സമാധാനം ഹൃദയത്തിലും, ഹൃദയത്തിൽ നിന്നും പണിതുയർത്തണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഉസ്ബെക്കിസ്ഥാൻ, മോൾഡോവ, ബഹ്റൈൻ, ശ്രീലങ്ക, പാകിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും, പരിശുദ്ധ സിംഹാസനത്തിലേക്ക് പുതിയതായി നിയമിക്കപ്പെട്ടിട്ടുള്ള, സ്ഥാനപതികളുമായി, ലിയോ പതിനാലാമൻ പാപ്പാ, ഡിസംബർ മാസം ആറാം തീയതി കൂടിക്കാഴ്ച്ച നടത്തി. അതതു രാഷ്ട്രങ്ങളിലെ ഭരണത്തലവന്മാർക്ക് ആശംസകളർപ്പിച്ചതോടൊപ്പം, ഏവർക്കും തന്റെ പ്രാർത്ഥനകളും പാപ്പാ ഉറപ്പു നൽകി. താൻ പത്രോസിനടുത്ത ശുശ്രൂഷ ഏറ്റെടുത്ത നാൾ മുതൽ പറയുന്ന, 'സമാധാനം നിങ്ങളോടുകൂടെ' എന്ന ഉത്ഥിതനായ കർത്താവിന്റെ വാക്കുകൾ വീണ്ടും ഓർമ്മിപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, നിരായുധീകരിക്കപ്പെട്ടതും, നിരായുധവുമായ ഒരു സമാധാനമാണ് ഇന്ന് ആവശ്യമെന്നും അടിവരയിട്ടു.
സമാധാനം എന്നത് കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല, മറിച്ച് ഹൃദയത്തിനുള്ളിലും, ഹൃദയത്തിൽ നിന്നും പണിതുയർത്തേണ്ടുന്ന സജീവവും, സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്നും പാപ്പാ എടുത്തു പറഞ്ഞു. അഹങ്കാരവും പ്രതികാരവും ഉപേക്ഷിക്കാനും വാക്കുകൾ ആയുധങ്ങളായി ഉപയോഗിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാനും ഇത് ഏവരോടും ആവശ്യപ്പെടുന്നതായും പാപ്പാ കൂട്ടിച്ചേർത്തു. ഭൗമരാഷ്ട്രീയ പിരിമുറുക്കവും ശിഥിലീകരണവും രാജ്യങ്ങളെ ഭാരപ്പെടുത്തുകയും മനുഷ്യ കുടുംബത്തിന്റെ ബന്ധങ്ങളെ വഷളാക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ, സമാധാനത്തിനുള്ള ആവശ്യം അടിയന്തിരമായി പരിണമിച്ചിരിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യങ്ങൾ ഏറ്റവും ദുരിതത്തിലേക്ക് തള്ളിവിടുന്ന ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളെ മറന്നുപോകരുതെന്നും, ദ്രുതഗതിയിലുള്ള സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങളാൽ സമൂഹത്തിൽ നിന്നും അദൃശ്യരാക്കപ്പെടുന്നവരിൽ നിന്നും നമ്മുടെ ദൃഷ്ടികൾ മറയ്ക്കരുതെന്നും പാപ്പാ ആഹ്വാനം ചെയ്തു. ആഗോള സമൂഹത്തിലെ ഗുരുതരമായ അസമത്വങ്ങൾ, അനീതികൾ, മൗലികമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്ക് നേരെ പരിശുദ്ധ സിംഹാസനത്തിനു നിശബ്ദ കാഴ്ചക്കാരനായിരിക്കുക സാധ്യമല്ലെന്നും പാപ്പാ പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനകളെ പുനരുജ്ജീവിപ്പിക്കുന്നതിന്, സ്ഥാനപതികളുമായുള്ള ബന്ധം സഹായകരമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
