മെത്രാന്മാർക്കിടയിൽ ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പെറുവിൽ മെത്രാനായി സേവനം ചെയ്തിട്ടുള്ള ലിയോ പതിനാലാമൻ പാപ്പാ, പെറുവിയൻ ജനതയോടുള്ള തന്റെ വാത്സല്യം എടുത്തു പറഞ്ഞുകൊണ്ടാണ്, വത്തിക്കാനിൽ ആദ് ലിമിന സന്ദർശനത്തിനെത്തിയ പെറുവിൽ നിന്നുള്ള മെത്രാന്മാർക്ക് നൽകിയ സന്ദേശം ആരംഭിച്ചത്. സുവിശേഷവത്കരണ ദൗത്യത്തിൽ പെറുവിയൻ സഭ ഇന്ന് അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളോട് എപ്രകാരം പ്രതികരിക്കണം എന്നതിന്, അപ്പസ്തോലന്മാരുടെ രീതിയിൽ, ലാളിത്യത്തോടും ധൈര്യത്തോടും കർത്താവിനാൽ നയിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കുക എന്നതാണ് ഏക ഉത്തരമെന്നും, ഇതാണ് അമേരിക്കയിലെ ആദ്യത്തെ മിഷനറിമാരുടെ പല രചനകളിലും വെളിപ്പെടുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
"ഈ വിധത്തിൽ ജീവിക്കുക എന്നതിന്റെ അർത്ഥം, ഒന്നാമതായി, ഐക്യവും കൂട്ടായ്മയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നാണ്", പാപ്പാ പറഞ്ഞു. ലോകമെമ്പാടും സുവിശേഷം അറിയിക്കുന്നതിനായി പോയ അപ്പോസ്തലന്മാർ ഒരേ വികാരത്തിലും ഒരേ ദൗത്യത്തിലും ഐക്യപ്പെട്ടതുപോലെ, മെത്രാന്മാർ പരസ്പരവും, ദൈവജനവുമായും, കൂട്ടായ്മയിൽ വർത്തിക്കണമെന്നു പാപ്പാ ഉദ്‌ബോധിപ്പിച്ചു. വിശ്വാസത്തിലും ദൗത്യത്തിലും നമ്മെ ഒന്നിപ്പിക്കുന്ന ജീവനുള്ള കൂട്ടായ്മയുടെ അടയാളമാണ് ഈ കൂടിക്കാഴ്ച്ചയെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
ഇന്ന് സഭ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന്, നവീകരിക്കപ്പെട്ട ഒരു വിശ്വസ്തത നമ്മിൽ നിന്നും ആവശ്യപ്പെടുന്നുവെന്നും, ക്രിസ്തീയ സ്വത്വം നഷ്ടപ്പെടാതെ സംസ്കാരവുമായി സംവാദം നടത്താൻ കഴിവുള്ള, വ്യക്തവും ധൈര്യപൂർണ്ണവും, സന്തോഷകരവുമായ ഒരു പ്രഖ്യാപനം നാം നടത്തണമെന്നും പാപ്പാ എടുത്തു പറഞ്ഞു. അപ്പോസ്തലന്മാരുടെ രീതിയിൽ ജീവിക്കുക എന്നത് നമ്മെ ഏൽപ്പിച്ചിരിക്കുന്ന ശുശ്രൂഷയോടുള്ള സമ്പൂർണ്ണ സമർപ്പണത്തെ സൂചിപ്പിക്കുന്നുവെന്നും, അത് രക്തസാക്ഷിത്വത്തിൽ പോലും പ്രകടമാക്കപ്പെടുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. മെത്രാന്മാർക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന വൈദികർ, സെമിനാരിക്കാർ, സമർപ്പിതർ, ദൈവജനം എന്നിവരെയെല്ലാം ഉൾക്കൊള്ളുവാനും, അതിൽ പ്രധാനമായി ദുർബലരും ദരിദ്രരുമായവർക്ക് മുൻഗണന നൽകുവാനും പാപ്പാ ആഹ്വാനം ചെയ്തു.
പരീക്ഷണങ്ങൾക്കിടയിലും പ്രത്യാശയോടെ എപ്രകാരം കാത്തിരിക്കണമെന്ന് അറിയുന്ന ഒരു സഭയുടെ ശക്തി പെറുവിൽ നിന്നുമാണ് താൻ പഠിച്ചതെന്നും പാപ്പാ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. പെറുവിൽ ആയിരുന്നപ്പോൾ, മെത്രാന്മാരോട് ചേർന്നു, സന്തോഷങ്ങളും കഷ്ടപ്പാടുകളും പങ്കുവച്ചതും, ജനതയുടെ ലളിതമായ വിശ്വാസവും പാപ്പാ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
