തിരയുക

ലിയോ പതിനാലാമൻ പാപ്പാ ഫിൻലണ്ടിൽനിന്നുള്ള എക്യൂമെനിക്കൽ പ്രതിനിധി സംഘത്തിനൊപ്പം ലിയോ പതിനാലാമൻ പാപ്പാ ഫിൻലണ്ടിൽനിന്നുള്ള എക്യൂമെനിക്കൽ പ്രതിനിധി സംഘത്തിനൊപ്പം  (ANSA)

ലോകത്തിന്റെ ഇരുളടഞ്ഞ കോണുകളിൽപ്പോലും പ്രകാശം പരത്തുക ക്രൈസ്തവരുടെ നിയോഗമാണ്: ലിയോ പതിനാലാമൻ പാപ്പാ

തങ്ങളുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ ഹെൻറിയുടെ തിരുനാളിൽ വത്തിക്കാനിലെത്തിയ ഫിൻലണ്ടിൽനിന്നുള്ള എക്യൂമെനിക്കൽ പ്രതിനിധി സംഘത്തിന് ജനുവരി 19-ന് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. "എക്യൂമെനിസത്തിന്റെ മാതൃകാരാജ്യ"മെന്ന് വിശേഷിപ്പിക്കപ്പെട്ട ഫിൻലണ്ടിലെ വിവിധ സഭകൾ തമ്മിലുള്ള സഹകരണത്തെ പരിശുദ്ധ പിതാവ് അഭിനന്ദിച്ചു. ക്രിസ്തുവിന്റെ പ്രത്യാശ നൽകുന്നതും രക്ഷാകരവുമായ സന്ദേശം ലോകത്തിലേക്കെത്തിക്കാൻ പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

റോമിലേക്ക് എക്യൂമെനിക്കൽ തീർത്ഥാടനത്തിന്റെ ഭാഗമായെത്തിയ ഫിൻലൻഡ്‌ എക്യൂമെനിക്കൽ പ്രതിനിധിസംഘത്തിന് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ജനുവരി 19 തിങ്കളാഴ്ച രാവിലെ നടന്ന ഈ കൂടിക്കാഴ്ചയിൽ, തുർക്കു ഇവാഞ്ചെലിക്കൽ ലൂഥറൻ സഭാദ്ധ്യക്ഷൻ ആർച്ച്ബിഷപ് താപ്പിയോ ലുവോമ (Archbishop Tapio Luoma), ഓർത്തഡോക്സ് സഭാദ്ധ്യക്ഷനും, ഹെൽസിങ്കിയുടെയും മുഴുവൻ ഫിൻലണ്ടിന്റേയും ആർച്ബിഷപ്പുമായ അഭിവന്ദ്യ ഏലിയാ (Archbishop Elia), ഹെലെൻസ്കിയിലെ കത്തോലിക്കാ മെത്രാൻ ബിഷപ് റൈമോ ഗൊയ്യറോള (Bishop Raimo Goyarrola) എന്നിവരുൾപ്പെടുന്ന ഒരു സംഘമാണ് പാപ്പായ്ക്കരികിലെത്തിയത്.

ക്രൈസ്തവ ഐക്യവാരത്തിന്റെ കൂടി സമയത്താണ് ഫിൻലണ്ടിലെ എക്യൂമെനിക്കൽ സംഘം റോമിലെത്തിയതെന്ന് അനുസ്മരിച്ച പാപ്പാ, "ഒരേ പ്രത്യാശയിൽ നിങ്ങൾ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്" (എഫേസോസ്‌ 4, 4) എന്ന വിശുദ്ധ പൗലോസിന്റെ വാക്കുകളാണ് ഈ വർഷത്തെ പ്രമേയമെന്ന് ഓർമ്മിപ്പിച്ചു. ഈ പ്രത്യാശ, പാപപ്പൊറുതിക്കുവേണ്ടിയുള്ള മാമ്മോദീസയിലാണ് അടിസ്ഥാനമിട്ടിരിക്കുന്നതെന്നും, ഇതുതന്നെയാണ് ക്രൈസ്തവസഹോദര്യത്തിന്റെ വേരെന്നും പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.

നിരാശയുടെ ചിന്തകൾ ആളുകളിലേക്ക് കടന്നുവരുന്ന ഇക്കാലത്ത്, പ്രത്യാശയുടെ ക്രൈസ്തവ സന്ദേശവാഹകർ എന്ന നിലയിൽ, ലോകത്തിന്റെ ഏറ്റവും ഇരുണ്ട കോണുകളിലേക്ക് പോലും കർത്താവിന്റെ പ്രകാശം എത്തിക്കുക എന്ന അനിവാര്യമായ ഒരു ദൗത്യം ക്രൈസ്തവർക്കുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അടുത്തിടെ വിശുദ്ധ വാതിൽ അടയ്ക്കപ്പെട്ടത്തോടെ 2025-ലെ പ്രത്യാശയുടെ ജൂബിലി വർഷം അവസാനിച്ചുവെങ്കിലും, ക്രൈസ്തവമായ നമ്മുടെ പ്രത്യാശ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് വിശ്വാസം നമുക്ക് പറഞ്ഞുതരുന്നത് നമുക്ക് ഓർക്കാമെന്ന് പാപ്പാ പറഞ്ഞു.

"എക്യൂമെനിസത്തിന്റെ മാതൃകാരാജ്യ"മെന്ന് വിശേഷിപ്പിക്കപ്പെട്ട ഫിൻലണ്ടിൽ, "പ്രത്യാശയുടെയും മനുഷ്യാന്തസ്സിന്റേയും, സഹാനുഭൂതിയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച്, ഓർത്തഡോക്സ്, ലൂഥറൻ, കത്തോലിക്കാ സഭകൾ സംയുക്തമായി പ്രസ്താവന നടത്തിയതിനെയും, പാലിയേറ്റീവ്, ജീവിതാന്ത്യ ശുശ്രൂഷകൾ തുടരണമെന്നത് ഉറപ്പിച്ച് പറഞ്ഞതിനെയും തന്റെ പ്രഭാഷണത്തിൽ പരിശുദ്ധ പിതാവ് പ്രത്യേകം അനുസ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

ഫിൻലണ്ടിലെ ക്രൈസ്തവസഭകൾ തമ്മിലുള്ള സഹകരണം, വിശുദ്ധ ഹെൻറിയുടെ തിരുനാൾ സംയുക്തമായി ആചരിക്കുന്നത്, തുടങ്ങിയവ എക്യൂമെനിസത്തിന്റെ പ്രായോഗികവും ഫലപ്രദവുമായ അടയാളങ്ങളാണെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു. അടുത്ത മാസത്തിൽ ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ-ലൂഥറൻ സംവാദങ്ങളുടെ ആറാം ഘട്ടത്തിന് ഇത് സ്ഥൈര്യം പകരുന്നതാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

പ്രത്യാശയുടെ വാഹകരെന്ന നിലയിൽ ശക്തരാകാൻ, പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെയും വിശുദ്ധ ഹെൻറിയുടെയും പ്രാർത്ഥനകൾ സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജനുവരി 2026, 13:25