ക്രിസ്റ്റിൻ കൊടുങ്കാറ്റിൽ ഇരകളായവർക്ക് ലിയോ പതിനാലാമൻ പാപ്പാ പ്രാർത്ഥനകളും, ആത്‌മീയ സാമീപ്യവും അറിയിച്ചു
വത്തിക്കാൻ ന്യൂസ്
പോർച്ചുഗലിൽ നാശം വിതച്ച അതിശക്തമായ ക്രിസ്റ്റിൻ കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും, ദുരിതമനുഭവിക്കുന്നവർക്ക് തന്റെ പ്രാർത്ഥനകൾ നേർന്നുമുള്ള , ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു. നിലവിൽ, അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽഎന്നിവയാൽ , 850,000-ത്തിലധികം ആളുകൾ ദുരിതമനുഭവിക്കുന്നു. മേഖലയിൽ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്.
ഇരകളായ എല്ലാവരുടെയും ദുഃഖത്തിൽ ആത്മീയമായി താനും പങ്കുചേരുന്നുവെന്നു പാപ്പാ സന്ദേശത്തിൽ കുറിച്ചു. പരിക്കേറ്റവർക്കും, കുടിയിറക്കപ്പെട്ടവർക്കും, ഈ കൊടുങ്കാറ്റ് മൂലമുണ്ടായ വലിയ നാശനഷ്ടങ്ങൾ മൂലം ഗുരുതരമായി ബാധിച്ചവർക്കും, തന്റെ പ്രാർത്ഥനകളും ആത്‌മീയ സാമീപ്യവും പാപ്പാ അറിയിച്ചു.
ദേശീയ, തദ്ദേശ അധികാരികൾക്കും, അവരെ സഹായിക്കാൻ ഒന്നിക്കുന്ന സിവിൽ, സൈനിക, മത വിഭാഗങ്ങളിലെ ആളുകൾക്കും വേണ്ടി താൻ പ്രത്യേകം പ്രാർത്ഥിക്കുന്നുവെന്നും, സഭാ സംഘടനകളുടെ പ്രതിബദ്ധതയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസത്തിനും ജീവിത സാഹചര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമായി പ്രാദേശിക, ദേശീയ അധികാരികളുമായി കത്തോലിക്കാ സഭ ചേർന്ന് പ്രവർത്തിച്ചുവരികയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
