തിരയുക

ലിയോ പതിനാലാമൻ പാപ്പാ ജൂബിലിയുടെ വിവിധ പദ്ധതികൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ ലിയോ പതിനാലാമൻ പാപ്പാ ജൂബിലിയുടെ വിവിധ പദ്ധതികൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (ANSA)

ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് നന്ദി പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ

2025-ലെ പ്രത്യാശയുടെ ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും, റോമിലെത്തിയ തീർത്ഥാടകർക്ക് സ്വീകാര്യമായ ആതിഥേയത്വം ഒരുക്കാനും വേണ്ടി അദ്ധ്വാനിച്ചവർക്ക് നന്ദി പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ. ജൂബിലി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ പ്രതിനിധി സംഘങ്ങൾക്ക് ജനുവരി 10 ശനിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പരിശുദ്ധ പിതാവ് ഏവർക്കും നന്ദിയേകിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

റോമിനെ തീർത്ഥാടകർക്ക് കൂടുതൽ സ്വീകാര്യമാകുന്ന രീതിയിൽ സ്വാഗതമേകുന്ന ഒരു നഗരമാക്കുന്നതിൽ സഹായിച്ച "ജൂബിലി സഹകാരികൾക്ക്" നന്ദി പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ. 2025-ലെ പ്രത്യാശയുടെ ജൂബിലി വർഷത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്ത ആളുകളുടെ പ്രതിനിധിസംഘത്തിന് ജനുവരി 10 ശനിയാഴ്ച രാവിലെ വത്തിക്കാനിലെ വിശുദ്ധ പോൾ ആറാമൻ ശാലയിൽ അനുവദിച്ച കൂടിക്കാഴ്ച്ചയിലാണ് പാപ്പാ പ്രത്യേകം നന്ദി പറഞ്ഞത്.

ജൂബിലിക്കായി റോം നഗരത്തെ പ്രത്യേകമായി ഒരുക്കുന്നതിലും, തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രത്യേകമായി സഹകരിച്ച ഇറ്റലിയുടെ ഗവൺമെന്റ്, വിവിധ സുരക്ഷാസേനകൾ എന്നിവയെ ലിയോ പതിനാലാമൻ പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. ജൂബിലി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ "സുവിശേഷവത്കരണത്തിനായുളള ഡികാസ്റ്ററിയിലെ നേതൃനിരയെയും, മറ്റ് ഡികാസ്റ്ററികളെയും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്ഥാനങ്ങളെയും വത്തിക്കാനിലെ സുരക്ഷാസേനകളെയും, ജൂബിലിയിൽ സഹായിച്ച കുമ്പസാരക്കാരായ വൈദികർ, വിവിധ രൂപതകളുടെ പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരെയും തന്റെ പ്രഭാഷണത്തിൽ പാപ്പാ പ്രത്യേകം പരാമർശിച്ചു.

പത്രോസിന്റെയും പൗലോസിന്റെയും മറ്റ് അപ്പസ്തോലന്മാരുടെയും രക്തസാക്ഷികളുടെയും കല്ലറകളിലേക്കുള്ള സന്ദർശനവും, വിശുദ്ധ വാതിലിലൂടെ കടന്നുപോകുന്നതും, ദൈവകരുണ സ്വീകരിക്കുന്നതും, ഒരുപാട് ആളുകൾക്ക് ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന്റെയും, നമ്മെ നിരാശരാക്കാത്ത പ്രത്യാശ (റോമാ 5, 5) അനുഭവിച്ചറിയുന്നതിന്റെയും സമയമായിരുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു.

യുവജനങ്ങളുടെ ജൂബിലിയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് യുവജനങ്ങളും കൗമാരക്കാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ സംഭവവും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. യുവജനങ്ങളുടെ സാന്നിദ്ധ്യവും, വ്യത്യസ്തങ്ങളെങ്കിലും ഒരുമയും ഐക്യവും വിളിച്ചോതുന്ന അവരുടെ സാക്ഷ്യങ്ങളും മനോഹരമായിരുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. കൃപയുടെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങൾ ജീവിക്കാനാണ് അവർ ആഗ്രഹിച്ചതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

2025-ലെ ജൂബിലിവർഷത്തിൽ വിതയ്ക്കപ്പെട്ട പ്രത്യാശയുടെ വിത്തുകൾ വളരട്ടെയെന്നും, നമ്മിലൂടെ മറ്റുള്ളവരിലേക്ക് പകരട്ടെയെന്നും പാപ്പാ ആശംസിച്ചു. ജൂബിലി വർഷത്തിൽ തീർത്ഥാടകർക്കായി തയ്യാറാക്കിയ കുരിശിന്റെ ചെറിയ ഒരു മാതൃകയും പരിശുദ്ധ പിതാവ് ഏവർക്കും സമ്മാനിച്ചു. നന്ദിയുടെ അടയാളമായ ഈ കുരിശ്, നിങ്ങളുടെ സഹകരണത്തിന്റെ ഒരു ഓർമ്മപ്പെടുത്തലായി നിലനിൽക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

2025-ലെ പ്രത്യാശയുടെ ജൂബിലി വർഷം പ്രമാണിച്ച്, റോമിലെ മേജർ ബസലിക്കകളിലെ വിശുദ്ധ വാതിലുകളിലൂടെ മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം വിശ്വാസികൾ കടന്നതായാണ് കണക്കാക്കുന്നത്. 185 രാജ്യങ്ങളിൽനിന്നെത്തിയ ഈ തീർത്ഥാടകരെ സഹായിക്കാനായി, ഏതാണ്ട് 7.000 സന്നദ്ധപ്രവർത്തകരും നിരവധി ആരോഗ്യസേവനപ്രവർത്തകരും സുരക്ഷാപ്രവർത്തകരും സേവനമനുഷ്ഠിച്ചു. ഫ്രാൻസിസ് പാപ്പാ തുടക്കമിട്ട ജൂബിലി വർഷം ലിയോ പതിനാലാമൻ പാപ്പായാണ് പൂർത്തിയാക്കിയതെന്ന അപൂർവ്വതയും ഇത്തവണത്തെ ജൂബിലിക്കുണ്ടായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ജനുവരി 2026, 13:09