തിരയുക

ലിയോ പതിനാലാമൻ പാപ്പാ: പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ: പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

ദൈവത്തിൽ ശരണപ്പെട്ട് മുന്നോട്ടുപോകാം: 2025-ൽ അനുവദിച്ച അവസാന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ

2025-ലെ അവസാനദിനവും അവസാന ബുധനുമായ ഡിസംബർ 31-ന് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ.
ശബ്ദരേഖ - ദൈവത്തിൽ ശരണപ്പെട്ട് മുന്നോട്ടുപോകാം: 2025-ൽ അനുവദിച്ച അവസാന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2025-ലെ അവസാനദിനവും അവസാനബുധനും ഒത്തുവന്ന ഡിസംബർ 31-ന് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ച അനുവദിച്ചു. പരിശുദ്ധ പിതാവിനെ കാണാനും അനുഗ്രഹങ്ങൾ നേടാനായി ആയിരക്കണക്കിന് തീർത്ഥാടകരും വിശ്വാസികളും സന്ദർശകരും വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പുറത്തുമായി കാത്തുനിന്നിരുന്നു.

വിശുദ്ധ പൗലോസ് എഫേസോസുകാർക്ക് എഴുതിയ ലേഖനം മൂന്നാം അദ്ധ്യായം ഇരുപതും ഇരുപത്തിയൊന്നും വാക്യങ്ങളെ ആധാരമാക്കിയായിരുന്നു പാപ്പാ നടത്തിയ ഉദ്‌ബോധനം. പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് മുൻപായി വിവിധ ഭാഷകളിൽ ഈ വചനഭാഗം വായിക്കപ്പെട്ടു. ഈ തിരുവചനഭാഗം ഇപ്രകാരമായിരുന്നു:

"നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതൽ ചെയ്തുതരാൻ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേൻ." (എഫേ. 3, 20-21).

വചനവായനയ്ക്ക് ശേഷം പരിശുദ്ധ പിതാവ് ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

പ്രിയ സഹോദരീസഹോദരന്മാരെ ശുഭദിനം, സ്വാഗതം!

കലണ്ടർ വർഷത്തിന്റെ അവസാനദിനത്തിലാണ് നാം ഈ വിചിന്തനസമ്മേളനത്തിനായി ഒരുമിച്ച് കൂടിയിരിക്കുന്നത്. നാം ജൂബിലിയുടെ അവസാനത്തിലും ക്രിസ്തുമസ് കാലത്തിന്റെ മദ്ധ്യത്തിലുമാണ്.

കഴിഞ്ഞുപോകുന്ന ഈ വർഷത്തിൽ ഏറെ പ്രധാനപ്പെട്ട പല കാര്യങ്ങളും നടന്നു: വിശുദ്ധവർഷത്തിന്റെ അവസരത്തിൽ നിരവധി വിശ്വാസികൾ നടത്തിയ തീർത്ഥാടനം പോലെ ചിലത് സന്തോഷപ്രദമായിരുന്നു; പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പായുടെ വിയോഗവും, ഭൂമിയെ ദുഖത്തിലാഴ്ത്തികൊണ്ട് തുടരുന്ന യുദ്ധദൃശ്യങ്ങളും പോലെ ചിലത് ദുഃഖകരമായിരുന്നു.

ഈ വർഷാവസാനം, എല്ലാം കർത്താവിന് മുന്നിൽ സമർപ്പിക്കാനാണ് സഭ നമ്മെ ആഹ്വാനം ചെയ്യുന്നത്. നമ്മെ കർത്താവിന്റെ കൃപയ്ക്ക് സമർപ്പിക്കുന്ന സഭ, വരും നാളുകളിൽ നമ്മിലും നമുക്ക് ചുറ്റിലും അവന്റെ കൃപയുടെയും കരുണയുടെയും അത്ഭുതങ്ങൾ നവീകരിക്കണമേയെന്ന് അപേക്ഷിക്കുന്നു.

