ലിയോ പതിനാലാമൻ പാപ്പാ ഒരു ശിശുവിനെ ജ്ഞാനസ്നാനപെടുത്തുന്നു ലിയോ പതിനാലാമൻ പാപ്പാ ഒരു ശിശുവിനെ ജ്ഞാനസ്നാനപെടുത്തുന്നു  (@VATICAN MEDIA)

വത്തിക്കാൻ ജീവനക്കാരുടെ കുഞ്ഞുങ്ങൾക്ക് ജ്ഞാനസ്നാനമേകി ലിയോ പതിനാലാമൻ പാപ്പാ

ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിരുനാൾ ദിനത്തിൽ ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ ജോലി ചെയ്യുന്ന ആളുകളുടെ ഇരുപത് കുട്ടികൾക്ക് ജ്ഞാനസ്നാനം നൽകി. ജ്ഞാനസ്നാനം വഴി നാമെല്ലാവരും സഹോദരീസഹോദരന്മാരാണെന്ന് പാപ്പാ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് ഈ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ ശിശുക്കൾക്ക് മാമ്മോദീസ നൽകുന്ന പതിവ് ആരംഭിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ വച്ച് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിലെ ജോലിക്കാരായ ആളുകളുടെ മക്കളായ ഇരുപത് ശിശുക്കൾക്ക് ജ്ഞാനസ്നാനം നൽകി. ക്രിസ്തുവിന്റെ ജ്ഞാനസ്നതിരുനാൾ ആഘോഷിക്കപ്പെട്ട ജനുവരി 11 ഞയറായഴ്ചയാണ്, ജോൺ പോൾ രണ്ടാമൻ പാപ്പാ  1981-ൽ തുടങ്ങിവച്ച ഈ പതിവിന്റെ തുടർച്ചയായി, പാപ്പാ, പരിശുദ്ധ സിംഹാസനത്തിനുവേണ്ടി ജോലി ചെയ്യുന്ന ആളുകളുടെ മക്കൾക്ക് ക്രൈസ്തവവിശ്വാസത്തിലേക്കുള്ള പ്രവേശനകൂദാശ നൽകിയത്.

ജ്ഞാനസ്നാനം സ്വീകരിച്ച ഈ ഇരുപത് കുട്ടികളും ക്രൈസ്തവരാകുകയും, അതുവഴി നമ്മുടെ സഹോദരീസഹോദരന്മാരാകുകയുമാണെന്ന് വിശുദ്ധബലിമധ്യേ നൽകിയ വചനസന്ദേശത്തിൽ പാപ്പാ ഓർമ്മിപ്പിച്ചു.. മാതാപിതാക്കളിലൂടെ ജീവൻ ലഭിച്ച അവർ, ജ്ഞാനസ്നാന കൂദാശയിലൂടെ വിശ്വാസമെന്ന ജീവിക്കാനുള്ള അർത്ഥം സ്വന്തമാക്കുകയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. വസ്ത്രമോ ഭക്ഷണമോ പോലെ ജീവിതത്തിൽ അത്യന്താപേക്ഷിതമെന്ന് നമുക്ക് തോന്നുന്നതാണ് നാം നമ്മൾ സ്നേഹിക്കുന്നവർക്ക് നൽകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ടതും, അത്യന്താപേക്ഷിതവുമായ വിശ്വാസമാണ് ജ്ഞാനസ്നാനത്തിലൂടെ കുട്ടികൾക്ക് നാം നൽകുന്നതെന്നും, ദൈവത്തോടൊപ്പമാകുമ്പോൾ, രക്ഷ കണ്ടെത്താനാകുമെന്നും വിശദീകരിച്ചു.

നമുക്ക് രക്ഷ പകരാനും, നമ്മോടൊത്തായിരിക്കാനും ആഗ്രഹിച്ച്, നമുക്കൊപ്പം വസിക്കുന്നവനാണ് ക്രിസ്തുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. 

ജ്ഞാനസ്നാനം സ്വീകരിച്ചത് വഴി ഈ ഇരുപത് കുട്ടികളും നവീകരിക്കപ്പെടുകയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നമ്മെ ഒരുമിപ്പിക്കുന്ന മാമ്മോദീസ കുടുംബങ്ങൾക്ക് വിശ്വാസജീവിതത്തിൽ ശക്തിയും സ്ഥിരോത്സാഹവും നല്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

വിശുദ്ധ ജലം ആത്മാവിൽ കഴുകപ്പെടുന്നതിന്റെയും, പാപങ്ങളിൽനിന്ന് ശുദ്ധീകരിക്കപ്പെടുന്നതിന്റെയും, പുതിയ വെള്ള വസ്ത്രം, സ്വർഗ്ഗത്തിൽ ദൈവം നൽകുന്ന പുതുവസ്ത്രത്തിന്റെയും, പെസഹാത്തിരിയിൽനിന്ന് തെളിയിക്കപ്പെടുന്ന തിരി ഉത്ഥിതനായ കർത്താവിന്റെ പ്രകാശത്തിന്റെയും അടയാളങ്ങളാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

തങ്ങളുടെ ചുവടുകളിൽ കർത്താവ് തങ്ങളോടൊപ്പമുണ്ടാകുമെന്ന ഉറപ്പിൽ ഈ വർഷം മുഴുവനും, ജീവിതകാലം മുഴുവനും ആനന്ദത്തോടെ തങ്ങളുടെ വിശ്വാസയാത്ര നടത്താൻ ഈ കുട്ടികൾക്കാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ജനുവരി 2026, 13:42