യേശുവിന്റെ ജനന രംഗം നമുക്ക് പ്രത്യാശ പകരുന്നു: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യേശുവിന്റെ ജനന രംഗങ്ങൾ തത്സമയമായി വിശ്വാസികൾക്ക് കാണിക്കുവാൻ റോമിലെ മേരി മേജർ ബസിലിക്കയിൽ അണിനിരക്കുന്ന കലാകാരന്മാരും, അണിയറ പ്രവർത്തകരുമായി , ലിയോ പതിനാലാമൻ കൂടിക്കാഴ്ച്ച നടത്തി. അവർ ജൂബിലി വർഷത്തിന്റെ വിശുദ്ധ വാതിൽ കടക്കുകയും, പത്രോസിന്റെ കബറിടത്തിൽ പ്രാർത്ഥിക്കുകയും ചെയ്തു.
യേശുവിന്റെ ജനനരംഗത്തിന്റെ വശ്യതയാണ്, 1223-ൽ വിശുദ്ധ ഫ്രാൻസിസിന് ആദ്യമായി പുൽക്കൂട് നിർമ്മിക്കുവാൻ പ്രേരകമായതെന്നു പാപ്പാ അടിവരയിട്ടു. ആയുധങ്ങളില്ലാതെ, ബലപ്രയോഗമില്ലാതെ, അഹങ്കാരം, അക്രമം, കൈവശം വയ്ക്കാനുള്ള മനുഷ്യന്റെ ആഗ്രഹം എന്നിവയെ മറികടക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന യേശുവിന്റ പുൽക്കൂട് നിർമ്മിക്കുന്ന പാരമ്പര്യം ഇപ്രകാരമാണ് ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് വ്യാപിച്ചതെന്നും പാപ്പാ അനുസ്മരിച്ചു.
ക്രിസ്മസ് രംഗത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, "ഓരോ മനുഷ്യനെയും കണ്ടുമുട്ടുന്നതിനായി മനുഷ്യനായി മാറിയ ആളുടെ വിനയത്താൽ ആകർഷിക്കപ്പെട്ട്, ആത്മീയമായി പുറപ്പെടാൻ നമ്മെ ക്ഷണിക്കുന്നു" എന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പരിശുദ്ധ പിതാവ് അടിവരയിട്ടു. ഇത് നവമായ ഒരു ജീവിതത്തിലേക്ക് നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
അന്ധകാരത്തിലും, മരണത്തിന്റെ നിഴലിലും കഴിയുന്നവർക്ക് പ്രകാശം പകരുവാനും, സമാധാനത്തിന്റെ വഴിയിൽ നമ്മുടെ ചുവടുകളെ നയിക്കുവാനും ഉദിക്കുന്ന ക്രിസ്തുവെന്ന സൂര്യന്റെ ശിഷ്യന്മാരായിരിക്കുക എന്നത് ഏറെ പ്രധാനമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഇത് നമ്മെ പ്രത്യാശയുടെ തീർത്ഥാടകരാക്കുന്നുവെന്നും, മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാൻ പ്രതിബദ്ധതയോടും സ്ഥിരോത്സാഹത്തോടും കൂടി പ്രവർത്തിക്കുന്നവർക്കു പ്രചോദനമാണ് യേശുവിന്റെ ജനനമെന്നും പാപ്പാ പറഞ്ഞു. , "മനുഷ്യൻ ദൈവമാകാൻ ദൈവം മനുഷ്യനായി മാറിയെന്നുള്ള" ഓർമ്മപ്പെടുത്തലാണ് യേശുവിന്റെ ജനനമെന്നുള്ള വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ അടിവരയിട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
