തിരയുക

വിശുദ്ധ കുർബാന വേളയിൽ പാപ്പാ വിശുദ്ധ കുർബാന വേളയിൽ പാപ്പാ   (ANSA)

പരിശുദ്ധ മറിയത്തിന്റെ മാതൃത്വത്തിൽ നാം മക്കളാണെന്നു തിരിച്ചറിയണം: പാപ്പാ

ഗ്വാദലൂപേ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ മാസം പന്ത്രണ്ടാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു. ജീവിതം ദുസ്സഹമാകുമ്പോൾ മറിയം തന്റെ സാന്നിധ്യത്താൽ നമ്മെ പിന്തുണയ്ക്കുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലാറ്റിനമേരിക്കൻ ജനത മുഴുവൻ വണങ്ങുന്ന ഗ്വാദലൂപേ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ മാസം പന്ത്രണ്ടാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിലെ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പിക്കുകയും, ഇന്നത്തെ സാഹചര്യങ്ങളിൽ, വിഷമതയനുഭവിക്കുന്ന ജനതയ്ക്ക് പരിശുദ്ധ അമ്മയുടെ സാന്നിധ്യം നൽകുന്ന ആശ്വാസത്തെ എടുത്തുപറഞ്ഞുകൊണ്ട് വചന സന്ദേശം നൽകുകയും ചെയ്തു. ക്രിസ്തുവിനെ സ്വീകരിക്കുവാനായി ദൈവം  തന്നെയൊരുക്കിയ പരിശുദ്ധ മറിയത്തെ, സ്നേഹത്തിന്റെ അമ്മയായിട്ടാണ് ക്രൈസ്തവപാരമ്പര്യം അംഗീകരിക്കുന്നതെന്നു പാപ്പാ പറഞ്ഞു. സുവിശേഷത്തിൽ, ദൈവവചനം തന്റെ ജീവിതത്തിൽ പ്രവേശിക്കാനും അതിനെ രൂപാന്തരപ്പെടുത്താനും ചലനാത്മകമായ ജീവിതം നയിച്ച പരിശുദ്ധ അമ്മയുടെ വ്യതിരിക്തത സേവനത്തിലായിരുന്നുവെന്നു പാപ്പാ അടിവരയിട്ടുപറഞ്ഞു.

 കൃപ നിറഞ്ഞവരുടെ വാക്കുകൾ "തേനിനേക്കാൾ മധുരമാണ് എന്ന് വചനത്തിന്റെ അടിസ്ഥാനത്തിൽ ഓർമ്മപെടുത്തിയ പാപ്പാ, ഇത് തന്നെയാണ്, സ്നാപകയോഹന്നാൻ അമ്മയുടെ ഉദരത്തിൽ സന്തോഷത്താൽ നിറഞ്ഞുകൊണ്ട് കുതിച്ചുചാടുവാൻ ഇടയാക്കിയതെന്നും കൂട്ടിച്ചേർത്തു. ഈ തേനിനേക്കാൾ മധുരമേറിയതാണ് തന്റെ പുത്രന്റെ സാന്നിധ്യമെന്നത് തിരിച്ചറിഞ്ഞ വ്യക്തി കൂടിയാണ് പരിശുദ്ധ മറിയമെന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു. തന്റെ ജീവിതത്തിലുടനീളം, മറിയം ഈ സന്തോഷം കൊണ്ടുവന്നുവെന്നും, മനുഷ്യന്റെ വിഷമതകളിൽ, മറിയം അത് പങ്കുവച്ചുവെന്നും പറഞ്ഞ പാപ്പാ, കാനായിലെ കല്യാണവിരുന്നിന്റെയും, ഗ്വാദലൂപേയിലെ അത്ഭുതത്തിന്റെയും സാക്ഷ്യവും അടിവരയിട്ടു.

