തിരയുക

പിതാവിനെ കുറിച്ചുള്ള സത്യം നമുക്ക് വിശദീകരിക്കുന്നത് യേശുവിന്റെ അവിഭാജ്യമായ മാനുഷികഭാവമാണ്: പാപ്പാ

ജനുവരി ഇരുപതിയൊന്നാം തീയതി ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജനുവരി ഇരുപത്തിയൊന്ന്  ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ, തന്റെ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കായി, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ എത്തി. "ദേയി വേർബും" (Dei Verbum) എന്ന ദൈവികവെളിപാടിനെക്കുറിച്ചുള്ള പ്രമാണരേഖയെ  ആധാരമാക്കി, 'യേശുക്രിസ്തു, പിതാവിനെ വെളിപ്പെടുത്തുന്നവൻ' എന്ന ശീർഷകത്തിൽ ദൈവ-മനുഷ്യ ബന്ധത്തിൽ - മധ്യസ്ഥനായ ക്രിസ്തുവിന്റെ പ്രാധാന്യത്തെയാണ്  പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു പഠിപ്പിച്ചത്.

പാപ്പായുടെ പ്രഭാഷണത്തിന് മുൻപായി, വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാലാം  അദ്ധ്യായം ആറു  മുതൽ എട്ടു വരെയുള്ള  തിരുവചനങ്ങൾ  വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു. ആ വചനം ഇപ്രകാരമായിരുന്നു:

“യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു.  പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി.യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. (യോഹന്നാൻ 14, 6-8)

പ്രിയ സഹോദരന്മാരെ, സഹോദരിമാരെ സുപ്രഭാതം ഏവർക്കും സ്വാഗതം

ദൈവീക വെളിപാടിനെ കുറിച്ചുള്ള രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പ്രമാണരേഖയായ ദേയി വേർബും അടിസ്ഥാനമാക്കിയ ഉദ്ബോധനപരമ്പര നാം തുടരുകയാണ്.  സംഭാഷണത്തിന്റെ ഉടമ്പടി വഴിയായി  ദൈവം മനുഷ്യരോട്, സുഹൃത്തുക്കളോടെന്നപോലെ സംസാരിക്കുന്നു എന്നതാണ് നാം കണ്ടത്. അതിനാൽ ഇത്  ബന്ധങ്ങളുടെ ജ്ഞാനമാണ്, ഇവിടെ ആശയങ്ങൾ മാത്രം  കൈമാറ്റം ചെയ്യപ്പെടുകയല്ല, മറിച്ച്, ഒരു ചരിത്രം പങ്കുവയ്ക്കപ്പെടുകയും, അന്യോന്യമുള്ള കൂട്ടായ്മയിലേക്ക് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. ഈ വെളിപ്പെടുത്തലിന്റെ പൂർത്തീകരണം ദൈവം തന്നെത്തന്നെ അവതരിപ്പിച്ചുകൊണ്ട് സമർപ്പിക്കുന്നതിലും, ആഴമേറിയ സത്യത്തിൽ നാം നമ്മെത്തന്നെ അറിയുകയും ചെയ്യുന്ന ചരിത്രപരവും, വ്യക്തിപരവുമായ കണ്ടുമുട്ടലിലാണ്. ഇതാണ് യേശുക്രിസ്തുവിൽ സംഭവിച്ചത്. പ്രമാണരേഖ ഇപ്രകാരമാണ് പറയുന്നത്, "ഈ വെളിപാട് വഴി ദൈവത്തെക്കുറിച്ചും, മനുഷ്യരക്ഷയെക്കുറിച്ചുമുള്ള അഗാധ സത്യങ്ങൾ ക്രിസ്തുവിൽ നിതരാം പ്രസ്പഷ്ടമാകുന്നു. ക്രിസ്തുവാണ് എല്ലാ ദൈവീക വെളിപാടിന്റെയും മധ്യസ്ഥ്യൻ; അതേസമയം അതിന്റെ പൂർണ്ണതയും അവിടുന്ന് തന്നെ." (ദേയി വേർബും, 2)

