പോൾ ആറാമൻ പൊന്തിഫിക്കൽ സ്‌കൂളിൽനിന്നുള്ള ഒരു ദൃശ്യം പോൾ ആറാമൻ പൊന്തിഫിക്കൽ സ്‌കൂളിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

സ്‌കൂൾ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് ഗാനം ആസ്വദിച്ച് ലിയോ പതിനാലാമൻ പാപ്പാ

പതിവുപോലെ, റോമിന് പുറത്ത് കസ്തേൽ ഗാന്തോൾഫോയിലുള്ള വില്ല ബാർബരീനി എന്ന തന്റെ വേനൽക്കാല വസതിയിൽ വിശ്രമത്തിനും കൂടിക്കാഴ്ചകൾക്കുമായെത്തിയ ലിയോ പതിനാലാമൻ പാപ്പാ, ഡിസംബർ 16 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ അവിടെയുള്ള പോൾ ആറാമൻ പൊന്തിഫിക്കൽ സ്‌കൂളിലെ കുട്ടികൾ നയിച്ച സംഗീതക്കച്ചേരിയിൽ സംബന്ധിച്ചു. കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിനും, അവരുടെ ഗാനത്തിനും പാപ്പാ നന്ദി പറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കസ്തേൽ ഗാന്തോൾഫോയിലെ പോൾ ആറാമൻ പൊന്തിഫിക്കൽ സ്‌കൂളിലെ കുട്ടികൾ നയിച്ച സംഗീതക്കച്ചേരിയിൽ സംബന്ധിച്ചും ക്രിസ്തുമസ് ആശംസകൾ നേർന്നും ലിയോ പതിനാലാമൻ പാപ്പാ. പതിവുപോലെ, റോമിന് പുറത്ത് കസ്തേൽ ഗാന്തോൾഫോയിലുള്ള വില്ല ബാർബരീനി എന്ന തന്റെ വേനൽക്കാല വസതിയിൽ വിശ്രമത്തിനും കൂടിക്കാഴ്ചകൾക്കുമായെത്തിയ അവസരത്തിലാണ് പരിശുദ്ധ പിതാവ്, ഡിസംബർ 16 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ അവിടെയുള്ള ഈ സ്‌കൂളിലെത്തിയത്.

ക്രിസ്തുമസ് എപ്രകാരമാണ് നാമെല്ലാവരിലും ആനന്ദം ഉണർത്തുന്നതെന്ന്, വിവിധ ഭാഷകളിലുള്ള ഈ ഗാനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന്, പറഞ്ഞ പാപ്പാ, ഈ കാലം നൽകുന്ന ആനന്ദവും, സമാധാനവും ക്ഷണവും ഏറെ പ്രധാനപ്പെട്ടതാണെന്ന് പ്രസ്താവിച്ചു. ക്രിസ്തുമസ് സംഗീതപരിപാടിയിലേക്കുള്ള ക്ഷണത്തിൽ താൻ തികച്ചും സന്തുഷ്ടനാണെന്നും, "മാലാഖമാർ സ്നേഹം കൊണ്ടുവരുന്നു" എന്ന ഒരു ഗാനത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ട്, ഈ സായാഹ്നത്തിൽ മനോഹരമായ ഗാനാലാപനത്തിലൂടെ നിങ്ങൾ കുട്ടികളാണ് ഏവരിലേക്കും സ്നേഹം കൊണ്ടുവന്നതെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

ദൈവം നമുക്ക് തന്ന സ്നേഹത്തിന്റെ സമ്മാനമാണ് ക്രിസ്തുമസെന്ന് പ്രസ്താവിച്ച പാപ്പാ, നമ്മോടൊപ്പമായിരിക്കാൻ, പ്രത്യേകിച്ച് ഏറ്റവും ചെറിയവർക്കൊപ്പമായിരിക്കാൻ ആഗ്രഹിച്ചവനാണ് ദൈവമെന്ന് ഓർമ്മിപ്പിച്ചു. ഇന്നും, ഈ ദിവസങ്ങളിലും നാം ജീവിക്കുന്ന ഈ ആഘോഷത്തിന്റെ അനുഭവം വർഷം മുഴുവനും ഉണ്ടാകട്ടെയെന്നും, ക്രിസ്തുമസിന്റെ സ്നേഹം എന്നും ജീവിക്കാൻ നമുക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

"ക്രിസ്തുമസ് കാലത്ത് കൂടുതൽ നന്മ ചെയ്യാൻ സാധിക്കും" എന്ന സന്ദേശമുൾക്കൊള്ളുന്ന ഒരു ഗാനത്തെ പരാമർശിച്ചുകൊണ്ട്, ലോകത്തിന് കൂടുതലായി സമാധാനവും സ്നേഹവും ഐക്യവും ആശംസിക്കാനുള്ള ഒരു ക്ഷണമാണ് നമുക്ക് മുന്നിലുള്ളതെന്ന് പാപ്പാ പ്രസ്താവിച്ചു.

വില്ല ബാർബരീനിയിൽനിന്ന് 700 മീറ്ററുകൾ അകലെയാണ് പോൾ ആറാമൻ പൊന്തിഫിക്കൽ കത്തോലിക്കാ പ്രൈമറി സ്‌കൂൾ. 1968 സെപ്റ്റംബർ 12-ന് പോൾ ആറാമൻ പാപ്പായാണ് ഈ സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌ത്‌, കുട്ടികൾക്കും യുവജനങ്ങൾക്കും കാതോലിക്കാവിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട്, അവിടെയുള്ള പ്രാദേശികസമൂഹത്തിന് സമ്മാനിച്ചത്. നിലവിൽ മുന്നൂറോളം കുട്ടികളാണ് ഈ സ്‌കൂളിൽ വിദ്യാഭ്യാസം നടത്തുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഡിസംബർ 2025, 12:53