ഈയൊരു സാഹചര്യത്തിലാണ്, ഇന്നത്തെ സായാഹ്നത്തിൽ, നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് കർത്താവിന് നന്ദി പറഞ്ഞുകൊണ്ട്, ആഘോഷപരമായ "തേ ദേവും" (Te Deum) എന്ന പരമ്പരാഗതമായ പ്രാർത്ഥനാഗാനാലാപനം കടന്നുവരുന്നത്. ഇതിൽ, "ദൈവമേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു", "നീയാണ് ഞങ്ങളുടെ പ്രത്യാശ", "നിന്റെ കരുണ എന്നും ഞങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ" എന്ന് നമ്മൾ ആലപിക്കും. ലൗകികമായ കൃതജ്ഞതയും, ലൗകികമായ പ്രത്യാശയും പ്രകടമാണെങ്കിലും, അവ അവനവനിൽത്തന്നെയും സ്വന്തം താത്പര്യങ്ങളിലും കേന്ദ്രീകരിച്ചവയാണെങ്കിലും, ഇന്നത്തെ പ്രാർത്ഥനയിൽ മറ്റൊരു അന്തരീക്ഷമാണ് നാം അനുഭവിക്കുന്നത്, അത് സ്തുതിയുടെയും, അത്ഭുതത്തിന്റെയും, കൃതജ്ഞതയുടെയുമാണെന്ന്, ഈ പ്രാർത്ഥനയുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ നിരീക്ഷിക്കുന്നുണ്ട് (ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ തിരുനാൾദിനത്തിലെ ഒന്നാം സായാഹ്നപ്രാർത്ഥനയുടെ അവസരത്തിൽ പ്രഭാഷണം, ഡിസംബർ 31, 2023).

ഈ മനോഭാവങ്ങളോടെ, കർത്താവ് നമുക്കായി കഴിഞ്ഞ വർഷം ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യാനായാണ് ഇന്ന് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം സത്യസന്ധമായ ഒരു ആത്മപരിശോധന നടത്താനും, അവൻ നമുക്ക് നൽകിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നുവെന്ന് വിലയിരുത്താനും, അവൻ നമുക്കേകിയ പ്രചോദനങ്ങളെ വിലമതിക്കാനും, അവൻ നമ്മിൽ ഭരമേല്പിച്ചിരുന്ന താലന്തുകൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നിക്ഷേപിക്കാനും സാധിക്കാതിരുന്ന (മത്തായി 25, 14-30) നിമിഷങ്ങളെയോർത്ത് ക്ഷമ യാചിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

ഇത്, കഴിഞ്ഞ മാസങ്ങളിൽ നമ്മെ പിന്തുടർന്നിരുന്ന മറ്റൊരു വലിയ അടയാളത്തെക്കുറിച്ച്, "യാത്രയുടെയും" "ലക്ഷ്യത്തിന്റെയും" അടയാളത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ ക്ഷണിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും, പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാർത്ഥിക്കാനും, ക്രിസ്തുവിനോടൊപ്പമായിരിക്കാനുള്ള അവരുടെ തീരുമാനം ഉറപ്പിക്കാനുമായി ഒരുപാട് തീർത്ഥാടകർ ഈ വർഷം ഇവിടെത്തി. നമ്മുടെ ജീവിതം തന്നെ ഒരു യാത്രയാണെന്നും, അതിന്റെ ആത്യന്തിക ലക്ഷ്യം സ്ഥലകാലങ്ങൾ കഴിഞ്ഞ് പോകുന്നതാണെന്നും, ദൈവവുമായുള്ള കണ്ടുമുട്ടലിലും, അവനുമായുള്ള പൂർണ്ണവും ശാശ്വതവുമായ കൂട്ടായ്മയിലും ആണ് പൂർത്തീകരിക്കപ്പെടുക എന്നുമാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത് (കത്തോലിക്കാസഭയുടെ ഔദ്യോഗിക മതബോധനഗ്രന്ഥം, 1024). "തേ ദേവും" എന്ന പ്രാർത്ഥനയിൽ, നിന്റെ മഹത്വത്തിൽ, വിശുദ്ധരുടെ ഗണത്തിൽ ഞങ്ങളെ ചേർക്കണമേ" എന്ന് പറയുന്നതിലൂടെ നാം ഇതിനായി പ്രാർത്ഥിക്കുന്നുണ്ട്. അതുകൊണ്ടാണ്, വിശുദ്ധ പോൾ ആറാമൻ ജൂബിലിയെ, ഇപ്പോൾത്തന്നെ നാം മുന്നാസ്വാദനം നടത്തുന്നതും, തയ്യാറാകുന്നതുമായ "ഭാവിയിലെ ലക്ഷ്യങ്ങൾക്കായുള്ള കാത്തിരിപ്പിന്റെ" വലിയൊരു വിശ്വാസത്തിന്റെ പ്രവൃത്തി എന്ന് നിർവ്വചിച്ചിരുന്നത് (പൊതുകൂടിക്കാഴ്ച 17 ഡിസംബർ 1975).

