ലിയോ പതിനാലാമൻ പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ   (ANSA)

സമാധാനം സാധ്യമാണ്: പ്രഥമ അപ്പസ്തോലിക യാത്രയെ അനുസ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ

ഡിസംബർ മാസം ഏഴാം തീയതി,ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനം, ഒരിക്കൽ കൂടി, തുർക്കിയെയിലേക്കും, ലെബനനിലേക്കുമുള്ള തന്റെ പ്രഥമ അപ്പസ്തോലിക യാത്രയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയും, സമാധാനം സംസ്ഥാപിക്കുക എന്നത് സാധ്യമാണെന്നുള്ള ശുഭപ്രതീക്ഷയ്ക്ക് ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സമാധാനത്തിനുള്ള ആഹ്വാനവും, ക്രിസ്തീയ കൂട്ടായ്മയും, മതസൗഹാർദ്ദ സംഭാഷണവും ഊട്ടിയുറപ്പിക്കുവാനായി, തുർക്കിയെയിലേക്കും, ലെബനനിലേക്കും ലിയോ പതിനാലാമൻ പാപ്പാ നടത്തിയ പ്രഥമ അപ്പസ്തോലിക യാത്രയുടെ സ്മരണകൾ, ഡിസംബർ മാസം ഏഴാം തീയതി,പരിശുദ്ധ പിതാവ്  നയിച്ച മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനം, എടുത്തു പറഞ്ഞു. കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസ് ബർത്തോലോമിയോ ഒന്നാമൻ, മറ്റ് ക്രിസ്തീയ വിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവരോടൊപ്പം തുർക്കിയെയിൽ, നിഖ്യ സൂനഹദോസിന്റെ 1700 മത്  വാർഷിക വേളയിൽ ഒത്തുകൂടിയതും, കൂട്ടായ്മ പ്രാർത്ഥന നടത്തിയതും, ദൈവാനുഗ്രഹപ്രദമായിരുന്നുവെന്നും,  എല്ലാ ക്രിസ്ത്യാനികളുടെയും പൂർണ്ണവും,  ദൃശ്യവുമായ ഐക്യത്തിലേക്കുള്ള യാത്രയിൽ നമ്മുടെ പ്രതിബദ്ധത പുതുക്കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.

ക്ഷമയുള്ള സംഭാഷണത്തിലൂടെയും കഷ്ടപ്പെടുന്നവർക്കുള്ള സേവനത്തിലൂടെയും സ്നേഹത്തിന്റെ സുവിശേഷത്തിനും,  എളിമയിൽ വെളിപ്പെടുത്തപ്പെടുന്ന ദൈവീകയുക്തിയ്ക്കും  സാക്ഷ്യം വഹിക്കുന്നവരാണ്, തുർക്കിയെയിലെ കത്തോലിക്കാ സമൂഹമെന്നു പാപ്പാ വിശേഷിപ്പിച്ചു.

സഹവർത്തിത്വത്തിന്റെ ഒരു മൊസൈക്കായി ലെബനൻ പ്രവർത്തിക്കുന്നുവെന്നും, ഈ അർത്ഥത്തിൽ അവിടെ നിന്നുള്ള നിരവധി സാക്ഷ്യങ്ങൾ തന്നെ ഏറെ ആശ്വസിപ്പിച്ചുവെന്നും പാപ്പാ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ടവരെ സ്വാഗതം ചെയ്തും തടവുകാരെ സന്ദർശിച്ചും ആവശ്യമുള്ളവരുമായി അപ്പം പങ്കിട്ടും സുവിശേഷം പ്രഘോഷിക്കുന്ന ആളുകളെ താൻ അവിടെ കണ്ടുമുട്ടിയെന്നും പാപ്പാ കൂട്ടിച്ചേർത്തു. ബെയ്റൂട്ട് തുറമുഖത്ത് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച തന്നെ ഏറെ സ്പർശിച്ചുവെന്നും പാപ്പാ എടുത്തു പറഞ്ഞു.

ഒരു വാക്കിനും,  ആശ്വാസത്തിന്റെ സാന്നിധ്യത്തിനും വേണ്ടി കാത്തിരുന്നവരാണ് ലെബനൻ ജനതയെന്നു പറഞ്ഞ പാപ്പാ, എന്നാൽ,  അവരുടെ വിശ്വാസവും, ഉത്സാഹവും, തന്നെയാണ് ഏറെ ആശ്വസിപ്പിച്ചതെന്നു അനുസ്മരിച്ചു. " തുർക്കിയെയിലും, ലെബനനിലും നടത്തിയ സന്ദർശനങ്ങൾ, സമാധാനം സാധ്യമാണെന്നും,  മറ്റ് മതങ്ങളിലും സംസ്കാരങ്ങളിലും പെട്ട പുരുഷന്മാരുമായും സ്ത്രീകളുമായുമുള്ള  സംഭാഷണത്തിൽ ക്രിസ്ത്യാനികൾക്ക് സമാധാനം കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകാൻ കഴിയുമെന്നും നമ്മെ പഠിപ്പിക്കുന്നു. നാം മറക്കരുത്: സമാധാനം സാധ്യമാണ്!", പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഡിസംബർ 2025, 13:14