈവമാതാവിന്റെ തിരുനാൾദിനമായ ജനുവരി ഒന്നിന് ലിയോ പതിനാലാമൻ പാപ്പാ അർപ്പിച്ച വിശുദ്ധ ബലിയർപ്പണത്തിൽനിന്ന് ദൈവമാതാവിന്റെ തിരുനാൾദിനമായ ജനുവരി ഒന്നിന് ലിയോ പതിനാലാമൻ പാപ്പാ അർപ്പിച്ച വിശുദ്ധ ബലിയർപ്പണത്തിൽനിന്ന്  (@VATICAN MEDIA)

ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ വിശ്വാസജീവിതത്തിലേക്ക് ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ

പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വവും ലോകസമാധാനദിനവും ആചരിക്കപ്പെടുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ, 2026 ജനുവരി ഒന്നാം തീയതി വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വിശുദ്ധബലിയർപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. പരിശുദ്ധ അമ്മയിലൂടെ മനുഷ്യനായി അവതരിക്കുന്ന ദൈവം ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ മാർഗ്ഗത്തിലൂടെയും, മറ്റുള്ളവരെ ക്ഷമയോടെ സ്വീകരിക്കുന്നതിലൂടെയും രക്ഷയുടെ അനുഭവം പകരുന്നവനാണെന്ന് പരിശുദ്ധപിതാവിന്റെ ഉദ്‌ബോധനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആയുധരഹിതവും, നിരായുധീകരിക്കുന്നതുമായ ഒരു വിശ്വാസജീവിതശൈലി സ്വന്തമാക്കാനും, ദൈവത്തിന്റെ സ്നേഹസാന്നിദ്ധ്യവും ക്ഷമയും തിരിച്ചറിഞ്ഞും പ്രവർത്തികമാക്കിയും ജീവിക്കാനും ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വവും ലോകസമാധാനദിനവും ആചരിക്കപ്പെടുന്ന ജനുവരി ഒന്നാം തീയതി രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വിശുദ്ധ ബലിയർപ്പിച്ച അവസരത്തിലാണ്, ക്രൈസ്തവജീവിതം പുതുവർഷാരംഭത്തിൽ മുന്നോട്ടുവയ്ക്കുന്ന ചിന്തകളെക്കുറിച്ച് പരിശുദ്ധ പിതാവ് സംസാരിച്ചത്.

ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹവും കരുണയും, അതോടുള്ള നമ്മുടെ സ്വാതന്ത്രപൂർണ്ണമായ പ്രതികരണവും ഒന്നുചേരുമെങ്കിൽ, ഓരോ ദിനവും ജീവിതത്തിലെ പുതിയൊരു തുടക്കമാകാമെന്ന് ഓർമ്മിപ്പിച്ച ലിയോ പതിനാലാമൻ പാപ്പാ ദൈവത്തിന്റെ സമാധാനവും കരുണയാർന്ന കടാക്ഷവും ഏവർക്കും ആശംസിച്ചു.

ക്രിസ്തുമസിന്റെയും, പുതുവർഷത്തിന്റെയും, ലോകസമാധാനദിനത്തിന്റെയും പശ്ചാത്തലത്തിൽ തന്റെ പ്രഭാഷണം നടത്തിയ പരിശുദ്ധ പിതാവ്, ദൈവമാതാവായിത്തീർന്ന പരിശുദ്ധ അമ്മയുടെ സഹകരണത്തോടെ ദൈവം നമുക്കിടയിലേക്ക് നഗ്നതയിലും ദുർബലമായ അവസ്ഥയിലുമാണ് കടന്നുവരുന്നതെന്ന് ഓർമ്മിപ്പിച്ചു. ലോകം രക്ഷിക്കപ്പെടുന്നത് അക്രമത്തിന്റെ മാർഗ്ഗത്തിലൂടെയല്ലെന്നും, ക്ഷമയിലൂടെയും, കണക്കുകൂട്ടലുകളോ ഭയമോ കൂടാതെ മറ്റുളളവരെ അംഗീകരിക്കുന്നതിലൂടെയുമാണെന്നും ക്രിസ്തുമസ് നമുക്ക് കാണിച്ചുതരുന്നുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ജനുവരി ആറാം തീയതി, എപ്പിഫനി തിരുനാൾ ദിനത്തിൽ, പ്രത്യാശയുടെ ജൂബിലി വർഷം അവസാനിക്കുകയാണെന്ന കാര്യം അനുസ്മരിപ്പിച്ച പാപ്പാ, 2000-ലെ ജൂബിലിയുടെ അവസരത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞതുപോലെ, ഇത്തവണത്തെ ജൂബിലിയും, ക്ഷമിക്കാനും ക്ഷമ സ്വീകരിക്കാനുമുള്ള അവസരമായിരുന്നുവെന്നും,  ദൈവത്തിന്റെ രക്ഷാകരസാന്നിദ്ധ്യം തിരിച്ചറിയാനുള്ള ഒരു സമയമായിരുന്നുവെന്നും ഓർമ്മിപ്പിച്ചു.

വിശുദ്ധ ഗ്രന്ഥത്തിലെ സംഖ്യയുടെ പുസ്തകത്തിൽനിന്നുള്ളതും, ഫ്രാൻസിസ് അസ്സീസി ഉപയോഗിച്ചിരുന്നതുമായ "കർത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ; അവൻ തന്റെ തിരുമുഖം നിനക്ക് വെളിപ്പെടുത്തുകയും, നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ; അവൻ നിന്നെ കടാക്ഷിക്കുകയും നിനക്ക് സമാധാനം നൽകുകയും ചെയ്യട്ടെ" എന്ന ആശീർവാദം പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിന്റെ ആരംഭത്തിൽ പരാമർശിച്ചിരുന്നു. ജനുവരി ഒന്നിന് ഉച്ചയ്ക്ക് വത്തിക്കാനിൽ ത്രികാലജപ്രാർത്ഥന നയിച്ച അവസരത്തിലും പാപ്പാ ഇതേ ആശീർവാദം ആവർത്തിച്ചിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ജനുവരി 2026, 13:32