ലിയോ പതിനാലാമൻ പാപ്പായും സയ്യദ് അവാർഡിന്റെ സംഘാടകരും ലിയോ പതിനാലാമൻ പാപ്പായും സയ്യദ് അവാർഡിന്റെ സംഘാടകരും  (ANSA)

കാരുണ്യത്തിന്റെ ആധികാരിക സാക്ഷ്യങ്ങളാണ് നമുക്കാവശ്യം: ലിയോ പതിനാലാമൻ പാപ്പാ

മാനവികസഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള സയ്യദ് അവാർഡ് കംമ്മീഷൻ അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. എല്ലാ മനുഷ്യരും മതങ്ങളും സാഹോദര്യം പ്രോത്സാഹിപ്പിക്കാൻ കൂടിയാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും, അനുകമ്പയുടെയും കാരുണ്യപ്രവൃത്തികളുടെയും അധികാരികസാക്ഷ്യങ്ങളാണ് നമുക്ക് ആവശ്യമെന്നും പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മാനവസഹോദര്യം പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്ന ആളുകളെ സമൂഹമദ്ധ്യത്തിൽ ബഹുമാനിക്കാനും ആദരിക്കാനുമായി ഏർപ്പെടുത്തിയിരിക്കുന്ന സയ്യദ് അവാർഡിന്റെ സംഘാടകർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. ഡിസംബർ 11 വ്യാഴാഴ്ച വത്തിക്കാനിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ, ഇത്തരമൊരു അവാർഡിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ പാപ്പാ, മാനവികസഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനുമായി തങ്ങളുടെ കഴിവുകളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന ആളുകൾക്കൊപ്പം ആയിരിക്കുന്നതിലെ സന്തോഷവും പങ്കുവച്ചു.

ഫ്രാൻസിസ് പാപ്പായും, വലിയ ഇമാം അഹ്മദ് അൽ തയ്യബും ചേർന്ന്, ഷെയ്ക്ക് മൊഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാന്റെ പിന്തുണയോടെ ഒപ്പിട്ട മാനവികസഹോദര്യത്തെക്കുറിച്ചുള്ള പ്രമുഖ രേഖയുമായി ബന്ധപ്പെട്ട സയ്യദ് അവാർഡ്, ഷെയ്ക്ക് സയ്യദിന്റെയോ മറ്റ് നേതാക്കളുടെയോ പേര് മാത്രമല്ല, മറിച്ച്, എല്ലാ മനുഷ്യരും മതങ്ങളും സാഹോദര്യം പ്രോത്സാഹിപ്പിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് കൂടിയാണ് വിളിച്ചോതുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

എല്ലാ മതപരമ്പര്യങ്ങൾക്കും തങ്ങളുടെ ആദ്ധ്യാത്മിക പൈതൃകത്തിൽനിന്ന് പ്രേരിതരായി, സഹോദര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഭാവനകൾ നൽകാനാകുമെന്ന്, 2023 ഫെബ്രുവരി 4-ന് നടന്ന മൂന്നാമത് സയ്യദ് അവാർഡ് ദിനവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞത് പാപ്പാ പരിശുദ്ധ പിതാവ് അനുസ്മരിച്ചു.

സംഘർഷങ്ങളും ഭിന്നതകളും നിലനിൽക്കുന്ന ഇക്കാലത്ത്, നാമേവരും സഹോദരീസഹോദരന്മാരാണെന്ന് ഓർമ്മിപ്പിക്കുന്ന, മാനുഷികമായ അനുകമ്പയുടെയും കാരുണ്യപ്രവർത്തികളുടെയും ആധികാരികമായ സാക്ഷ്യമാണ് നമുക്ക് ആവശ്യമെന്ന് പാപ്പാ പറഞ്ഞു. ആശയങ്ങളുടെ ലോകത്തുനിന്ന് ക്രിയാത്മകമായ കാരുണ്യപ്രവൃത്തികളിലേക്ക് കടന്നുവന്നില്ലെങ്കിൽ നാം ഉയർത്തിപ്പിടിക്കുന്ന പ്രതീക്ഷകളും ആഗ്രഹങ്ങളൂം ദുർബലമാകുകയും മങ്ങിപ്പോവുകയും ചെയ്യുമെന്ന് തന്റെ തന്നെ അപ്പസ്തോലിക പ്രബോധനമായ "ദിലേക്സി തേ" (Dilexi Te, 119) ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

സ്ഥാപനങ്ങളെയും വ്യക്തികളെയും സയ്യദ് അവാർഡ് നൽകി ബഹുമാനിക്കുന്നതുവഴി, എപ്രകാരമാണ് മാനവികസഹോദര്യം പ്രോത്സാഹിപ്പിക്കേണ്ടതെന്നതിനുള്ള മാതൃകയാണ് നിങ്ങൾ നൽകുന്നതെന്നും പാപ്പാ പറഞ്ഞു. സയ്യദ് അവാർഡ് സംഘാടകരുടെ പ്രവർത്തനങ്ങളിലൂടെ മാനവികകുടുംബത്തിന് നന്മയുണ്ടാകട്ടെയെന്നും പാപ്പാ ആശംസിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഡിസംബർ 2025, 13:51