യേശു പിതാവുമായുള്ള ബന്ധത്തിൽ നമ്മെ ഉൾപ്പെടുത്തിക്കൊണ്ട് അവനെ നമുക്ക് വെളിപ്പെടുത്തുന്നു. പിതാവായ ദൈവം അയച്ച പുത്രനിൽ  " മനുഷ്യർക്ക് ....ക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിൽ പിതാവിന്റെ പക്കലേക്ക് പ്രവേശനവും, ദൈവീക സ്വഭാവത്തിൽ ഓഹരിയും ലഭിക്കുന്നു." (ദേയി വേർബും, 2). അതിനാൽ, ആത്മാവിന്റെ പ്രവർത്തനത്താൽ പുത്രന്റെ പിതാവുമായുള്ള ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ നാം ദൈവത്തെക്കുറിച്ചുള്ള പൂർണ്ണ പരിജ്ഞാനം നേടുന്നു. ഉദാഹരണത്തിന്, കർത്താവിന്റെ ആഹ്ലാദപ്രാർത്ഥനയെക്കുറിച്ച് നമ്മോട് പറയുമ്പോൾ  സുവിശേഷകനായ ലൂക്ക  ഇതിനു സാക്ഷ്യം പറയുന്നു: "ആ സമയംതന്നെ പരിശുദ്ധാത്മാവില്‍ ആനന്ദിച്ച്, അവന്‍ പറഞ്ഞു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍നിന്നും ബുദ്ധിമാന്‍മാരില്‍നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രനും, പുത്രന്‍ ആര്‍ക്കു വെളി പ്പെടുത്താനാഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല." (ലൂക്ക 10:21-22)

യേശുവിന് നന്ദി, എന്നാല്‍, ഇപ്പോള്‍ നാം  ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നമ്മെ  അറിയുന്നു. (ഗലാത്തിയ 4,9; 1 കോറി 13,13). വാസ്തവത്തിൽ, ക്രിസ്തുവിൽ, ദൈവം നമ്മോട് ആശയവിനിമയം നടത്തുകയും അതേ സമയം, വചനത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട മക്കളെന്ന  നിലയിൽ നമ്മുടെ യഥാർത്ഥ വ്യക്തിത്വം  നമുക്ക് പ്രകടമാക്കുകയും ചെയ്തിരിക്കുന്നു. ഈ നിത്യവചനം, പിതാവിന്റെ ദൃഷ്ടിയിൽ അവരുടെ സത്യം വെളിപ്പെടുത്തിക്കൊണ്ട്, സകല മനുഷ്യരെയും പ്രബുദ്ധരാക്കുന്നു" (ദേയി വേർബും, 4). "രഹസ്യമായി കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്ക് പ്രതിഫലം നൽകും" (മത്തായി 6 : 4, 6, 8). യേശു പറയുന്നു; "നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ് അറിയുന്നു"( മത്തായി 6 :32). യേശുക്രിസ്തു പിതാവായ ദൈവത്തിന്റെ സത്യം നാം തിരിച്ചറിയുന്ന സ്ഥലമാണ്, നാം ആ പുത്രനിൽ മക്കളായി അറിയപ്പെടുകയും, പൂർണ്ണ ജീവിതത്തിന്റെ അതേ വിധിയിലേക്ക് വിളിക്കപ്പെടുകയും ചെയ്തിരിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹ എഴുതുന്നു: "എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; . അങ്ങനെ, നമ്മെ പുത്രന്‍മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി. നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്ബാ!-പിതാവേ! എന്നു വിളിക്കുന്നതന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു." (ഗലാ 4:4-6).

