പൊതുകൂടിക്കാഴ്ചാസമ്മേളനത്തിനെത്തിയ പാപ്പാ ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നു പൊതുകൂടിക്കാഴ്ചാസമ്മേളനത്തിനെത്തിയ പാപ്പാ ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നു  (ANSA)

രണ്ടാം വത്തിക്കാൻ കൗൺസിലിനെ അടുത്തറിയാനും പഠിക്കാനും ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാനിൽ ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചയുടെ പുതിയൊരു പരമ്പരയാണ് ഈ വർഷത്തിലെ ആദ്യ ബുധനാഴ്ചയായ 2026 ജനുവരി ഏഴാം തീയതി ലിയോ പതിനാലാമൻ പാപ്പാ ആരംഭിച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും അതിലെ പ്രധാന രേഖകളുടെയും പ്രാധാന്യവും സഭയിൽ അവയുടെ സാംഗത്യവും വിശകലനം ചെയ്യുന്ന ഒരു ഉദ്ബോധനപരമ്പരയ്ക്കാണ് പരിശുദ്ധ പിതാവ് തുടക്കം കുറിച്ചത്. യൂറോപ്പിൽ അതിശൈത്യമായതിനാൽ, ഈ ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ച വത്തിക്കാനുള്ളിലെ പോൾ ആറാമൻ ശാലയിലാണ് നടന്നത്. "രണ്ടാം വത്തിക്കാൻ കൗൺസിൽ, അതിന്റെ രേഖകളിലൂടെ" എന്ന വിഷയത്തിൽ ആധാരമാക്കിയ ഈ ഉദ്ബോധനപാരമ്പരയുടെ ആദ്യദിനത്തിലെ പ്രബോധനം ഹെബ്രായർക്കുള്ള ലേഖനം പതിമൂന്നാം അദ്ധ്യായം ഏഴ് മുതൽ ഒൻപത് വരെയുള്ള വാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പാപ്പാ നടത്തിയത്. പാപ്പായുടെ പ്രഭാഷണത്തിന് മുൻപായി ഈ വചനഭാഗം വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു. ഈ തിരുവചനഭാഗം ഇപ്രകാരമായിരുന്നു:

"നിങ്ങളോടു ദൈവവചനം പ്രസംഗിച്ച നേതാക്കന്മാരെ ഓർക്കുവിൻ. അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം അനുകരിക്കുവിൻ. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആൾ തന്നെയാണ്. വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധാനങ്ങൾ നിങ്ങളെ വഴിതെറ്റിക്കരുത്." (ഹെബ്രാ. 13, 7-9).

വചനവായനയ്ക്ക് ശേഷം പരിശുദ്ധ പിതാവ് ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

സഹോദരീസഹോദരന്മാരെ ശുഭദിനം, സ്വാഗതം!

യേശുവിന്റെ ജീവിത രഹസ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ജൂബിലിവർഷത്തിന് ശേഷം, നമുക്ക് പുതിയൊരു ഉദ്ബോധന പരമ്പര ആരംഭിക്കാം. ഇത്, രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ രേഖകളുടെ പുനർവായനയെയും കുറിച്ചുള്ളതായിരിക്കും. സഭാത്മകമായ ഈയൊരു സംഭവത്തിന്റെ ഭംഗിയും പ്രാധാന്യവും വീണ്ടും കണ്ടെത്താനുള്ള  അമൂല്യമായ ഒരു അവസരമായിരിക്കും ഇത്. 2000-ലെ ജൂബിലിയുടെ അവസാനം വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഇങ്ങനെ പ്രസ്താവിച്ചു: “സഭയ്ക്ക് ഇരുപതാം നൂറ്റാണ്ടിൽ ലഭിച്ച വലിയ കൃപയെന്ന നിലയിൽ കൗൺസിലിനെ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം എനിക്ക് എക്കാലത്തേക്കാളും കൂടുതലായി തോന്നുന്നു” (അപ്പ. ലേഖനം. നോവോ മില്ലേന്നിയോ ഇനെവുന്തേ, 57).

