സമർപ്പിതകൾ നൽകുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞും, സുവിശേഷസാക്ഷ്യം തുടരാൻ ആഹ്വാനം ചെയ്തും ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സുവിശേഷസാക്ഷ്യം നൽകുന്നത് തുടർന്നും, മറ്റുള്ളവർക്ക് ആശ്വാസം പകർന്നും, പ്രത്യാശയുടെ തീർത്ഥാടകരും മിഷനറി ശിഷ്യകളുമായി സമർപ്പിതജീവിതം തുടരാൻ സന്ന്യസ്തസഹോദരിമാരെ ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ. സമർപ്പിത സുപ്പീരിയർ ജനറൽമാരുടെ അന്താരാഷ്ട്ര സംഘടനയുടെ (International Union of Superiors General - UISG) സ്ഥാപനത്തിന്റെ അറുപതാം വാർഷികവുമായി ബന്ധപ്പെട്ട്, ഈ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് സി. ഊന ഓഷ്യയ്ക്കയച്ച (Sr. Oonah O’Shea, NDS) സന്ദേശത്തിലാണ് ഇത്തരമൊരു ആഹ്വാനം പാപ്പാ നൽകിയത്.
വിശ്വസ്തതയോടെയും ധൈര്യപൂർവ്വവും ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും തങ്ങളുടെ സേവനങ്ങളും സുവിശേഷസാക്ഷ്യവും നൽകുന്നതിൽ സന്ന്യസ്തസഹോദരിമാർക്ക് പാപ്പാ നന്ദി പറഞ്ഞു. കഴിഞ്ഞ അറുപത് വർഷങ്ങളിൽ സമർപ്പിത സുപ്പീരിയർ ജനറൽമാരുടെ അന്താരാഷ്ട്രസംഘം, വിവിധ സന്ന്യസ്തസഭാസമൂഹങ്ങളുടെ നേതൃത്വങ്ങൾക്കിടയിൽ സംവാദങ്ങൾ പ്രോത്സാഹിപ്പിച്ചും, പരസ്പരം തങ്ങളുടെ സിദ്ധികൾ പങ്കുവച്ചും, സഭയുടെയും ലോകത്തിന്റെയും നന്മയ്ക്കായി ആത്മാവിന്റെ ഫലദാനങ്ങൾ പകർന്നും, അതിന്റെ സ്ഥാപനലക്ഷ്യം നടപ്പിൽ വരുത്തിക്കൊണ്ട് മുന്നോട്ട് പോയെന്ന് പാപ്പാ പ്രസ്താവിച്ചു.
ലോകത്തിന്റെ വിവിധയിടങ്ങളിൽ സന്ന്യസ്ത സഹോദരിമാർ നൽകുന്നത് സുവിശേഷത്തിന്റെ ശക്തമായ സാക്ഷ്യമാണെന്ന് അഭിപ്രായപ്പെട്ട പാപ്പാ, പ്രത്യാശയുടെ ജൂബിലി വർഷത്തിലാണ് ഈ അറുപതാം വാർഷികവുമെന്നത് പ്രത്യേകം അനുസ്മരിക്കുകയും, ഇത് ഒരു കൃപയാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
ലോകത്ത് തീർത്ഥാടകരും, പ്രത്യാശയുടെ മിഷനറി ശിഷ്യകളുമായി മുന്നോട്ടുപോകാൻ സന്ന്യസ്തർക്കുള്ള പ്രത്യേക വിളിയും സമർപ്പണവും പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. തങ്ങളുടെ വിളിയിലും സമർപ്പണത്തിലും ആഴപ്പെട്ടും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടും, വിശ്വാസം പുനഃരാരംഭിക്കാനും, മുറിവുകൾ സൗഖ്യപ്പെടുത്താനും, ദൈവജനത്തെ സഹാനുഭൂതിയോടെയും, സന്തോഷനിർഭരമായ സ്ഥിരോത്സാഹത്തോടെയും അനുധാവനം ചെയ്യാനും പാപ്പാ സന്ന്യസ്തരെ ആഹ്വാനം ചെയ്തു.
1965 ഡിസംബർ 8-ന് പോൾ ആറാമൻ പാപ്പായാണ് സമർപ്പിത സുപ്പീരിയർ ജനറൽമാരുടെ അന്താരാഷ്ട്ര സംഘടന സ്ഥാപിച്ചത്. ഈ വാർഷികവുമായി ബന്ധപ്പെട്ട്, "സമർപ്പിത ജീവിതം, പരിവർത്തനം ചെയ്യുന്ന പ്രത്യാശ" എന്ന പേരിൽ സംഘടന ഒരു രേഖ പുറത്തുവിട്ടിരുന്നു. ലോകത്തുള്ള വിവിധ സന്ന്യസ്തസഭാസമൂഹങ്ങളുടെ വിവരങ്ങളും, വ്യത്യസ്ത സംസ്കാരങ്ങളിലും ഭൂഖണ്ഡങ്ങളിലും സമർപ്പിതജീവിതത്തിന്റെ ഇന്നത്തെ അവസ്ഥയും ഉൾക്കൊള്ളുന്നതാണ് ഈ രേഖ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