"ഞാൻ നിങ്ങളുടെ അമ്മയാണ്" എന്ന് കേൾക്കുന്നവർ കുരിശിൽ നിന്ന്, "ഇതാ, നിങ്ങളുടെ അമ്മ" എന്ന് പറഞ്ഞ ക്രിസ്തുവിന്റെ വാക്കുകൾ തന്നെയാണ് ശ്രവിക്കുന്നതെന്നും, ഈ മാതൃത്വത്തിൽ, നമ്മുടെ പുത്രഭാവം കണ്ടെത്തുവാൻ നമുക്ക് സാധിക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു. എന്നാൽ പുത്രരെന്ന നിലയിൽ നാം എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ, അതിനു പരിശുദ്ധ അമ്മയുടെ മറുപടി, "അവൻ  നിങ്ങളോടു പറയുന്നതെന്തും ചെയ്തുകൊള്ളുക" എന്നത് മാത്രമായിരിക്കുമെന്നും പാപ്പാ പറഞ്ഞു. അധികാരം ഒരു സേവനമായിരിക്കണം എന്നത് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നുവെന്നും, ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള കടമ ഓരോ ഭരണാധികാരികളിലും നിക്ഷിപ്തമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

യുവജനങ്ങളെ  ലോകം  മറ്റൊരു ദിശയിലേക്ക് തള്ളിവിട്ടാലും, ക്രിസ്തുവിൽ നിന്ന് നന്മയെ തിരഞ്ഞെടുക്കാനുള്ള ശക്തിയും,  വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും ലഭിക്കുന്നതിനായി, അവരെ അനുഗമിക്കണമേ എന്ന് പരിശുദ്ധ അമ്മയോട് പാപ്പാ പ്രത്യേകം അഭ്യർത്ഥിച്ചു. സഭയിൽ നിന്നും അകന്നു നിൽക്കുന്നവരെയും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിച്ചു പാപ്പാ പ്രാർത്ഥിച്ചു. സ്നേഹത്തിന്റെ ശക്തിയാൽ അവരെ മാതൃഭവനത്തിലേക്ക് നയിക്കണമേ എന്നായിരുന്നു പാപ്പായുടെ വാക്കുകൾ. തുടർന്ന് കുടുംബങ്ങൾക്കുവേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു. സുവിശേഷത്തിന്റെ സത്യം മാധുര്യത്തോടും കൃത്യതയോടും വ്യക്തതയോടും കുടുംബങ്ങളിൽ കൈമാറാൻ തക്കവണ്ണം  മനസ്സും ഹൃദയവും രൂപപ്പെടുത്തണമേയെന്നുള്ളതായിരുന്നു പ്രാർത്ഥന.

തുടർന്ന്, ഗ്വാദലൂപേയിൽ പരിശുദ്ധ അമ്മയുടെ സന്ദേശം സ്വീകരിച്ച ഹുവാൻ ദിയെഗോയുടെ എളിമയാർന്ന ജീവിതത്തെ അനുസ്മരിച്ച പാപ്പാ, നമുക്ക് ലഭിക്കുന്ന  സന്ദേശങ്ങളുടെ യജമാനന്മാരല്ല നാമെന്നും, മറിച്ച്, നാം അതിന്റെ എളിയ ദാസന്മാർ മാത്രമാണെന്നു എടുത്തുപറഞ്ഞു. തനിക്കുവേണ്ടിയും പാപ്പാ പ്രാർത്ഥനയഭ്യർത്ഥിച്ചു. "എല്ലാവരുടെയും നന്മയ്ക്കായി ക്രിസ്തു, സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ ഏൽപ്പിച്ച നിങ്ങളുടെ ഈ പുത്രനെ ഓർക്കുക",  ഈ താക്കോലുകൾ "എല്ലാ മനുഷ്യ ദുരിതങ്ങളുടെയും വീണ്ടെടുപ്പിനായി,  ബന്ധിക്കാനും സ്വതന്ത്രമാക്കുവാനും  സഹായിക്കുന്നു",  വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളിൽ പാപ്പാ എടുത്തുപറഞ്ഞു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഡിസംബർ 2025, 14:28