നിഖ്യ സൂനഹദോസിന്റെ വാർഷികത്തിനൊപ്പം 2025-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അറുപതാം വാർഷികവും നമ്മൾ അനുസ്മരിച്ചു. ഈയൊരു സംഭവത്തിൽനിന്ന് നമ്മെ വേർതിരിക്കുന്ന സമയം അത്ര വലുതല്ലെങ്കിലും, മറുഭാഗത്ത്, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മെത്രാന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും വിശ്വാസികളുടെയും തലമുറ ഇപ്പോഴില്ല എന്നതും സത്യമാണ്. അതുകൊണ്ടുതന്നെ, കൗൺസിൽ ഉയർത്തിയ പ്രവാചകസ്വരം ഇല്ലാതാകാതിരിക്കാനും, അത് മുന്നോട്ടുവച്ച ഉൾക്കാഴ്ചകൾ പ്രവർത്തികമാക്കുന്നതിനുള്ള വഴികൾ തേടാനുമുള്ള വിളി തിരിച്ചറിയുമ്പോൾ, പറഞ്ഞുകേട്ടതനുസരിച്ചോ, അതിനെക്കുറിച്ച് നൽകപ്പെട്ട വ്യാഖ്യാനങ്ങളിലൂടെയോ അല്ലാതെ, അതിന്റെ രേഖകൾ വീണ്ടും വായിച്ചും, അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് വിചിന്തനം ചെയ്തും, അതിനെ വീണ്ടും അടുത്തുനിന്ന് അറിയുക എന്നത് പ്രധാനപ്പെട്ടതാണ്. ഇപ്പോഴും സഭയുടെ വിശ്വാസയാത്രയ്ക്ക് വഴികാട്ടുന്ന നക്ഷത്രമായിത്തുടരുന്ന ഔദ്യോഗിക ഉദ്ബോധനത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. ബെനഡിക്ട് പതിനാറാമൻ ഉദ്ബോധിപ്പിച്ചിരുന്നതുപോലെ, "വർഷങ്ങൾ കടന്നുപോകുന്നതുകൊണ്ട്, ഈ രേഖകളുടെ സമകാലീനത നഷ്ടപ്പെട്ടിട്ടില്ല; അവയുടെ ഉദ്ബോധനങ്ങൾ സഭയിലെ ആധുനിക സംഭവങ്ങൾക്കും, ആഗോളവത്കരിക്കപ്പെട്ട സമൂഹത്തിനും മുന്നിൽ ഏറെ പ്രാധാന്യമുള്ളവയായി കാണപ്പെടുന്നു" (2025 ഏപ്രിൽ 20-ന് കോൺക്ലേവിൽ വോട്ടവകാശമുള്ള കർദ്ദിനാൾമാർക്കൊപ്പം അർപ്പിച്ച വിശുദ്ധ ബലിക്ക് ശേഷം നൽകിയ സന്ദേശം).

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ, 1962 ഒക്ടോബർ 11-ന് കൗൺസിൽ സമ്മേളനം ആരംഭിച്ചപ്പോൾ, അതേക്കുറിച്ച്, സഭയ്ക്ക് മുഴുവനുമായുള്ള പ്രകാശത്തിന്റെ ദിവസത്തിന്റെ പ്രഭാതം എന്നതുപോലെയാണ് സംസാരിച്ചത്. എല്ലാ ഭൂഖണ്ഡങ്ങളിളെയും സഭയിൽനിന്ന് വിളിക്കപ്പെട്ട് വന്ന അനേകം സിനഡ് പിതാക്കന്മാരുടെ പ്രവർത്തനങ്ങൾ ഒരു നവമായ സഭാകാലഘട്ടത്തിനുള്ള വഴി തെളിക്കുകയായിരുന്നു. ബൈബിൾ, ദൈവശാസ്ത്ര, ആരാധനാക്രമങ്ങളെക്കുറിച്ച് പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന അർത്ഥപൂർണ്ണമായ വിചിന്തനങ്ങൾക്ക് ശേഷം, ക്രിസ്തുവിൽ നമ്മെ തന്റെ പുത്രരാകുവാൻ വിളിക്കുന്ന ഒരു പിതാവെന്ന നിലയിൽ ദൈവത്തിന്റെ മുഖം രണ്ടാം വത്തിക്കാൻ കൗൺസിൽ വീണ്ടും കണ്ടെത്തി; കൗൺസിൽ, ജനതകളുടെ പ്രകാശമായ ക്രിസ്തുവിന്റെ പ്രകാശത്തിൽ സഭയെ, ഐക്യത്തിന്റെ രഹസ്യവും, ദൈവവും അവന്റെ ജനവുമായുള്ള ഐക്യത്തിന്റെ കൂദാശയുമെന്ന നിലയിൽ നോക്കിക്കണ്ടു; രക്ഷയുടെ രഹസ്യത്തിനും, ദൈവജനത്തിന്റെ സജീവവും, തിരിച്ചറിവോടെയുമുള്ള പങ്കാളിത്തത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, കൗൺസിൽ ഒരു പ്രധാനപ്പെട്ട ആരാധനാക്രമനവീകരണം ആരംഭിച്ചു. അതേസമയം, മാനവികതയ്ക്ക് നേരെ തന്റെ കരങ്ങൾ തുറക്കാൻ ആഗ്രഹിക്കുന്ന ഒരു സഭയെന്ന നിലയിലും,  ജനതകളുടെ പ്രതീക്ഷകളുടെയും ആശങ്കകളുടെയും പ്രതിധ്വനിയാകാൻ വേണ്ടിയും, കൂടുതൽ നീതിപൂർണ്ണവും സഹോദര്യപൂർണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ സഹകരിക്കാൻ വേണ്ടിയും, സംവാദങ്ങളിലൂടെയും പങ്കാളിത്ത ഉത്തരവാദിത്വത്തിലൂടെയും ആധുനിക ലോകത്തിന്റെ മാറ്റങ്ങളെയും വെല്ലുവിളികളെയും സ്വീകരിക്കാൻ വേണ്ടി ലോകത്തിലേക്ക് തുറക്കാൻ നമ്മെ ഈ കൗൺസിൽ സഹായിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിൽ കാരണം, എക്യൂമെനിസത്തിന്റെയും, മതാന്തരസംവാദങ്ങളുടെയും, സന്മനസ്സുള്ള വ്യക്തികളുമായുള്ള സംവാദങ്ങളുടെയും പാതയിലൂടെ സത്യം അന്വേഷിക്കാൻ ശ്രമിച്ചുകൊണ്ട്, സഭ വാക്കാകുകയും, സന്ദേശമാകുകയും, സംവാദമാകുകയും ചെയ്യുന്നു (വിശുദ്ധ പോൾ ആറാമൻ, ചാക്രികലേഖനം, എക്ലേസിയാം സുവാം, 67).

