ലിയോ പതിനാലാമൻ പാപ്പായും ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗും -  ഫയൽ ചിത്രം ലിയോ പതിനാലാമൻ പാപ്പായും ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗും - ഫയൽ ചിത്രം  (@Vatican Media)

ലിയോ പതിനാലാമൻ പാപ്പായും ഇസ്രായേൽ പ്രസിഡന്റും തമ്മിൽ ടെലിഫോൺ സംഭാഷണം

ഡിസംബർ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ലിയോ പതിനാലാമൻ പാപ്പായുമായി ഫോണിൽ സംസാരിച്ചുവെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു. ഹനൂക്ക ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സംസാരത്തിൽ, സിഡ്‌നിയിൽ നടന്ന ഭീകരാക്രമണത്തെയും സെമിറ്റിക് വിരുദ്ധനടപടികളെയും പാപ്പാ അപലപിച്ചു. ഇസ്രയേലുമായി ബന്ധപ്പെട്ട സമാധാന നടപടികളും ചർച്ചാവിഷയമായി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് (Isaac Herzog) ലിയോ പതിനാലാമൻ പാപ്പായുമായി ഫോൺ സംഭാഷണത്തിലേർപ്പെട്ടുവെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു. ഡിസംബർ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് പ്രസിഡന്റ് ഹെർസോഗ്, യഹൂദ ആഘോഷമായ ഹനൂക്കയുടെ (Hanukkah) കൂടി പശ്ചാത്തലത്തിൽ പാപ്പായെ വിളിച്ചത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഹനൂക്ക ആഘോഷങ്ങളിലായിരുന്ന ആളുകൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ കൂടി വെളിച്ചത്തിൽ, എല്ലാ തരങ്ങളിലുമുള്ള സെമെറ്റിക് വിരുദ്ധ നടപടികളെയും കത്തോലിക്കാസഭ ശക്തമായി അപലപിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് ആവർത്തിച്ചു. ഇത്തരം പ്രവൃത്തികൾ ലോകമെമ്പാടുമുള്ള യഹൂദസമൂഹത്തിലും, മൊത്തം പൊതുസമൂഹത്തിലും ഭീതി വിതച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യവും പാപ്പാ അനുസ്മരിച്ചു.

അതേസമയം, ഇസ്രായേൽ പ്രദേശത്ത് നടന്നുവരുന്ന സമാധാനനടപടികൾ തുടരണമെന്ന തന്റെ അഭ്യർത്ഥനയും പരിശുദ്ധ പിതാവ് ആവർത്തിച്ചു. മാനവികസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ അടിയന്തിര പ്രാധാന്യവും പരിശുദ്ധ പിതാവ് പ്രസിഡന്റ് ഹെർസോഗിന് മുന്നിൽ അവതരിപ്പിച്ചുവെന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.

ഡിസംബർ 14 ഞായറാഴ്ച ബൊണ്ടായ് കടൽത്തീരത്ത് ഹനൂക്ക ആഘോഷത്തിലായിരുന്ന ആളുകൾക്ക് നേരെ ഒരു പിതാവും മകനും നടത്തിയ വെടിവയ്പ്പിൽ, പത്ത് വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ, പതിനഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. നാൽപ്പത് പേർക്ക് പരിക്കേറ്റു.

സെപ്റ്റംബർ 4-ന് ഇരുനേതാക്കളും തമ്മിൽ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ, മദ്ധ്യപൂർവ്വദേശങ്ങളിലെ രാഷ്ട്രീയ സാമൂഹിക സ്ഥിതിവിശേഷങ്ങൾ ചർച്ചാവിഷയമായിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഡിസംബർ 2025, 14:12