പരിധിയുള്ളതും അനന്തതയുമായുള്ള കൂടിച്ചേരലിന്റെ ഈയൊരു യുഗാന്തകാല പ്രകാശത്തിൽ, നമുക്ക് മുന്നിൽ മൂന്നാമതൊരു അടയാളം ഉയർന്നുവരുന്നുണ്ട്: നമ്മിൽ പലരും, നമുക്ക് വേണ്ടിയും നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയും ദണ്ഡവിമോചനം പ്രാർത്ഥിച്ചുകൊണ്ടും യാച്ചിച്ചുകൊണ്ടും നടത്തിയ വിശുദ്ധ വാതിലിലൂടെയുള്ള കടന്നുപോകലാണത്.

ഒരു പുതുജീവിതത്തിന്റെ വാതിൽപ്പടി കടക്കാൻ, ക്ഷമയോടെ നമ്മെ ക്ഷണിക്കുന്ന ദൈവത്തോടുള്ള സമ്മതമേകലാണ് ഇത് പ്രകടമാക്കുന്നത്. കൃപയാൽ നയിക്കപ്പെടുന്നതും, സുവിശേഷമാതൃകയിൽ തയ്യാറാക്കപ്പെട്ടതും, അയൽക്കാരനോടുള്ള സ്നേഹത്താൽ പ്രോജ്ജ്വലിക്കപ്പെടുന്നതുമാണത്. ഇവിടെ അയൽക്കാരൻ എന്ന വാക്കിൽ, എല്ലാ മനുഷ്യരും, നമുക്ക് വ്യക്തിപരമായി അറിയില്ലാത്തവരെങ്കിലും, ശല്യക്കാരെങ്കിലും, ശത്രുതാമനോഭാവമുള്ളവരെങ്കിലും, താരതമ്യപ്പെടുത്താനാകാത്തത്ര സഹോദരാന്തസ്സ് നിക്ഷേപിക്കപ്പെട്ടവരും, മനസ്സിലാക്കപ്പെടലിന്റെയും സഹായത്തിന്റെയും ആശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ആവശ്യമുള്ളവരുമായ എല്ലാവരും ഉൾപ്പെടുന്നുണ്ട് (വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ വർഷത്തിന്റെ സമാപനവസരത്തിൽ നടത്തിയ പ്രഭാഷണം, 25 ഡിസംബർ 1975; കത്തോലിക്കാസഭയുടെ മതപ്രബോധനഗ്രന്ഥം 1826-1827). ഇത്, വർത്തമാനകാലത്ത് പ്രതിബന്ധതയോടെ ജീവിക്കുന്നതും, നിത്യതയെ ലക്ഷ്യമാക്കിയുള്ളതുമായ ഒരു ജീവിതത്തോടുള്ള സമ്മതമേകലുമാണ്.