അവസാനമായി, യേശുക്രിസ്തു സ്വന്തം മാനവികഭാവത്തിൽ  പിതാവിനെ വെളിപ്പെടുത്തുന്നവനാണ്. മനുഷ്യർക്കിടയിൽ  വസിക്കുന്ന അവതാര വചനമായതിനാൽ  , യേശു തന്റെ യഥാർത്ഥവും അവിഭാജ്യവുമായ മാനവികതയോടെ, അവന്റെ സകല സാന്നിധ്യത്തോടും പ്രകടനത്തോടും,  അവന്റെ വാക്കുകളോടും പ്രവൃത്തികളോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും കൂടി, എല്ലാറ്റിനുമുപരിയായി അവിടുത്തെ മരണത്തിലൂടെയും മരിച്ചവരിൽ നിന്നുള്ള മഹത്വപൂർണ്ണമായ പുനരുത്ഥാനത്തിലൂടെയും ഒടുവിൽ  സത്യാത്മാവിനെ അയച്ചുകൊണ്ടും, അത് നിവർത്തിച്ചുകൊണ്ട് വെളിപാട് പൂർത്തിയാക്കുന്നതിലൂടെയും ദൈവത്തെ നമുക്ക് വെളിപ്പെടുത്തുന്നു: "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു."(യോഹന്നാൻ 14,9), (ദേയി വേർബും 4). ക്രിസ്തുവിൽ ദൈവത്തെ അറിയാൻ നാം അവന്റെ അവിഭാജ്യ മാനവികതയെ അംഗീകരിക്കണം: യേശുവിന്റെ മാനവികതയുടെ സമഗ്രത ദൈവത്തിന്റെ ദാനത്തിന്റെ പൂർണ്ണതയെ കുറയ്ക്കാത്തതുപോലെ, മനുഷ്യനിൽ നിന്നും നാം എന്തെങ്കിലും ഒഴിവാക്കുന്നിടത്ത് ദൈവത്തിന്റെ സത്യം പൂർണ്ണമായി വെളിപ്പെടുന്നില്ല. പിതാവിനെ കുറിച്ചുള്ള സത്യം നമുക്ക് വിശദീകരിക്കുന്നത് യേശുവിന്റെ അവിഭാജ്യമായ മാനുഷികഭാവമാണ്(യോഹന്നാൻ 1,18).

നമ്മെ രക്ഷിക്കുകയും വിളിക്കുകയും ചെയ്യുന്നത് യേശുവിന്റെ മരണവും പുനരുത്ഥാനവും മാത്രമല്ല, അവന്റെ വ്യക്തിത്വം തന്നെയാണ്: നമുക്കിടയിൽ അവതരിക്കുന്ന, ജനിക്കുന്ന, പരിപാലിക്കുന്ന, പഠിപ്പിക്കുന്ന, കഷ്ടപ്പെടുന്ന, മരിക്കുന്ന, ഉയിർത്തെഴുന്നേൽക്കുന്ന, നമ്മുടെ ഇടയിൽ തുടരുന്ന  കർത്താവിന്റെ വ്യക്തിത്വം. അതിനാൽ, മനുഷ്യ അവതാരത്തിന്റെ മഹത്വത്തെ ബഹുമാനിക്കുന്നതിന് , ബൗദ്ധിക സത്യങ്ങളുടെ കൈമാറ്റത്തിനുള്ള ഉപാധിയായി  യേശുവിനെ പരിഗണിച്ചാൽ മാത്രം പോരാ. യേശുവിന് ഒരു യഥാർത്ഥ ശരീരമുണ്ടെങ്കിൽ, ദൈവത്തിന്റെ സത്യത്തിന്റെ ആശയവിനിമയം ആ ശരീരത്തിൽ, യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്നതിനും അനുഭവിക്കുന്നതിനുമുള്ള സ്വന്തം രീതിയിൽ, ലോകത്തിൽ ആയിരുന്നുകൊണ്ടും, അവയിൽ നിന്ന് കടന്നുപൊയ്ക്കൊണ്ടും, സാക്ഷാത്കരിക്കപ്പെടുന്നു. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള തന്റെ ദർശനം പങ്കിടാൻ യേശു തന്നെ നമ്മെ ക്ഷണിക്കുന്നു: "ആകാശത്തിലെ പക്ഷികളെ നോക്കുക", അദ്ദേഹം പറയുന്നു, "അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ ശേഖരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അവരെ പോറ്റുന്നു. നിങ്ങൾക്ക് അവരെക്കാൾ  വിലയില്ലേ?" (മത്തായി 6:26).

സഹോദരീ സഹോദരന്മാരേ, യേശുവിന്റെ യാത്രയുടെ അഗാധതയിൽ നാം അവനെ പിൻപറ്റുമ്പോൾ, ദൈവീക സ്നേഹത്തിൽ നിന്നും നമ്മെ വേര്പെടുത്തുവാൻ ഒന്നിനും സാധിക്കില്ല എന്ന ഉറപ്പിലേക്ക് നാം എത്തിച്ചേരുന്നു.  ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്‍ക്കും?" , വിശുദ്ധ പൗലോസ് എഴുതുന്നു, "സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ?" (റോമാ 8,31-32). യേശുവിനു നന്ദി, ക്രിസ്ത്യാനി പിതാവായ ദൈവത്തെ അറിയുകയും വിശ്വാസത്തോടെ അവനു സ്വയം സമർപ്പിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജനുവരി 2026, 10:34