തിരയുക

 അഗസ്റ്റോ റാഫേൽ റാമിറെസ് മൊണാസ്ട്രിയോ,  മദർ മരിയ ഇഞ്ഞാസിയ ഇസാക്കിയ അഗസ്റ്റോ റാഫേൽ റാമിറെസ് മൊണാസ്ട്രിയോ, മദർ മരിയ ഇഞ്ഞാസിയ ഇസാക്കിയ 

സഭയിൽ പുതിയതായി രണ്ടു വാഴ്ത്തപ്പെട്ടവരും, നാലു ധന്യരും: ഉത്തരവുകൾക്ക് അംഗീകാരം നല്കി പാപ്പാ

ജനുവരി 22-ന്, വിശുദ്ധരുടെ നാമധേയങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർചെല്ലോ സെമെറാരോയുമായുള്ള ഒരു സദസ്സിൽ, ലിയോ പതിനാലാമൻ പുതിയതായി രണ്ടു വാഴ്ത്തപ്പെട്ടവരെയും, നാലു ധന്യരെയും അൾത്താര വണക്കത്തിനായി ഉയർത്തുന്ന ഉത്തരവുകൾക്ക് ലിയോ പതിനാലാമൻ പാപ്പാ അംഗീകാരം നൽകി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

1937 നവംബർ 5-ന് ഗ്വാട്ടിമാല സിറ്റിയിൽ ജനിച്ച്,  1983 നവംബർ 7-ന് വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച  ഫ്രാൻസിസ്കൻ വൈദികനായ ദൈവദാസൻ അഗസ്റ്റോ റാഫേൽ റാമിറെസ് മൊണാസ്ട്രിയോയെയും, അസോളയിലെ സേക്രഡ് ഹാർട്ട്  ഉർസുലിൻ സിസ്റ്റേഴ്‌സ്  സഭയുടെ സ്ഥാപകയായ മദർ മരിയ ഇഞ്ഞാസിയ ഇസാക്കിയെയും അൾത്താര  വണക്കത്തിനായി  വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ഉയർത്തി. ജനുവരി 22-ന്, വിശുദ്ധരുടെ നാമധേയങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർചെല്ലോ സെമെറാരോയുമായുള്ള സദസിലാണ് ഈ ഉത്തരവുകൾക്ക് ലിയോ പാപ്പാ അംഗീകാരം നൽകിയത്.

അതുപോലെ, അത്മായനായ നെറീനോ കോബിയാങ്കി, ജോൺ ദി ബാപ്റ്റിസ്റ്റ് സഭയിലെ കന്യാസ്ത്രീയായ ക്രോച്ചിഫിസ മിലിതേർണി, പൂസോ അലെഗ്രെ തിരുക്കുടുംബ കാർമൽ സഭയുടെ സ്ഥാപക മരിയ ജിസെൽദ വില്ലേല, അമലോത്ഭവ പ്രവർത്തക സഭയുടെ സഹസ്ഥാപകയായ മരിയ തെക്ല അന്തോണിയ റേലുചെന്തി, എന്നിവരെ ധന്യരായും പാപ്പാ പ്രഖ്യാപിച്ചു.

വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തപ്പെട്ട  ദൈവദാസൻ അഗസ്റ്റോ റാഫേൽ, 1967 ജൂൺ 18 ന് സ്‌പെയിനിൽ വച്ച് പുരോഹിതനായി അഭിഷിക്തനായി. തുടർന്ന് നിക്കരാഗ്വയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, ആഭ്യന്തരയുദ്ധത്താൽ രാജ്യം തകർന്നപ്പോൾ, ആളുകളെ സേവിക്കുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. വിശ്വാസത്തോടുള്ള വെറുപ്പു മൂലം സൈനികരാൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

ആഞ്ചല കത്തെറിന എന്ന പേരിൽ ജനിച്ച മരിയ ഇഞ്ഞാസിയ ഇസാക്കി,  1857 മെയ് 8 ന് ബെർഗാമോ പ്രവിശ്യയിലെ സ്റ്റെറ്റ്സാനോയിലാണ് ജനിച്ചത്. 1934 ഓഗസ്റ്റ് 19-ന് മരണപ്പെട്ട സിസ്റ്റർ മരിയ ഇഞ്ഞാസിയയുടെ മാധ്യസ്ഥത്താൽ, ട്യൂബർക്കുലാർ എന്ററോകൊളൈറ്റിസ് എന്ന അസുഖത്തിൽ നിന്നും മോചിതയായ ഒരു സിസ്റ്ററിന്റെ സാക്ഷ്യമാണ് നാമകരണത്തിനു കാരണമായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജനുവരി 2026, 10:00