പ്രിയപ്പെട്ടവരേ, നമുക്ക് ക്രിസ്തുമസിന്റെ വെളിച്ചത്തിൽ ഈ അടയാളങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യാം. മഹാനായ ലിയോ ഒന്നാമൻ പാപ്പാ, ഇത്തരുണത്തിൽ, യേശുവിന്റെ ജനനത്തിന്റെ തിരുനാളിൽ, ഏവർക്കുമായുള്ള സന്തോഷത്തിന്റെ അറിയിപ്പാണ് കണ്ടിരുന്നത്: അദ്ദേഹം ഇങ്ങനെ പ്രഘോഷിക്കുമായിരുന്നു, "വിശുദ്ധൻ ആഹ്ലാദിക്കട്ടെ, കാരണം അവൻ തന്റെ പ്രതിഫലത്തോട് അടുക്കുന്നു; പാപി ആനന്ദിക്കട്ടെ, കാരണം അവന് ക്ഷമ നൽകപ്പെടുന്നു; വിജാതീയൻ ധൈര്യം വീണ്ടെടുക്കട്ടെ, കാരണം അവൻ ജീവനിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു" (കർത്താവിന്റെ ക്രിസ്തുമസിനായുള്ള പ്രഥമ പ്രഭാഷണം, 1).

അദ്ദേഹത്തിന്റെ ക്ഷണം ഇന്ന് നമുക്കേവർക്കും നേർക്ക് എത്തുന്നുണ്ട്: ജ്ഞാനസ്നാനത്താൽ വിശുദ്ധരായവരുടെ നേർക്ക്, കാരണം യഥാർത്ഥ ജീവനിലേക്കുള്ള യാത്രയിൽ ദൈവം നമ്മുടെ സഹചാരിയായി; പാപികളായ നമ്മുടെ നേർക്ക്, കാരണം, ക്ഷമിക്കപ്പെട്ട്, അവന്റെ കൃപയാൽ നമുക്ക് വീണ്ടും എഴുന്നേറ്റ് നമ്മുടെ പാതയിലേക്ക് തിരികെവരാൻ സാധിക്കുന്നുണ്ട്;  അവസാനമായി പാവപ്പെട്ടവരും ദുർബലരുമായ നമുക്ക് നേർക്ക്, കാരണം, കർത്താവ്, നമ്മുടെ ദുർബലതയെ തന്റേതാക്കിക്കൊണ്ട്, അതിനെ രക്ഷിക്കുകയും, അവന്റെ പൂർണ്ണമായ മാനവികതയിൽ, അതിന്റെ മനോഹാരിതയും ശക്തിയും കാണിച്ചുതരുന്നുണ്ട് (യോഹ. 1, 14).

ഇതുകൊണ്ടുതന്നെ, 1975-ലെ ജൂബിലിയുടെ അവസാനം, ക്രിസ്തുവിന്റെ ജനനത്തിന്റെ അടിസ്ഥാനപരമായ സന്ദേശം വിവരിച്ചുകൊണ്ട് വിശുദ്ധ പോൾ ആറാമൻ പറഞ്ഞ വാക്കുകളോടെ ഉപസംഹരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം പറയുക ഇങ്ങനെയാണ്, അത് "സ്നേഹമെന്ന" ഒരു വാക്കിൽ ഒതുക്കിവച്ചിരിക്കുകയാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു: ദൈവം സ്നേഹമാണ്! ഇതാണ് ജൂബിലി, അതിന്റെ ഉദ്ബോധനവും, ദണ്ഡവിമോചനവും, ക്ഷമയും, അവസാനമായി കണ്ണീരും ആനന്ദവും നിറഞ്ഞ സമാധാനവും കൊണ്ട്, ഇന്ന് നമ്മുടെ ആത്മാവിനെയും, നാളെ നമ്മുടെ ജീവിതത്തെയും നിറയ്ക്കാൻ ശ്രമിച്ച അവാച്യമായ വെളിപാട്. ദൈവം സ്നേഹമാണ്! ദൈവം എന്നെ സ്നേഹിക്കുന്നു! ദൈവം എനിക്കായി കാത്തിരിക്കുകയായിരുന്നു, ഞാൻ അവനെ കണ്ടെത്തിയിരിക്കുന്നു! ദൈവം കരുണയാണ്! ദൈവം ക്ഷമയാണ്! ദൈവം രക്ഷയാണ്! ദൈവം, അതെ, ദൈവം ജീവനാണ്!" (പൊതുകൂടിക്കാഴ്ച ഡിസംബർ 17 1975). പഴയതിൽനിന്ന് പുതിയ വർഷത്തേക്കുള്ള കടന്നുപോക്കിലും, പിന്നീട് നമ്മുടെ ജീവിതത്തിലെന്നും ഈ ചിന്തകൾ നമ്മെ അനുഗമിക്കട്ടെ.

