കർത്താവുമായുള്ള യഥാർത്ഥ കൂടിക്കാഴ്ച്ച പരിവർത്തനത്തിന്റെ ഒരു നിമിഷമാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
അപ്പസ്തോലന്മാരിൽ ഏറ്റവും ചെറിയവൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, വിശുദ്ധ പൗലോസ്, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടു മുട്ടിയ നിമിഷമാണ് മാനസാന്തരത്തിനു വഴിയൊരുക്കിയതെന്നും, അതിന്റെ അനുസ്മരണമാണ് നാം ആഘോഷിക്കുന്നതെന്നും എടുത്തു പറഞ്ഞുകൊണ്ട്, അൻപത്തിയൊൻപതാമത് സഭൈക്യവാര പ്രാർത്ഥനയുടെ സമാപനത്തിൽ, വിശുദ്ധ പൗലോസിന്റ ബസിലിക്കയിൽ നടന്ന സായാഹ്‌ന പ്രാർത്ഥനാ മദ്ധ്യേ, ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി.
ഒരിക്കൽ യേശുവിനെ പീഡിപ്പിച്ചവൻ, ദൈവകൃപയാൽ, പൂർണ്ണമായും രൂപാന്തരപ്പെടുകയും അവന്റെ സാക്ഷിയായി മാറുകയും ചെയ്തുവെന്നും, ക്രിസ്തുവിന്റെ നാമത്തെ ക്രൂരതയോടെ നേരിട്ടവൻ ഇപ്പോൾ തീക്ഷ്ണതയോടെ അവന്റെ സ്നേഹം പ്രഘോഷിക്കുന്നുവെന്നും പാപ്പാ ഓർമ്മപ്പെടുത്തി. അതിനാൽ ക്രിസ്തുവിന്റെ ശരീരം കെട്ടിപ്പടുക്കുന്നതിനുള്ള ദൗത്യം നിർ വഹിക്കുന്നതിന് ഒരു പുതിയ ദർശനവും പുതിയ ദിശയും നല്കുന്നത്, കർത്താവുമായുള്ള കൂടിക്കാഴ്ചയും, നമ്മുടെ പരിവർത്തനവുമാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.
ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പ്രാർത്ഥനാ വാരം ഒരുമയോടുകൂടിയ പ്രേഷിതദൗത്യം നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും, നമുക്കിടയിലെ ഭിന്നതകൾ, തീർച്ചയായും ക്രിസ്തുവിന്റെ വെളിച്ചം പ്രകാശിക്കുന്നതിൽ നിന്ന് തടയുന്നില്ലെങ്കിലും, അത് ലോകത്തിൽ പ്രതിഫലിപ്പിക്കേണ്ട മുഖത്തെ കൂടുതൽ അതാര്യമാക്കുന്നുവെന്നത് യാഥാർഥ്യമാണെന്നും പാപ്പാ പറഞ്ഞു.
സകല മനുഷ്യരുടെയും പിതാവായ ഏകദൈവത്തിൽ ഒരേ വിശ്വാസം പങ്കിടുന്നുവരെന്ന നിലയിൽ; നമ്മെ പ്രചോദിപ്പിക്കുകയും പൂർണ്ണ ഐക്യത്തിലേക്കും സുവിശേഷത്തിന്റെ പൊതു സാക്ഷ്യത്തിലേക്കും നമ്മെ നയിക്കുകയും ചെയ്യുന്ന ഏക കർത്താവും, ദൈവത്തിന്റെ സത്യപുത്രനുമായ യേശുക്രിസ്തുവിനെയും ഏക പരിശുദ്ധാത്മാവിനെയും നമുക്ക് ഒരുമിച്ച് ഏറ്റുപറയാമെന്നുമുള്ള എവാൻജെലി ഗൗദിയും അപ്പസ്തോലിക ലേഖനത്തിലെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു.
എക്യൂമെനിക്കൽ യാത്ര സിനഡൽ ആയിരിക്കണമെന്നും ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിൽ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. ക്രിസ്തീയ ഐക്യത്തിനായുള്ള ഈ വർഷത്തെ പ്രാർത്ഥനാ വാര ഘടകങ്ങൾ തയാറാക്കിയ അർമേനിയൻ സഭയെയും പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും, അവരുടെ ധീരമായ ക്രിസ്തീയ സാക്ഷ്യവും, രക്തസാക്ഷിത്വവും ഏവർക്കും പ്രചോദനമാണെന്നു ഓർമ്മിപ്പിക്കുകയും ചെയ്തു.
"ഐക്യം അത്യന്താപേക്ഷിതമാണെന്ന ആഴത്തിലുള്ള ആന്തരിക ബോധ്യം ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കണം, എന്നാൽ അത് തന്ത്രപരമായ നേട്ടത്തിനോ രാഷ്ട്രീയ നേട്ടത്തിനോ അല്ല, മറിച്ച് സുവിശേഷം പ്രസംഗിക്കുന്നതിനുവേണ്ടിയാണ്" വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളും ലിയോ പതിനാലാമൻ സന്ദേശത്തിൽ ഉദ്ധരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
