എപ്പിഫനിതിരുനാളിന്റെയും, ജൂബിലി വർഷാവസാനത്തിന്റെയും ഭാഗമായി ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നു എപ്പിഫനിതിരുനാളിന്റെയും, ജൂബിലി വർഷാവസാനത്തിന്റെയും ഭാഗമായി ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നു  (ANSA)

പ്രത്യാശയുടെ ജൂബിലി അവസാനിച്ചു: ദൈവസാന്നിദ്ധ്യത്തിൽ എല്ലാത്തിനും മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന് പാപ്പാ

കർത്താവിന്റെ പ്രത്യക്ഷീകരണത്തിരുനാൾ ദിനമായ ജനുവരി ആറാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കപ്പെട്ടു. ഈ തിരുനാൾ ദിനത്തിൽ ലിയോ പതിനാലാമൻ മുഖ്യ കാർമ്മികത്വം വഹിച്ച വിശുദ്ധ ബലിയിൽ ഏതാണ്ട് 5800 പേർ ബസലിക്കയ്ക്കുള്ളിൽ നിന്ന് സംബന്ധിച്ചു. പതിനായിരത്തോളം പേർ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സന്നിഹിതരായിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2025-ലെ എപ്പിഫനി തിരുനാൾ ദിനത്തിൽ, പ്രത്യാശയുടെ ജൂബിലി വർഷത്തിന്‌ അവസാനം കുറിച്ചുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ, വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ അടച്ചു. തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങുകളിൽ, ബസലിക്കയ്ക്കുള്ളിലും പുറത്തുമായി പതിനയ്യായിരത്തിലധികം ആളുകൾ പങ്കെടുത്തു. ജൂബിലി വർഷത്തിൽ, റോമിലെ നാല് ബസലിക്കകളിലുമായി മൂന്നേകാൽ കോടിയിലധികം വിശ്വാസികൾ ഈ വർഷം വിശുദ്ധ വാതിൽ കടന്നിരുന്നു.

ജനുവരി ആറാം തീയതി രാവിലെ 9.30-ന് ആരംഭിച്ച ചടങ്ങിൽ, ജൂബിലി വർഷത്തിന്റെ ഔദ്യോഗിക ഗാനാലാപനത്തിനും പ്രാർത്ഥനകൾക്കും ശേഷം പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ പ്രത്യാശയുടെ ഈ ജൂബിലിയുടെ അവസാന വിശുദ്ധ വാതിൽ അടച്ചു. തുടർന്ന് പരിശുദ്ധ പിതാവ് വിശുദ്ധ ബലിയർപ്പിച്ചു.

പൂജരാജാക്കന്മാരുടെ ആനന്ദത്തിന്റെയും ഹേറോദേസിന്റെ ഭയത്തിന്റെയും ദിനമാണ് എപ്പിഫനിയെന്ന് വിശുദ്ധ ബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തിൽ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. എല്ലാത്തിനെയും മാറ്റിമറിക്കുന്ന സാന്നിദ്ധ്യമാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തിൽ നാം കാണുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ദൈവത്തിന്റെ വരവ്, ദുഃഖമകറ്റുന്നതാണെന്നും, എല്ലാം പുതുതാക്കുന്നതാണെന്നും ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, വർത്തമാന, ഭാവി കാലങ്ങളെ വ്യത്യസ്തമാക്കുന്ന സാന്നിദ്ധ്യമാണ് ക്രിസ്തുവിൽ നാം കാണുന്നതെന്ന് പ്രസ്താവിച്ചു. പ്രത്യാശ മൂലം ക്രിസ്തുവിനെ കാണാനെത്തുന്ന പൂജരാജാക്കന്മാർ ജറുസലേമിൽ സന്തോഷത്തിന് പകരം ചിലരിലെങ്കിലും ഭീഷണിയുടെ ഭാവം ഉയരാൻ കാരണമാകുന്നുണ്ട്.

വെള്ളിയിലും സ്വർണ്ണത്തിലും തീർത്ത പ്രതിമകൾ പോലെ, നമ്മുടെ കരങ്ങൾ കൊണ്ട് നിയന്ത്രിച്ചുനിറുത്താനാകാത്തവനും, പരിശുദ്ധ അമ്മ കരങ്ങളിൽ പേറിയവനും, ജ്ഞാനികൾ ആരാധിച്ചവനുമായ ദൈവമാണ് നമ്മുടേതെന്നും, ജീവിക്കുന്നവനും സ്വയം നല്കുന്നവനുമായവനാണ് അവനെന്നും പരിശുദ്ധ പിതാവ് പ്രസ്താവിച്ചു. അതുകൊണ്ടുതന്നെ വിശുദ്ധമായ ഇടങ്ങൾ ജീവന്റെ സന്ദേശം പരത്തുന്നവയാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

പൂജരാജാക്കന്മാർ വണങ്ങുന്ന ശിശു, അമൂല്യനും, അളക്കാനാകാത്ത നന്മയുമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ അവൻ വിലയേറിയ ഒരിടത്തല്ല, എളിമയുള്ള ഒരിടത്താണ് ജനിക്കുന്നതെന്ന് എടുത്തുപറഞ്ഞു. പ്രത്യാശയുടെ തീർത്ഥാടനം തുടരേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ജനുവരി 2026, 13:46