ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനാഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ

2026-ലെ ആഗോളസമാധാനദിനത്തിലേക്കുള്ള ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിക്കപ്പെട്ടു. "നിങ്ങൾക്ക് സമാധാനം: ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനത്തിലേക്ക്" എന്ന ഈ സന്ദേശത്തിന്റെ പ്രമേയം ഓഗസ്റ്റ് 26-ന് സമഗ്ര മാനവികവികസന സേവനത്തിനായുള്ള ഡികാസ്റ്ററി ഓഗസ്റ്റ് 26 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അക്രമത്തിന്റെയും യുദ്ധത്തിന്റെയും യുക്തി ഉപേക്ഷിച്ച്, സമാധാനം ജീവിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം. ആഗോളസമാധാനദിനം ആചരിക്കപ്പെടുന്ന ജനുവരി ഒന്നാം തീയതിയിലേക്കായി തയ്യാറാക്കി ഡിസംബർ 18 വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സുദീർഘമായ രേഖയിലൂടെയാണ്, ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനത്തിലേക്ക് പരിശുദ്ധ പിതാവ് മാനവികതയെ ക്ഷണിച്ചത്.

ആധികാരികവും സമൂർത്തവുമായ സമാധാനത്തിനായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്ന പാപ്പാ, ഇത്തരത്തിലുള്ള സമാധാനം സ്നേഹത്തിലും നീതിയിലും അധിഷ്ഠിതമായിരിക്കുമെന്ന് തന്റെ സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു. സമാധാനത്തിനായുള്ള പരിശ്രമം, അക്രമത്തിന്റെ പാത വെടിഞ്ഞുള്ളതായിരിക്കണമെന്നും പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.

ഭയത്തിലും ഭീഷണിയിലും ആയുധബലത്തിലും അധിഷ്ഠിതമായ സമാധാനസ്ഥാപനശ്രമങ്ങളെ ആഗോളസമാധാനദിനത്തിലേക്കുള്ള പരിശുദ്ധ പിതാവിന്റെ സന്ദേശം തള്ളിക്കളഞ്ഞു. ആയുധരഹിതമായതും, സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതും, ഹൃദയങ്ങളെ കൂടുതൽ വിശാലമാക്കുന്നതും, മറ്റുള്ളവരിൽ വിശ്വാസവും സഹാനുഭൂതിയും പ്രത്യാശയും പകരുന്നതുമാകണം യഥാർത്ഥ സമാധാനശ്രമം.

ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യർക്ക് നൽകുന്ന "നിങ്ങൾക്ക് സമാധാനം" (യോഹന്നാൻ 20, 19) എന്ന അഭിവാദ്യത്തോടെയാണ് 2026-ലെ ആഗോളസമാധാനദിനത്തിലേക്കുള്ള തന്റെ സന്ദേശം പരിശുദ്ധ പിതാവ് ആരംഭിച്ചത്. ഉത്ഥിതൻ നൽകുന്ന സമാധാനം, ആയുധരഹിതമായതും നിരായുധീകരിക്കുന്നതുമായ സമാധാനം എന്നീ മൂന്ന് ആശയങ്ങളാണ് തന്റെ സന്ദേശത്തിൽ പാപ്പാ വിശദീകരിക്കുന്നത്.

ജനതകളുടെ മധ്യത്തിൽ വിധികർത്താവായി വരുന്ന കർത്താവിനെക്കുറിച്ചും, തർക്കങ്ങളും സംഘർഷങ്ങളും ഇല്ലാത്തതും, യുദ്ധത്തിനായുള്ള ആയുധങ്ങൾ പണിയായുധങ്ങളായി മാറ്റുന്ന ഒരു സമയത്തെക്കുറിച്ചും ഏശയ്യാ പ്രവാചകൻ പറയുന്ന (ഏശയ്യ 2, 4-5) വാക്കുകളോടെയാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.

സമാധാനസ്ഥാപനത്തിനായുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനം വിശ്വാസികളും അവിശ്വാസികളുമായ ഏവർക്കും, പ്രത്യേകിച്ച് രാഷ്ട്രീയ-അധികാര മേഖലകളിൽ പ്രവർത്തിക്കുന്ന ഇവർക്കുമുള്ള ഒരു വിളിയും മാതൃകയുമാണ്.

ഡിസംബർ 18 വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസിൽ നടന്ന ഒരു കോൺഫറൻസിൽ, സമഗ്ര മാനവികവികസന സേവനത്തിനായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി, പിസ യൂണിവേഴ്സിറ്റിയിലെ തത്വശാസ്ത്ര അദ്ധ്യാപകൻ പ്രൊഫ. തൊമാസൊ ഗ്രെകോ, ബോസ്നിയയിൽനിന്നുള്ള ഫാ. പെറോ മിലിചേവിച്, ഇറ്റലിയുടെ പ്രധാനമന്ത്രിയും പ്രശസ്ത രാഷ്ട്രീയപ്രവർത്തകനുമായിരുന്ന ആൽദോ മോറോയുടെ മകൾ മരിയ അഞ്ഞേസെ മോറോ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പോൾ ആറാമൻ പാപ്പാ 1967 ഡിസംബർ 8-ന് നൽകിയ ഒരു സന്ദേശത്തിലൂടെ സ്ഥാപിക്കപ്പെട്ട ആഗോളസമാധാനദിനം 1968 ജനുവരി ഒന്നിനാണ് ആദ്യമായി ആചരിക്കപ്പെട്ടത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഡിസംബർ 2025, 14:16