ജനതയോടുള്ള ബഹുമാനത്തിൽ മാത്രമാണ് സമാധാനം സംസ്ഥാപിക്കുവാനാകുന്നത്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സംഘർഷഭരിതമായ എല്ലാ സ്ഥലങ്ങളിലും സമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ, ജനുവരി മാസം ഇരുപത്തിയഞ്ചാം തീയതി, മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം, പ്രാർത്ഥനാഭ്യർത്ഥനകൾ നടത്തി. "ശൈത്യകാല തണുപ്പിന് വിധേയരായ" ഉക്രേനിയൻ ജനതയെ പോലുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ പാപ്പാ ആഹ്വാനം ചെയ്തു. "ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം, യുദ്ധം അവസാനിപ്പിക്കാൻ നമുക്ക് പ്രവർത്തിക്കാം.", ഇതായിരുന്നു പാപ്പായുടെ വാക്കുകൾ.
സമീപ ദിവസങ്ങളിൽ ഉക്രൈനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ നാടകീയമായ റഷ്യൻ ബോംബാക്രമണങ്ങളെ പാപ്പാ പ്രത്യേകം പരാമർശിച്ചു. പൂജ്യത്തിന് താഴെയുള്ള താപനിലയിൽ വൈദ്യുതി, വെള്ളം, ചൂടാക്കൽ എന്നിവയില്ലാതെ ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഉക്രൈനിൽ ദുരിതമനുഭവിക്കുന്നത്. ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാനും പാപ്പാ അഭ്യർത്ഥിച്ചു.
റോമിലെ കത്തോലിക്കാ ആക്ഷൻ (Azione Cattolica) പ്രസ്ഥാനത്തിലെ നിരവധി യുവാക്കൾ മധ്യാഹ്ന പ്രാർത്ഥനയുടെ അവസരത്തിൽ സന്നിഹിതരായിരുന്നു. വ്യത്യസ്ത വീക്ഷണകോണിൽ നിന്ന് ലോകത്തെ കാണാൻ മുതിർന്നവരെ സഹായിക്കുന്നതിന് യുവാക്കൾക്ക് നന്ദി പറഞ്ഞ പാപ്പാ, വീട്ടിലും സ്കൂളിലും കായികരംഗത്തും എല്ലായിടത്തും സമാധാനം സൃഷ്ടിക്കുന്നവരാകണമെന്നും, വാക്കുകളിലൂടെയോ ആംഗ്യങ്ങളിലൂടെയോ ഒരിക്കലും അക്രമാസക്തരാകരുതെന്നും, നന്മകൊണ്ട് മാത്രമേ തിന്മയെ പരാജയപ്പെടുത്താൻ കഴിയൂ എന്നും പാപ്പാ യുവാക്കളെ ആഹ്വാനം ചെയ്തു. ജനങ്ങളോടുള്ള ബഹുമാനത്തിലൂടെയാണ് സമാധാനം കെട്ടിപ്പടുക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ആരാധനക്രമത്തിലും സമൂഹജീവിതത്തിലും ദൈവവചനത്തോടുള്ള സ്നേഹവും, താത്‌പര്യവും പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും ദൈവവചനത്തിന്റെ ഞായറാഴ്ച ദിവസം പാപ്പാ നന്ദി പറഞ്ഞു. അതോടൊപ്പം ലോക കുഷ്ഠരോഗ ദിനമെന്ന നിലയിൽ, ഈ രോഗം ബാധിച്ചവരെ പരിപാലിക്കുന്ന എല്ലാവരെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
