ലിയോ പതിനാലാമൻ പാപ്പാ പ്രാർത്ഥനാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ പ്രാർത്ഥനാവേളയിൽ   (AFP or licensor)

അമലോത്ഭവ തിരുനാളിൽ ലിയോ പതിനാലാമൻ പാപ്പാ, പരിശുദ്ധ അമ്മയുടെ സന്നിധിയിൽ

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ദിനമായ ഡിസംബർ മാസം എട്ടാം തീയതി, പ്രാദേശിക സമയം വൈകുന്നേരം നാലുമണിക്ക്, റോമിലെ പുരാതന ചത്വരങ്ങളിലൊന്നായ സ്പാനിഷ് പടികളിലുള്ള മാതാവിന്റെ തിരുസ്വരൂപത്തിൽ ലിയോ പതിനാലാമൻ പാപ്പാ പുഷ്പചക്രം അർപ്പിക്കുകയും, മാതാവിനോടുള്ള പ്രത്യേകമായ പ്രാർത്ഥന നടത്തുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ദിനത്തിൽ, പാരമ്പര്യമനുസരിച്ച്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, റോമിലെ പുരാതന ചത്വരങ്ങളിലൊന്നായ സ്പാനിഷ് പടികളിലുള്ള മാതാവിന്റെ തിരുസ്വരൂപത്തിൽ, പുഷ്പചക്രം അർപ്പിച്ച്, ലോകം മുഴുവനും വേണ്ടി പ്രാർത്ഥിച്ചു.

വളരെ പ്രത്യേകമായി ഈ ജൂബിലി വർഷത്തിൽ, ഏവർക്കും പ്രത്യാശയുടെയും, സമാധാനത്തിന്റെയും ആനന്ദം അനുഭവിക്കുവാൻ ഇടവരട്ടെയെന്നു പ്രാർത്ഥിക്കുകയും ചെയ്തു. റോമൻ നഗരവും, അതിന്റെ മെത്രാനായ പാപ്പായും തമ്മിലുള്ള ഒരു അഭേദ്യമായ ബന്ധത്തെയും ഈ പാരമ്പര്യം എടുത്തുകാണിക്കുന്നു. 1958-ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായാണ് ഈ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്.

പരിശുദ്ധ പിതാവിനെ ചത്വരത്തിലേക്ക് സ്വീകരിക്കുന്നതിനും, പാപ്പയോടൊപ്പം പ്രാർത്ഥനയിൽ പങ്കുകൊള്ളുവാനും ഏകദേശം മുപ്പത്തിനായിരത്തിനു മുകളിൽ ആളുകൾ ചത്വരത്തിൽ മുൻകൂട്ടി എത്തിയിരുന്നു. രോഗികളായ നിരവധിയാളുകളും, മുൻനിരയിൽ പാപ്പായ്‌ക്കൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നു. റോമൻ രൂപതയുടെ കർദ്ദിനാൾ വികാരി ബാൽദോ റെയ്‌നയും, റോമൻ നഗരത്തിന്റെ  മേയർ റോബെർത്തോ  ഗ്വാൾത്തിയേരിയും പാപ്പായ്‌ക്കൊപ്പം പ്രാർത്ഥനയിൽ പങ്കുകൊണ്ടു.

"വിശ്വാസികളുടെ മാതാവായ പരിശുദ്ധ മറിയമേ, പ്രതീക്ഷ ശമിച്ചിട്ടില്ലാത്ത ആളുകളെ കാണണമേ, ഭൂമിയുടെ എല്ലാ കോണുകളിലും ജൂബിലിയുടെ പ്രത്യാശ തഴച്ചു വളരുവാൻ സഹായിക്കണമേ" പാപ്പാ പ്രത്യേകം  പ്രാർത്ഥിച്ചു. അഹിംസയുടെയും, അനുരഞ്ജനത്തിന്റെയും പാഠങ്ങൾ പഠിപ്പിക്കണമേയെന്നും, ഭൗതീക മാറ്റങ്ങളിൽ പൊരുതുന്ന ജനതയ്ക്ക് സഹായമാകണമേയെന്നും പാപ്പാ, തന്റെ പ്രാർത്ഥനയിൽ അടിവരയിട്ടു. സമാധാനത്തിന്റെ രാജ്ഞി, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! എന്ന അപേക്ഷയോടെയാണ് പാപ്പാ തന്റെ പ്രാർത്ഥന അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഡിസംബർ 2025, 13:12