തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ  പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ   (ANSA)

അസ്ഥിരതകൾക്കു നടുവിലും സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം: പാപ്പാ

ജനുവരി മാസം ഇരുപത്തിയൊന്നാം തീയതി നടന്ന പൊതുകൂടികാഴ്ചയുടെ അവസരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ വിശ്വാസികളെ ക്ഷണിച്ചു. മനുഷ്യാന്തസ്സിനോടുള്ള ആദരവ് നഷ്ടപ്പെടുകയും യുദ്ധം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നാം ഏറെ പ്രാർത്ഥിക്കണമെന്നു പാപ്പാ ഓർമ്മിപ്പിച്ചു.

വത്തിക്കാൻ ന്യൂസ്

"മനുഷ്യന്റെ അന്തസ്സിനോടുള്ള ആദരവ് നഷ്ടപ്പെടുകയും,  യുദ്ധം വീണ്ടും പ്രചാരത്തിലായതായും തോന്നുന്ന ചരിത്ര നിമിഷത്തിൽ, നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം"ജനുവരി മാസം ഇരുപത്തിയൊന്നാം തീയതി നടന്ന പൊതുകൂടികാഴ്ചയുടെ അവസരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ, പോർച്ചുഗീസ് സംസാരിക്കുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തുകൊണ്ട്, പറഞ്ഞ വാക്കുകളാണിവ. "പിതാവിനെ വെളിപ്പെടുത്തുന്ന യേശുവിന്റെ മനുഷ്യത്വം നീതിയുടെയും അനുരഞ്ജനത്തിന്റെയും പാതകൾ കണ്ടെത്താൻ നമ്മെ സഹായിക്കട്ടെ" എന്ന പ്രാർത്ഥനയോടെയാണ് പാപ്പാ തന്റെ അഭ്യർത്ഥന നടത്തിയത്. 

വിവിധ ഭാഷാ സമൂഹങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച അവസരത്തിൽ, 2026 ജനുവരി 18 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തിൽ, ക്രിസ്ത്യാനികൾക്കിടയിലുള്ള ഐക്യത്തിനും ലോകമെമ്പാടുമുള്ള സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാനും  ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികളെ ക്ഷണിച്ചു.

"ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീര വും ഒരു ആത്മാവുമാണുള്ളത്" (എഫെസൂസ് 4,4) എന്ന ഈ വർഷത്തെ സഭൈക്യവാരപ്രമേയം പരാമർശിച്ചുകൊണ്ട്, "ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന എല്ലാ സഭകളിലും തന്റെ ആത്മാവിന്റെ ദാനം നൽകണമെന്ന്" കർത്താവിനോട് അപേക്ഷിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്തു. അപ്രകാരം ക്രിസ്ത്യാനികൾക്ക് ഭിന്നതയെ മറികടക്കാനും ഐക്യത്തിന്റെ ശക്തമായ ബന്ധങ്ങൾ രൂപപ്പെടുത്താനും കഴിയുമെന്നുള്ള പ്രത്യാശയും പാപ്പാ എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജനുവരി 2026, 14:40