സമർപ്പിതർ തങ്ങളുടെ സ്വത്വം തിരിച്ചറിയുകയും, ആധികാരികമായി നിർവ്വചിക്കുകയും വേണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സുവിശേഷത്തിന്റെ ശക്തിയാൽ സഭ പുനരുജ്ജീവിപ്പിക്കപ്പെടുന്നുവെന്നും, ആത്മാവ് അവളെ നിരന്തരം പുതുക്കുകയും ചെയ്യുന്നുവെന്നുമുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വാക്കുകൾ ഓർമ്മപ്പെടുത്തിക്കൊണ്ടാണ്, ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി, "റേഞ്ഞും ക്രിസ്തി"അപ്പസ്തോലിക ജീവിത സൊസൈറ്റി (Society of Apostolic Life) അംഗങ്ങൾക്ക്, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് അനുവദിച്ചു, സന്ദേശം നല്കിയത്. ദൈവജനത്തെ വിശുദ്ധീകരിക്കുകയും അവരെ നയിക്കുകയും സദ്ഗുണങ്ങളാൽ അലങ്കരിക്കുകയും അവരുടെ ഉന്നമനത്തിനായി പ്രത്യേക കൃപകളാൽ സമ്പന്നരാക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ പ്രവർത്തനത്തെയാണ് കൗൺസിൽ അടിവരയിട്ടു പറയുന്നതെന്നും പാപ്പാ അനുസ്മരിച്ചു.
സമർപ്പിത ജീവിതത്തിലും പരിശുദ്ധാത്മാവ് നൽകുന്ന ദാനങ്ങളെ അടിവരയിട്ട പാപ്പാ, ഇന്ന് ലോകവുമായി ആധികാരികമായി സംവദിക്കണമെങ്കിൽ നാം ആരാണെന്ന് അറിയേണ്ടത് ഇന്ന് എന്നത്തേക്കാളും ആവശ്യമാണെന്നും, വിളിയുടെ ലക്ഷ്യമായ സുവിശേഷവത്ക്കരണം സാധ്യമാക്കുന്നതിനു, നമ്മുടെ സ്വത്വം തിരിച്ചറിയുകയും, ആധികാരികമായി നിർവ്വചിക്കുകയും വേണമെന്നും കൂട്ടിച്ചേർത്തു.
ആത്മീയ വരങ്ങൾ (കാരിസം) സ്വീകരിക്കുന്ന ഓരോ വ്യക്തിയും, അത് ജീവിക്കാൻ വിളിക്കപ്പെടുന്നുവെന്നും, എന്നാൽ അത് ഒരു നിശ്ചലമായ രീതിയിൽ സംരക്ഷിക്കപ്പെടേണ്ട ഒന്നല്ല , മറിച്ച് സർഗ്ഗാത്മകമായും സ്വതന്ത്രമായും ഒഴുകുന്ന ഒരു സുപ്രധാന ശക്തിയായി മാറുന്നതാകണമെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
ആധികാരിക വിവേചനത്തിന്റെ അന്തരീക്ഷത്തിൽ പക്വതയുള്ള തീരുമാനമെടുക്കുവാൻ ഭരണാധികാരികൾക്ക്, ഏറ്റവും ആവശ്യം കൂട്ടായ്‍മയാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. അപ്പസ്തോലിക ജീവിത സൊസൈറ്റികളിൽ ഭരണം അത്യാവശ്യമായ ഒരു സേവനമാണെന്ന് പറഞ്ഞ പാപ്പാ, അത് സഹോദരിമാരെയും സഹോദരങ്ങളെയും വിശ്വസ്തതയിലേക്ക് നയിക്കുവാൻ ഉതകുന്നുവെന്നും കൂട്ടിച്ചേർത്തു. ഓരോ സ്ഥാപനവും ഓരോ സമൂഹവും അവരുടെ പ്രത്യേക ആത്മീയവരങ്ങൾക്കും, ആത്മീയതയ്ക്കും യോജിച്ചുകൊണ്ട് ഒരു ശൈലി തിരിച്ചറിയാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നതും അടിവരയിട്ടു പറഞ്ഞു. ഇത് ക്രിസ്തുവിലേക്ക് ഏവരെയും അടുപ്പിക്കുകയും, അവനുമായി താദാത്മ്യം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
കൂട്ടായ്മയും സഹ-ഉത്തരവാദിത്തവും സമൂഹങ്ങളിൽ സൃഷ്ടിക്കണമെന്നും, ഭരണത്തിന്റെ പുതിയ മാതൃകകൾ പരീക്ഷിക്കാൻ ഭയപ്പെടരുതെന്നും പാപ്പാ ആഹ്വാനം ചെയ്തു. പൊതു ദൗത്യത്തിൽ സ്വന്തമെന്ന ബോധവും പങ്കാളിത്തവും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പാതകൾ തുറക്കണമെന്നതും പാപ്പാ ഓർമ്മപ്പെടുത്തി.
തുടർന്ന് കൂട്ടായ്‌മയുടെ പ്രാധാന്യവും പാപ്പാ എടുത്തു പറഞ്ഞു. "എല്ലാ വിശ്വാസികളും ക്രിസ്തുവിൽ അവരുടെ പുനരുജ്ജീവനത്തിന്റെ ഫലമായി ഒരു പൊതു അന്തസ്സ് പങ്കിടുന്നു. എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണ്. ഓരോരുത്തരും അവരവരുടെ തൊഴിലിനും ആത്മാവിൽ നിന്ന് ലഭിച്ച ദാനത്തിനും അനുസരിച്ച് ക്രിസ്തുവിന്റെ ഏകശരീരം കെട്ടിപ്പടുക്കുന്നതിൽ സഹകരിക്കുന്നു", എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളും പാപ്പാ സന്ദേശത്തിൽ ഉദ്ധരിച്ചു. ഓരോ ദൈവവിളിയും മറ്റുള്ളവർക്കുള്ള സേവനമാക്കി മാറ്റുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് വൈവിധ്യത്തിലെ ജീവനുള്ള കൂട്ടായ്മയെന്നും പാപ്പാ എടുത്തു പറഞ്ഞു. മനുഷ്യരാശിയെ മോചിപ്പിക്കാൻ ദൈവം തന്റെ സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു യാത്രയിലാണ് സമർപ്പിതർ ജീവിക്കുന്നതെന്നും പാപ്പാ ഉപസംഹാരമായി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
