രോഗികൾക്ക് ക്രിസ്തുമസിന്റെ സ്നേഹമാശംസിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തന്നെ കാണാനെത്തിയ നൂറോളം രോഗികളെ വ്യക്തിപരമായി അഭിവാദ്യം ചെയ്തും അവരുമായി കുശലം പറഞ്ഞും ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി, തന്നെ കാണാനെത്തിയ രോഗികൾക്ക് പോൾ ആറാമൻ ശാലയിൽ ഇടമൊരുക്കിയ പാപ്പാ, അവിടെയെത്തി അവരെല്ലാവരുമായും അല്പസമയം ചിലവഴിച്ചു.
ക്രിസ്തുമസ്, അവധിക്കാല ആശംസകൾ നേർന്ന പാപ്പാ, ഈ കാലത്തിന്റെ ആനന്ദം നിങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും നിങ്ങൾക്ക് പ്രിയപ്പെട്ടവരിലും തുടരട്ടെയെന്ന് ആശംസിച്ചു. രോഗികളെവരെയും ദൈവകരങ്ങളിൽ സമർപ്പിച്ച പരിശുദ്ധ പിതാവ്, ദൈവത്തിന് മാത്രം നൽകാൻ കഴിയുന്ന ഈ സ്നേഹം നിങ്ങളിലുണ്ടാകട്ടെയെന്ന ആശംസയും നേർന്നു.
സാധാരണയായി പാപ്പാമാരുടെ പൊതുകൂടിക്കാഴ്ചാവേളയിൽ രോഗികൾക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒരു പ്രത്യേക ഇടം ഒരുക്കുകയാണ് പതിവെങ്കിലും, ഇത്തവണ, പാപ്പായുടെ തന്നെ വാക്കുകളിൽ ഒരല്പം കൂടുതൽ "വ്യക്തിപരമായ കൂടിക്കാഴ്ച്ചയ്ക്കാണ്" അവസരമൊരുങ്ങിയത്. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ജനത്തിനിടയിലൂടെ നടന്നുനീങ്ങിയ പാപ്പാ ഓരോരുത്തർക്കും ഹസ്തദാനം നൽകുകയും അവരോട് സംസാരിക്കുകയും ചെയ്തു. ഡിസംബർ മാസത്തെ തണുത്ത കാലാവസ്ഥ കൂടി പരിഗണിച്ചാണ്, ഇത്തരമൊരു മാറ്റമെന്ന് കൂടിക്കാഴ്ച്ചാമധ്യേ പാപ്പാ അവരോട് പറഞ്ഞു. പുറത്ത് മഴയില്ലെങ്കിലും, ഇവിടെ നിങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കാൻ സാധിക്കുമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പൊതുകൂടിക്കാഴ്ചയിൽ, പോൾ ആറാമൻ ശാലയിലെ വലിയ സ്‌ക്രീനിലൂടെ പങ്കെടുക്കാമെന്നും, എന്നാൽ ആവശ്യമെങ്കിൽ ചത്വരത്തിലേക്ക് നിങ്ങൾക്ക് വരാമെന്നും രോഗികളോട് പറഞ്ഞു.
പോൾ ആറാമൻ ശാലയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധ പിതാവ് തുറന്ന വാഹനത്തിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്കെത്തുകയും, പതിവിൽനിന്ന് ഒരല്പം താമസിച്ച് പത്ത് അഞ്ചോടെ പൊതുകൂടിക്കാഴ്ച ആരംഭിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
