ദൈവരാജ്യത്തിനായി നമ്മെ തന്നെ ഒരുക്കാം: പാപ്പാ
വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരീ സഹോദരന്മാരെ, ശുഭമായ ഞായറാഴ്ച്ച
ആഗമനകാലം രണ്ടാം ഞായറാഴ്ചയിലെ സുവിശേഷ ഭാഗം ദൈവരാജ്യത്തിന്റെ വരവിനെ കുറിച്ച് നമ്മോട് പ്രഖ്യാപിക്കുന്നു (മത്തായി 3:1-12). യേശുവിന് മുമ്പ്, അവന്റെ മുൻഗാമിയായ സ്നാപക യോഹന്നാൻ രംഗത്ത് പ്രത്യക്ഷപ്പെടുന്നു. യൂദയായുടെ മരുഭൂമിയിൽ, അവൻ പ്രസംഗിച്ചു: "മാനസാന്തരപ്പെടുക, സ്വർഗ്ഗരാജ്യം അടുത്തിരിക്കുന്നു!" (മത്തായി 3:1).
കർത്തൃപ്രാർത്ഥനയിൽ, നാം ഓരോ ദിവസവും ചോദിക്കുന്നത് ഇപ്രകാരമാണ്: "അങ്ങയുടെ രാജ്യം വരണമേ". ഈ പ്രാർത്ഥനയിലൂടെ ദൈവം നമുക്കായി കരുതിവെച്ചിരിക്കുന്ന നവമായ കാര്യത്തിലേക്ക് നാം നയിക്കപ്പെടുന്നു. ചരിത്രത്തിന്റെ ഗതി ഇതിനകം തന്നെ ഈ ലോകത്തിലെ ശക്തരല്ല എഴുതിയതെന്ന് നാം തിരിച്ചറിയുന്നു. വാഴ്ച്ചയിൽ, ആധിപത്യം സ്ഥാപിക്കാനല്ലാതെ, മറിച്ച് നമ്മെ സ്വതന്ത്രമാക്കുവാൻ വരുന്ന ഒരു ദൈവത്തിന്റെ സേവനത്തിനായി നമുക്ക് നമ്മുടെ ചിന്തകളും ഊർജ്ജവും വിനിയോഗിക്കാം. അത് ഒരു "സുവിശേഷം" ആണ്: നമ്മെ പ്രചോദിപ്പിക്കുകയും, നമ്മെ പങ്കുചേർക്കുകയും ചെയ്യുന്ന യഥാർത്ഥ സദ്‌വാർത്ത.
തീർച്ചയായും, സ്നാപകന്റെ സ്വരം കഠിനമാണ്, പക്ഷേ ആളുകൾ അവനെ ശ്രദ്ധിക്കുന്നു, കാരണം അവന്റെ വാക്കുകളിൽ ജീവിതത്തെ തൊട്ടുകളിക്കരുതെന്ന ദൈവത്തിന്റെ വിളി അവർ കേൾക്കുന്നു. അതുപോലെ ഉപരിപ്ലവമല്ലാതെ, ഹൃദയത്തിന്റെ പ്രവൃത്തികളുടെയും ഉദ്ദേശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിധിയെഴുതുന്നവനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറെടുക്കാൻ ഇപ്പോഴത്തെ നിമിഷം പ്രയോജനപ്പെടുത്തുവാനും ഈ വാക്കുകൾ നമ്മുടെ ഉള്ളിൽ പ്രതിധ്വനിക്കുന്നു.