ഈയൊരു ചിന്താഗതിയും, ഈയൊരു ആന്തരികമനോഭാവവും നമ്മുടെ അദ്ധ്യാത്മികജീവിതത്തെയും സഭയുടെ അജപാലനപ്രവർത്തനത്തെയും രൂപീകരിക്കേണ്ടതുണ്ട്, കാരണം നാം ഇനിയും, ശുശ്രൂഷാപരമായ രീതിയിൽ, കൂടുതലായി സഭാത്മകനവീകരണം യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. അതോടൊപ്പം, ആധുനികമായ വെല്ലുവിളികൾക്ക് മുന്നിൽ, നമ്മൾ കാലത്തിന്റെ അടയാളങ്ങളുടെ ശ്രദ്ധയുള്ള വ്യാഖ്യാതാക്കളായി തുടരാനും, സുവിശേഷത്തിന്റെ സന്തോഷമുള്ള പ്രഘോഷകരും, നീതിയുടെയും സമാധാനത്തിന്റെയും ധൈര്യമുള്ള സാക്ഷികളുമാകാൻ വിളിക്കപ്പെട്ടവരാണ്. വിത്തോറിയോ വേനെത്തോ രൂപതയുടെ മെത്രാനെന്ന നിലയിൽ മോൺസിഞ്ഞോർ അൽബീനോ ലൂച്യാനി എന്ന ഭാവി ജോൺ പോൾ ഒന്നാമൻ പാപ്പാ കൗൺസിലിന്റെ ആരംഭത്തിൽ പ്രവാചകസ്വരത്തിൽ ഇങ്ങനെ എഴുതി: "എന്നത്തേയും പോലെ, സംഘടനകളും മാർഗ്ഗങ്ങളും സ്ഥാപനങ്ങളുമെന്നതിനേക്കാൾ, കൂടുതൽ ആഴവും പരപ്പുമുള്ള വിശുദ്ധി സാധ്യമാക്കേണ്ടതിന്റെ ആവശ്യമാണുള്ളത്. ഒരുപക്ഷെ ഒരു കൗൺസിലിന്റെ മെച്ചപ്പെട്ടതും വർദ്ധിച്ചതുമായ ഫലങ്ങൾ കാണപ്പെടുന്നത് നൂറ്റാണ്ടുകൾക്ക് ശേഷമാകാം, അവ വൈരുദ്ധ്യങ്ങളെയും പ്രതികൂലസാഹചര്യങ്ങളെയും ബുദ്ധിമുട്ടി അതിജീവിച്ചുകൊണ്ടാകാം പാകപ്പെടുന്നത്." ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ, കൗൺസിലിനെ കൂടുതലായി മനസ്സിലാക്കുന്നത്, "ദൈവത്തിനും, തന്റെ കർത്താവിനോടും അവനാൽ സ്നേഹിക്കപ്പെടുന്ന എല്ലാ മനുഷ്യരോടുമുള്ള ഭ്രാന്തമായ സ്നേഹമുള്ള ഒരു സഭയ്ക്കും പ്രമുഖ സ്ഥാനം കൊടുക്കുന്നതിന് നമ്മെ സഹായിക്കും" (രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അറുപതാം വാർഷികരംഭത്തിൽ നടത്തിയ പ്രഭാഷണം, 2022 ഒക്ടോബർ 11).

