തിരയുക

സംഗീതക്കച്ചേരിയിൽ പാപ്പാ പങ്കെടുക്കുന്നു സംഗീതക്കച്ചേരിയിൽ പാപ്പാ പങ്കെടുക്കുന്നു   (@Vatican Media)

മാനവകുലം പ്രശ്നങ്ങളുടെ അടിമത്തത്തിൽ വിഷമിക്കുകയല്ല, ദൈവസുതരെന്ന നിലയിൽ സന്തോഷിക്കുകയാണ് വേണ്ടത്: പാപ്പാ

വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ, ഡിസംബർ മാസം ആറാം തീയതി, പ്രാദേശിക സമയം വൈകുന്നേരം നടന്ന 'ദരിദ്രരുമായുള്ള സംഗീത പരിപാടി'യിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്തുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ സംസാരിച്ചു. സംഗീതമെന്നത് എല്ലാവർക്കും പ്രാപ്യമായ ഒരു ദിവ്യ ദാനമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നിരവധി ജീവകാരുണ്യ സംഘടനകളുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തിലൂടെ, ഏകദേശം എണ്ണായിരത്തോളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ, 'ദരിദ്രരുമായുള്ള സംഗീത പരിപാടി'യുടെ ആറാം പതിപ്പ് ഡിസംബർ മാസം ആറാം തീയതി നടത്തി.  തദവസരത്തിൽ, പങ്കെടുത്തവരെ അഭിവാദ്യം ചെയ്തുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ സംസാരിച്ചു. ഫ്രാൻസിസ് പാപ്പായാണ് ഈ സംഗീതകച്ചേരിക്ക് തുടക്കം കുറിച്ചത്.

സംഗീതക്കച്ചേരിക്ക് നേതൃത്വം നല്കിയവരെയും, കലാകാരന്മാരെയും  പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും അവർക്ക്  നന്ദിയർപ്പിക്കുകയും ചെയ്തു. കാനഡയിൽ നിന്നുള്ള സംഗീതജ്ഞൻ, മൈക്കൽ ബുബ്ലെയും, ഇറ്റാലിയൻ ഗായിക സെരേന ഔത്തിയേരി എന്നീ പ്രശസ്തരും കച്ചേരിയുടെ ഭാഗമായി.

സംഗീതം നമ്മെ ദൈവത്തിലേക്ക് നയിക്കുന്ന ഒരു പാലം പോലെയാണെന്നും, ആത്മാവിന്റെ ചലനങ്ങൾ കൈമാറ്റം ചെയ്യുന്നതിനും, ഭൂമിയെയും ആകാശത്തെയും ബന്ധിപ്പിക്കുന്ന ഒരു അനുയോജ്യമായ ഗോവണിയായി രൂപാന്തരപ്പെടുത്താനും സംഗീതത്തിന് സാധിക്കുമെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. അത് നമ്മുടെ ദുഃഖങ്ങളിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കുന്നതുകൊണ്ടോ, അത് നമ്മെ അമ്പരപ്പിക്കുന്നതിനാലോ,  ജീവിതത്തിലെ പ്രശ്നങ്ങളെയും അല്ലെങ്കിൽ പ്രയാസകരമായ സാഹചര്യങ്ങളെയും മറയ്ക്കുന്നതിനാലോ അല്ല, മറിച്ച് നമ്മുടെ പ്രശ്നങ്ങളേക്കാളും കഷ്ടപ്പാടുകളേക്കാളും വളരെ വലുതാണ് നാം ദൈവമക്കളാണെന്നുള്ള സന്തോഷമെന്നു എടുത്തു കാണിക്കുന്നതിനാൽ മാത്രമെന്നും  പാപ്പാ എടുത്തുപറഞ്ഞു.

ക്രിസ്തുമസ് ആഘോഷങ്ങളും, എല്ലാ സംസ്കാരങ്ങളിലും ഗീതങ്ങളാൽ മുഖരിതമാണെന്നും,  മാലാഖമാർ യേശുവിന്റെ ജനനസമയത്ത് പാടിയ ഗീതം കേൾക്കുവാൻ ഭാഗ്യം ലഭിച്ചത്  ആട്ടിടയന്മാർക്കായിരുന്നു എന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു. സ്വാർത്ഥ താൽപ്പര്യങ്ങളിലും ഭൗതിക ഉത്കണ്ഠകളിലും തളച്ചിടപ്പെടാതെ, ആവശ്യമുള്ളവരുടെ കാര്യങ്ങളിൽ  ശ്രദ്ധാലുക്കളായി മുൻപോട്ടു പോകുവാനും അപ്രകാരം  കർത്താവിനെ കണ്ടുമുട്ടുവാൻ ഇടയാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഡിസംബർ 2025, 13:10