തൊഴിൽമേഖലയിൽ മനുഷ്യാന്തസ്സും സുരക്ഷയും ഉറപ്പുവരുത്തണം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇറ്റലിയിലെ തൊഴിൽമേഖലയിൽ വിദഗ്ദോപദേശങ്ങൾ നൽകുന്ന ആളുകളുടെ അസോസിയേഷൻ അംഗങ്ങൾക്ക്, അവരുടെ പ്രസ്ഥാനത്തിന്റെ അറുപതാം സ്ഥാപനവർഷികത്തിൽ ഡിസംബർ 18 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ച്ചയിൽ, തൊഴിൽ മേഖലകളിൽ മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും, തൊഴിൽ ദാതാക്കൾക്കും തൊഴിലാളികൾക്കുമിടയിലുള ഇടനിലക്കാർ എന്ന ഉത്തരവാദിത്വം ശരിയായ രീതിയിൽ നിർവ്വഹിക്കാനും, തൊഴിലിടങ്ങളിൽ ഏവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനും പാപ്പാ ആഹ്വാനം ചെയ്തു.
ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ കടമെടുത്തുകൊണ്ട് (Ex. ap. Dilexi te, 115), തൊഴിൽ മേഖലയിൽ മുടക്കിയിരിക്കുന്ന മുതലിനോ, കച്ചവടനിയമങ്ങൾക്കോ, ലാഭത്തിനോ എന്നതിനേക്കാൾ വ്യക്തികൾക്കും, അവരുടെ കുടുംബങ്ങൾക്കും നന്മയ്ക്കും കൂടുതൽ പ്രാധാന്യം നൽകാൻ ആഹ്വാനം ചെയ്ത പാപ്പാ, അതുവഴി തൊഴിലാളികളുടെ അന്തസ്സ് ഉറപ്പുവരുത്താനും, അവരുടെ ആവശ്യങ്ങളിൽ സഹായമേകാനും സാധിക്കുമെന്ന് ഓർമ്മിപ്പിച്ചു.
പുതിയ കുടുംബങ്ങൾ, കൊച്ചുകുട്ടികളുള്ള മാതാപിതാക്കൾ, വയോധികരോ രോഗികളോ ആയ വ്യക്തികൾ ഉള്ള കുടുംബങ്ങൾ തുടങ്ങിയവർക്ക് നൽകേണ്ട പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. നിർമ്മിതബുദ്ധി പോലെയുള്ള സാങ്കേതികവിദ്യകളുടെ ഇക്കാലത്ത്, മനുഷ്യ-സാഹോദര്യ സമൂഹമെന്ന നിലയിൽ കമ്പനികൾക്കുള്ള ചുമതലകൾ അവർ ശരിയായി നിർവ്വഹിക്കുന്നുവെന്നത് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
തൊഴിൽ ദാതാക്കളും, തൊഴിലാളികളും തമ്മിലുള്ള ബന്ധത്തിനിടയിൽ നിൽക്കുന്നവർ എന്ന നിലയിൽ, ഇരുകൂട്ടരുടെയും നന്മയ്ക്കുവേണ്ടി പ്രവർത്തിക്കാനുള്ള അസോസിയേഷന്റെ ഉത്തരവാദിത്വവും ഓർമ്മിപ്പിച്ച പാപ്പാ, ഏതെങ്കിലും ഒരു കൂട്ടർക്കൊപ്പം നിന്ന് അമിതമായ അധികാര ഉപയോഗത്തെയോ, യാഥാർത്ഥ്യബോധത്തിൽനിന്നകന്ന അവകാശവാദങ്ങളെയോ പ്രോത്സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. സ്വന്തം ആവശ്യങ്ങൾ അവതരിപ്പിക്കാനോ, തന്റെ താത്പര്യങ്ങൾ മാനിക്കപ്പെടുന്നത് ഉറപ്പാക്കാനോ കഴിവില്ലാത്ത ആളുകൾക്ക് ഒപ്പം നിൽക്കാനും നീതിയുടെയും കാരുണ്യത്തിന്റെയും മനോഭാവം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകാനും പാപ്പാ ആഹ്വാനം ചെയ്തു.
തൊഴിൽ മേഖലയിലുണ്ടാകേണ്ട സുരക്ഷയുമായി ബന്ധപ്പെട്ട് സംസാരിക്കവെ, തൊഴിലാളികൾക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളിൽനിന്ന് രക്ഷപെടുന്നതിനും, അവ ഒഴിവാക്കുന്നതിനും വേണ്ട മുൻകരുതൽ ഉറപ്പാക്കാൻ സഹായിക്കുന്ന പരിശീലനത്തിന്റെ ആവശ്യം എടുത്തുപറഞ്ഞു. ഇപ്പോഴും പല തൊഴിലിടങ്ങളിലും ആളുകൾ മരിക്കുന്നുണ്ടെന്ന കാര്യം അനുസ്മരിച്ച പാപ്പാ, തൊഴിലാളികൾ തങ്ങളുടെ ദിവസത്തിന്റെ ഏറിയ പങ്കും ചിലവിടുന്ന തൊഴിലിടങ്ങൾ മരണത്തിന്റെ ഇടങ്ങളാകരുതെന്ന് ഓർമ്മിപ്പിച്ചു. പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലതെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
