നയതന്ത്രപ്രവർത്തനങ്ങളിൽ പ്രത്യാശയ്ക്ക് അതുല്യമായ അർത്ഥമുണ്ട്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇറ്റാലിയൻ സർക്കാരിന്റെ നയതന്ത്ര ഉദോഗസ്ഥർ, ജൂബിലിയോടനുബന്ധിച്ച്, വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുകയും, ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഈ ജൂബിലി തീർത്ഥാടനം ഹൃദയത്തിൽ പ്രത്യാശ നിറയ്ക്കുവാനും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ള അവസരമാണെന്നു പാപ്പാ എടുത്തു പറഞ്ഞു. നന്മയിലേക്കും, നീതിയിലേക്കും നമ്മെ നയിക്കുന്ന ഇച്ഛാശക്തിയാണ് പ്രത്യാശയെന്ന പുണ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ബുദ്ധിമുട്ടുകളും പിരിമുറുക്കങ്ങളും നേരിടുമ്പോൾ പോലും പരസ്പര ധാരണയിൽ വിശ്വസിക്കുവാൻ പ്രത്യാശ സഹായിക്കുന്നുവെന്നും, പരസ്പരം മനസ്സിലാക്കാൻ പരിശ്രമിച്ചുകൊണ്ട്, ഒരു കരാറിലെത്താനുള്ള മികച്ച മാർഗങ്ങളും വാക്കുകളും തേടുവാൻ നയതന്ത്രജ്ഞർ പ്രതിജ്ഞാബദ്ധരാണെന്നും പാപ്പാ എടുത്തുപറഞ്ഞു. ആധികാരിക നയതന്ത്ര ദൗത്യത്തെ പക്ഷപാതപരമായ നേട്ടങ്ങളിൽ നിന്നും അകറ്റേണ്ടത് ആവശ്യമാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. അത്തരം ഒഴുക്കുകളെ ചെറുക്കുന്നതിന്, അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സാക്ഷ്യമാണ് യേശുവിന്റെ മാതൃക നൽകുന്നതെന്നും പാപ്പാ അടിവരയിട്ടു.
ബഹു-വംശീയ കാലാവസ്ഥയിൽ, സ്വാഗതം, സംയോജനം, സാഹോദര്യം എന്നിവയുടെ അടയാളമായി പരസ്പരവും സാംസ്കാരികവുമായ ധാരണ വളർത്തുകയും, സംഭാഷണം ത്വരിതപ്പെടുത്തുകയും ചെയ്യേണ്ടത് ഏറെ ആവശ്യമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഈ ശൈലിക്ക് സഹകരണത്തിന്റെയും സമാധാനത്തിന്റെയും ഫലം നൽകാൻ കഴിയുമെന്നും അദ്ദേഹം അടിവരയിട്ടു. ഉടമ്പടികളുടെയും, വാക്കുകളുടെയും മൂല്യം, അത് പാലിക്കുമ്പോൾ മാത്രമാണ് കൈവരുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ക്രിസ്ത്യാനി എല്ലായ്പ്പോഴും ദൈവവചനത്തിന്റെ ഒരു മനുഷ്യനാണെന്നും, അതിനാൽ ഇരട്ടത്താപ്പില്ലാതെ, ആളുകൾക്കിടയിൽ ഐക്യം വളർത്തിയെടുക്കുമ്പോൾ മാത്രമാണ്, ആധികാരിക ക്രിസ്ത്യാനികളും, സത്യസന്ധരായ പൗരന്മാരായും മാറുന്നതെന്നും പാപ്പാ പറഞ്ഞു. "പ്രഖ്യാപനങ്ങളെയും പ്രസംഗങ്ങളെയും നിരായുധരാക്കാൻ നമുക്ക് പ്രത്യാശയോടെ പ്രതിജ്ഞാബദ്ധരാകാം, അവയുടെ സൗന്ദര്യവും കൃത്യതയും മാത്രമല്ല, എല്ലാറ്റിനുമുപരിയായി അവയുടെ സത്യസന്ധതയും വിവേകവും ശ്രദ്ധിക്കാം", പാപ്പാ കൂട്ടിച്ചേർത്തു.
അറുപത് വർഷം മുമ്പ് വിശുദ്ധ പോൾ ആറാമൻ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത ഹൃദയംഗമമായ അഭ്യർത്ഥനയും പാപ്പാ എടുത്തു പറഞ്ഞു: ""ലോകത്തിന്റെ ഭാവി ചരിത്രത്തെ മാറ്റിമറിക്കേണ്ട ഒരു പ്രതിജ്ഞയോടെ മുദ്രവച്ച ഒരു ഉടമ്പടിയാണ്: ഇനി യുദ്ധമില്ല, ഇനി യുദ്ധമില്ല! സമാധാനവും സമാധാനവും ജനങ്ങളുടെയും മുഴുവൻ മനുഷ്യരാശിയുടെയും ഭാഗധേയത്തെ നയിക്കണം." സമാധാനത്തിനായുള്ള ആഹ്വാനത്തോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