സഹോദരീസഹോദരന്മാരെ, വിശുദ്ധ പോൾ ആറാമൻ, കൗൺസിൽ പ്രവർത്തനങ്ങളുടെ അവസാനം കൗൺസിൽ പിതാക്കന്മാരോടു പറഞ്ഞത് ഇന്ന് നമുക്കും, ഒരു മാർഗ്ഗനിർദ്ദേശമായി നിൽക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു, ഇതാ, ഭൂത, വർത്തമാന, ഭാവികാലങ്ങൾ ഒന്നുചേർന്ന കൃപയുടെ ഒരു സമയം ജീവിച്ചുവെന്ന തിരിച്ചറിവിൽ, കൗൺസിൽ അസ്സംബ്ലി കഴിഞ്ഞ്, മാനവികതയെ കണ്ടുമുട്ടാനും, അതിന് സുവിശേഷത്തിന്റെ സദ്‌വാർത്ത എത്തിക്കാനുമായുള്ള യാത്രയുടെ സമയമായിരിക്കുന്നു. "ഭൂതകാലം, കാരണം, ഇവിടെ ക്രിസ്തുവിന്റെ സഭ അതിന്റെ പാരമ്പര്യങ്ങളോടും, ചരിത്രത്തോടും, സൂനഹദോസുകളോടും, പണ്ഡിതന്മാരോടും വിശുദ്ധരോടുമൊപ്പം സമ്മേളിച്ചിരിക്കുന്നു. വർത്തമാനകാലം, കാരണം നാം ഇന്നത്തെ ലോകത്തിലേക്ക് അതിന്റേതായ ദുരിതങ്ങളും ദുഖങ്ങളും പാപങ്ങളും മാത്രം കൊണ്ടല്ല, അതിന്റെ സമ്പന്നമായ നേട്ടങ്ങളും, അതിന്റെ മൂല്യങ്ങളും പുണ്യങ്ങളും കൊണ്ടുകൂടിയാണ് പോകുന്നത്. അവസാനമായി ഭാവികാലം, അത്, കൂടുതലായ നീതിക്ക് വേണ്ടിയുള്ള ജനതകളുടെ വലിയ അപേക്ഷയിലും, അവരുടെ സമാധാനത്തിനുംവേണ്ടിയുള്ള ആഗ്രഹത്തിലും, ക്രിസ്തുവിന്റെ സഭ അവർക്ക് നൽകാൻ കഴിയുന്നതും അതിന് ആഗ്രഹിക്കുന്നതുമായ ഉന്നതമായ ഒരു ജീവിതത്തിനുവേണ്ടിയുള്ള അവരുടെ അറിഞ്ഞോ അറിയാതെയോ ഉള്ള ദാഹത്തിലുമാണ്" (വി. പോൾ ആറാമൻ, കൗൺസിൽ പിതാക്കന്മാർക്കുള്ള സന്ദേശം, 1965 ഡിസംബർ 8).

നമുക്കും ഇത് ബാധകമാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകളോട് ചേർന്ന് നിന്നുകൊണ്ടും, അതിന്റെ പ്രവാചനപരതയും പ്രസക്തിയും തിരിച്ചറിയുന്നതുവഴിയും, സഭാജീവിതത്തിന്റെ ധന്യമായ പാരമ്പര്യത്തെ നമുക്ക് സ്വീകരിക്കാം. അതേസമയം നമ്മുടെ വർത്തമാനകാലത്തെ വിശകലനം ചെയ്യുകയും, ലോകത്തിലേക്ക് ദൈവരാജ്യത്തിന്റെ, സ്നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും രാജ്യത്തിന്റെ സുവിശേഷം എത്തിക്കുന്നതിനുള്ള ആനന്ദം നവീകരിക്കുകയും ചെയ്യാം.

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ജനുവരി 2026, 13:07

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >