തിരയുക

 ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ വൈദികപട്ടം നൽകിയ അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ വൈദികപട്ടം നൽകിയ അവസരത്തിൽ   (ANSA)

റോമൻ രൂപതയിലെ വൈദികരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ലിയോ പതിനാലാമൻ

റോം രൂപതയുടെ മെത്രാൻ എന്ന നിലയിൽ, തന്റെ വൈദികരെ സന്ദർശിക്കുവാനും, കൂടിക്കാഴ്ച നടത്തുന്നതിനുമായി, ഫെബ്രുവരി മാസം പത്തൊൻപതാം തീയതി, പ്രാദേശിക സമയം പത്തുമണിക്ക്, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ ലിയോ പതിനാലാമൻ പാപ്പാ എത്തും. ഇത് സംബന്ധിച്ച വിവരങ്ങൾ റോമൻ വികാരിയാത്ത് ആണ് അറിയിച്ചത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

റോം രൂപതയിൽ അജപാലന സന്ദർശനത്തിനും, വൈദികരുമായുള്ള കൂടിക്കാഴ്ചയ്ക്കും ലിയോ പതിനാലാമൻ തയ്യാറെടുക്കുന്നു. വിഭൂതി  തിരുനാളിനു ശേഷം ഫെബ്രുവരി മാസം പത്തൊൻപതാം തീയതിയാണ്, റോം രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരുമായുള്ള കൂടിക്കാഴ്ച്ച നടക്കുന്നത്. വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് പ്രാദേശിക സമയം രാവിലെ പത്തുമണിക്കാണ് കൂടിക്കാഴ്ച്ച.

റോമൻ രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളിലും പാപ്പാ അജപാലന സന്ദർശനങ്ങൾ നടത്തും. റോമിലെ വിവിധ മേഖലകളിൽ അഞ്ചു ഇടങ്ങളിലായിട്ടാണ് സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

ആദ്യ സന്ദർശനം, ഫെബ്രുവരി മാസം പതിനഞ്ചാം തീയതി ഞായറാഴ്ച്ച, തെക്കൻ മേഖലയിലെ, ഓസ്തിയ ലിദോയിലെ സാന്താ മരിയ റെജീന പാച്ചിസ് ഇടവകയിലും, തുടർന്ന്, ഫെബ്രുവരി മാസം ഇരുപത്തി രണ്ടാം തീയതി, മധ്യ മേഖലയിൽ കാസ്ത്രോ പ്രേതോറിയയിലെ തിരുഹൃദയ ദേവാലയത്തിലും, മാർച്ചുമാസം ഒന്നാം തീയതി, കിഴക്കൻ മേഖലയിലെ സ്വർഗ്ഗാരോഹണ ദേവാലയത്തിലും, മാർച്ച് എട്ടാം തീയതി, പടിഞ്ഞാറൻ  മേഖലയിൽ സാന്താ മരിയ ദെല്ല പ്രസന്റത്സിയോനെ ദേവാലയത്തിലും, മാർച്ചുമാസം പതിനഞ്ചാം തീയതി പൊന്തേ മാമോളോയിലെ തിരുഹൃദയ ദേവാലയത്തിൽ വച്ചുമായിരിക്കുമെന്നു വികാരിയാത്തിൽ നിന്നുള്ള കുറിപ്പിൽ എടുത്തു പറയുന്നു.

പാപ്പാ തന്റെ രൂപതയിലേക്ക് നടത്തുന്ന ഔദ്യോഗിക അജപാലന സന്ദർശനം എന്ന നിലയിൽ, അജപാലന ശുശ്രൂഷകർ, സംഘടനകൾ യുവജന പ്രസ്ഥാനങ്ങൾ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തും. സന്ദർശനത്തിന്റെ പ്രധാന ഘടകം, ഇടവക സമൂഹവുമായുള്ള വിശുദ്ധ ബലിയർപ്പണമായിരിക്കും. പാരമ്പര്യമനുസരിച്ചുള്ള പാപ്പായുടെ സന്ദർശനത്തിൽ രൂപതാകുടുംബത്തിനുള്ള സന്തോഷവും നന്ദിയും കുറിപ്പിൽ പ്രത്യേകം എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ജനുവരി 2026, 12:26