സുവിശേഷത്തോടുള്ള വിശ്വസ്തത അജപാലന ശുശ്രൂഷയിൽ ഏറെ പ്രധാനപ്പെട്ടതാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ദാരിദ്ര്യത്തിന്റെയും, അക്രമത്തിന്റെയും പശ്ചാത്തലത്തിൽ, വിശ്വാസികൾക്ക് വേണ്ടി വിശുദ്ധ ബലിയർപ്പിക്കുകയും, വിശ്വാസം പഠിപ്പിക്കുകയും, ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്താങ്ങുകയും ചെയ്തതിന്റെ പേരിൽ, 1991-ൽ, പെറുവിൽ രക്തസാക്ഷിത്വം വരിച്ച പോളിഷ് ഫ്രാൻസിസ്കൻ വൈദികരായ, മൈക്കൽ തോമാസ്സെക്, സ്ബിഗ്നിവ് സ്ട്രാൽകോവ്സ്കി, ഇറ്റാലിയൻ പുരോഹിതൻ അലസ്സാൻഡ്രോ ഡോർഡിയെ എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെ പത്താം വാർഷികത്തിൽ, ലിയോ പതിനാലാമൻ പാപ്പാ സന്ദേശമയച്ചു.
'ആധികാരിക ഇടയന്മാർ' എന്നാണ് പാപ്പാ ഈ വൈദികരെ വിശേഷിപ്പിച്ചത്. അവരുടെ മരണത്തിനു മുമ്പുതന്നെ, അവരിൽ ഓരോരുത്തരുടെയും മിഷനറി ജീവിതം, ക്രൈസ്തവമതത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്നതായിരുന്നുവെന്ന പറഞ്ഞ പാപ്പാ, ഈ വൈദികർ വ്യത്യസ്ത ഭാഷകൾ, സംസ്കാരങ്ങൾ, രൂപീകരണങ്ങൾ, ആത്മീയത എന്നിവ ഉൾക്കൊണ്ടവരായിരുന്നുവെങ്കിലും, ആളുകളെ സമീപിക്കുന്നതിനും ശുശ്രൂഷ നൽകുന്നതിനും അവർക്ക് സവിശേഷമായ ഒരു മാർഗം ഉണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
അജപാലന വാത്സല്യത്തോടെ, പെറുവിലെ പാരിയാക്കോട്ടോയിലും സാന്താ പ്രദേശത്തുമുള്ള നിവാസികളുടെ ആശങ്കകളും കഷ്ടപ്പാടുകളും തങ്ങളുടേതാക്കി ഏറ്റെടുത്തവരാണ് ഇവരെന്നും പാപ്പാ പ്രത്യേകം സൂചിപ്പിച്ചു. ഇക്കാരണത്താൽ, അവരുടെ ജീവിതവും രക്തസാക്ഷിത്വവും ഇന്ന് സാർവത്രിക സഭയുടെ ഐക്യത്തിനും ദൗത്യത്തിനുമുള്ള ക്ഷണമാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. രക്തസാക്ഷികളുടെ രക്തം വ്യക്തിപരമായ പദ്ധതികളുടെയോ ആശയങ്ങളുടെയോ സേവനത്തിനല്ല, മറിച്ച് കർത്താവിനും അവിടുത്തെ ജനത്തിനുമുള്ള സ്നേഹത്തിന്റെ സേവനത്തിനുവേണ്ടിയാണ് ചൊരിയപ്പെട്ടതെന്നും പാപ്പാ അടിവരയിട്ടു.
ഈ രക്തസാക്ഷികളുടെ ജീവിതങ്ങളെ അനുസ്മരിച്ചുകൊണ്ട്, ദൈവവിളി സ്വീകരിക്കുവാൻ, കർത്താവിന്റെ നല്ല മിഷനറിമാരായി സേവനം ചെയ്യുവാൻ യുവജനങ്ങളെ പാപ്പാ ക്ഷണിച്ചു. മിഷൻ പ്രദേശങ്ങളിലേക്ക്, ചെറുപ്പക്കാരായ വൈദികരെ നൽകുവാനും, അപ്രകാരം അജപാലന ശുശ്രൂഷകൾ ത്വരിതപ്പെടുത്തുവാനും, പാപ്പാ, മെത്രാന്മാരെയും പ്രത്യേകം ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