യേശുക്രിസ്തുവിന്റെ സൗമ്യതയിലും കരുണയിലും, വെളിപ്പെടുത്തപ്പെടുന്ന ദൈവരാജ്യം സ്നാപകയോഹന്നാനെ കൂടി ആശ്ചര്യപ്പെടുത്തുന്നു. ഏശയ്യാ പ്രവാചകൻ ഇതിനെ നവമുകുളത്തോടാണ് ഉപമിക്കുന്നത്. ഇത് ശക്തിയുടെയോ നാശത്തിന്റെയോ അല്ല, മറിച്ച്, ജനനത്തിന്റെയും പുതുമയുടെയും ഒരു ചിത്രമാണിത്. മൃതമെന്നു തോന്നിയിരുന്ന കാണ്ഡത്തിൽ നിന്നും ഉയരുന്ന മുകുളങ്ങളിൽ പരിശുദ്ധാത്മാവ് തന്റെ ദാനങ്ങളാൽ നിശ്വസിക്കുന്നു. ജീവിതത്തിൽ സംഭവിച്ച സമാനമായ ഒരു ആശ്ചര്യത്തെക്കുറിച്ച് നമുക്കോരോരുത്തർക്കും ചിന്തിക്കാൻ കഴിയും.
ദൈവരാജ്യത്തിലേക്ക് നാം ഒരുമിച്ച് നടക്കുമ്പോൾ, കർത്താവിനെ സ്വാഗതം ചെയ്യുവാനും, അവനെ സേവിക്കുവാനും നവമായ അനുഭവം, കൃത്യമായി അറുപത് വർഷങ്ങൾക്ക് മുമ്പ് അവസാനിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമാണ്. അപ്പോൾ ദുർബലമോ, കൃത്യമായി നിർണ്ണയിക്കാനാവാത്തതോ ആയി തോന്നുന്ന കാര്യങ്ങൾ മാത്രമല്ല, മനുഷ്യർക്ക് അസാധ്യമെന്ന് തോന്നുന്നത് സാക്ഷാത്കരിക്കപ്പെടുന്നു. അതാണ് ഏശയ്യാ പ്രവാചകന്റെ വാക്കുകളിൽ വെളിപ്പെടുന്നത്: ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും (ഏശ 11:6).
സഹോദരീ സഹോദരങ്ങളെ, ലോകത്തിന് ഈ പ്രത്യാശ എത്രമാത്രം ആവശ്യമാണ്! ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. നമുക്ക് അവന്റെ രാജ്യത്തിനായി നമ്മെത്തന്നെ ഒരുക്കാം, നമുക്ക് അവനുവേണ്ടി ഇടം കണ്ടെത്താം. "ഏറ്റവും ചെറിയവൻ", നസ്രത്തിലെ യേശു, നമ്മെ നയിക്കും! ജനിച്ച രാത്രി മുതൽ, കുരിശിൽ മരണത്തിന്റെ ഇരുണ്ട മണിക്കൂർ വരെ തന്നെത്തന്നെ നമ്മുടെ കരങ്ങളിൽ സമർപ്പിച്ചുകൊണ്ട്, ഉദയസൂര്യനെപ്പോലെ യേശു നമ്മുടെ ചരിത്രത്തിൽ തിളങ്ങുന്നു.
പ്രശോഭിക്കുന്നതും, മൂർത്തവുമായ ആഗമന കാലത്തിന്റെ ആത്മീയത ഇതാണ്. ഒരു പുതിയ ലോകത്തിന്റെ മുകുളമായ യേശുവിനെ സ്വാഗതം ചെയ്യുകയാണെങ്കിൽ, നമുക്ക് ഓരോരുത്തർക്കും ഒരു ചെറിയ വെളിച്ചമാകാൻ കഴിയുമെന്ന് തെരുവുകളിലെ പ്രകാശങ്ങൾ നമ്മെ ഓർമ്മിപ്പിക്കട്ടെ. ഇപ്രകാരം പ്രവർത്തിക്കുവാൻ, പരിശുദ്ധ മറിയത്തിൽ നിന്നും നമുക്ക് പഠിക്കാം, കാരണം അവൾ നമ്മുടെ അമ്മയും, പ്രത്യാശയുടെയും, വിശ്വസ്തതയോടെയുള്ള കാത്തിരിപ്പിന്റെയും സ്ത്രീയുമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