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളോട് സംസാരിക്കുന്നതിന്റെ ഭാഗമായി, ഫ്രഞ്ച് ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പരിശുദ്ധ പിതാവ്,

അവസാനിക്കുന്ന ഈ വർഷത്തിൽ ദൈവത്തിൽനിന്ന് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയുള്ളവരായിരിക്കാൻ വേണ്ട കൃപയ്ക്കായും, പുതുതായി ആരംഭിക്കുന്ന ഈ വർഷം നമ്മെ ക്രിസ്തുവിന്റെ പാതയിൽ നയിക്കാനും, പരിശുദ്ധ അമ്മയോട് അപേക്ഷിക്കാമെന്ന് ഓർമ്മിപ്പിച്ചു.

ഇംഗ്ലീഷ് ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്യവേ, ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനായി നാമെല്ലാവരും ഒരുങ്ങുന്ന ഈ അവസരത്തിൽ, വരുന്ന വർഷത്തെ നമുക്ക് പരിശുദ്ധ അമ്മയുടെ മാതൃ മാദ്ധ്യസ്ഥ്യത്തിന് സമർപ്പിക്കാമെന്ന് പാപ്പാ പറഞ്ഞു. നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും അനുഗ്രഹീതമായ ഒരു ക്രിസ്തുമസ് കാലത്തിനും, സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവർഷത്തിനായും പ്രാർത്ഥനാപൂർവ്വമുള്ള ആശംസകൾ നേരുന്നുവെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും പാപ്പാ പറഞ്ഞു.

ജർമൻ ഭാഷക്കാരായ  ആളുകളോട് സംസാരിക്കവെ, കഴിഞ്ഞ വർഷത്തിലേക്ക് തിരികെ നോക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിദ്ധ്യവും പ്രവർത്തികളും കാണാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്നും, ഈ അനുഭവം ഭാവിയിലേക്ക് ശക്തിയും പ്രത്യാശയും നല്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

സ്പാനിഷ് ഭാഷക്കാരായ തീർത്ഥാടകരെ അഭിവാദ്യം ചെയ്‌ത പാപ്പാ, ഭൂതകാലത്തെ ദൈവകരങ്ങളിൽ സമർപ്പിക്കാനും, അതുവഴി വർത്തമാനകാലം, ദൈവത്തിന്റെ പരിശുദ്ധമായ സാന്നിദ്ധ്യത്തിൽ മാത്രം കണ്ടെത്താൻ സാധിക്കുന്ന പൂർണ്ണമായ ആനന്ദം നിറഞ്ഞ ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയിൽ ജീവിക്കാനും ആഹ്വാനം ചെയ്തു.

പോർച്ചുഗീസ് ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ, പഴയ വർഷത്തിൽനിന്ന് പുതുവർഷത്തിലേക്കുള്ള കടന്നുപോക്ക്, ജീവിതം കൂടുതൽ യേശുവിന്റെ സുവിശേഷാനുസൃതമുള്ളതാക്കാനുള്ള തീരുമാനം ഉറപ്പിച്ചുകൊണ്ടുള്ളതാകട്ടെയെന്ന് ആഹ്വാനം നