ഐക്യത്തോടെയും, ക്രിസ്തുവേകിയ നിയോഗം മനസ്സിൽ സൂക്ഷിച്ചും പ്രവർത്തിക്കാൻ വത്തിക്കാൻ കൂരിയയെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ക്രിസ്തുവേകിയ മിഷനറി ദൗത്യം ജീവിക്കുകയും ലോകത്ത് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുകയും ചെയ്യുന്ന ഒരു സമൂഹമാകണം റോമൻ കൂരിയായെന്ന് ലിയോ പതിനാലാമൻ പാപ്പാ. പതിവുപോലെ, ക്രിസ്തുമസുമായി ബന്ധപ്പെട്ട് കൂരിയയിലെ പ്രവർത്തകർക്ക് ഡിസംബർ 22 തിങ്കളാഴ്ച അപ്പസ്തോലിക കൊട്ടാരത്തിലെ, "അനുഗ്രഹങ്ങളുടെ ശാലയിൽ" അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിച്ച പാപ്പാ, നമുക്ക് മുന്നിലുള്ള സഭാത്മകവും, അജപാലനപരവും സാമൂഹികവുമായ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും കൂരിയ അംഗങ്ങളെ ആഹ്വാനം ചെയ്തു.
സാധാരണ ഗതിയിലുള്ള ജോലികളും സേവനങ്ങളും പ്രധാനപ്പെട്ടതായിരിക്കെത്തന്നെ, ലോകം ഉയർത്തിക്കൊണ്ടുവരുന്ന വ്യത്യസ്തങ്ങളായ വെല്ലുവിളികളെ തിരിച്ചറിഞ്ഞും സഭയിലെ വിവിധ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടും തുറന്ന മനോഭാവത്തോടെ മുന്നോട്ട് നീങ്ങേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഭ അതിന്റെ സ്വഭാവത്തിലും വിളിയിലും മറ്റുള്ളവരിലേക്ക് ഇറങ്ങാനുള്ളവളാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. സഭാത്മകമായ ഈ വിളിയുടെ ലക്ഷ്യത്തെ തടസ്സപ്പെടുത്തുന്നതാകരുത് കൂരിയയുടെ പ്രവർത്തനങ്ങളെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ലോകത്തിലെ ഭിന്നതകളും സംഘർഷങ്ങളും പരാമർശിച്ച പാപ്പാ, ക്രിസ്തുമസ് സമാധാനമെന്ന ദാനമാണ് നമുക്ക് നൽകുന്നതെന്നും, സഭയെന്ന നിലയിൽ, സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം മറ്റുള്ളവരിലേക്ക് പകരാൻ നമുക്കാകണമെന്നും ഓർമ്മിപ്പിച്ചു.
പരസ്പരമുള്ള സ്നേഹത്തിലും ഐക്യദാർഢ്യത്തിലും അധിഷ്ഠിതമാണ് സഭയുടെ നിയോഗമെന്ന് പ്രസ്താവിച്ച പരിശുദ്ധ പിതാവ്, വ്യത്യസ്തതകളെ വിലമതിക്കാനും, ഐക്യത്തോടെ മുന്നോട്ട് നീങ്ങാനും സാധിക്കേണ്ടതുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു.
സമ്മേളനത്തിന്റെ ആരംഭത്തിൽ, കർദ്ദിനാൾ സംഘത്തിന്റെ ഡീനായ കർദ്ദിനാൾ ജ്യോവാന്നി ബത്തിസ്ത റേ പരിശുദ്ധ പിതാവിന് കൂരിയയിലെ പ്രവർത്തകരുടെ പേരിൽ ക്രിസ്തുമസ് ആശംസകൾ നേർന്ന് സംസാരിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
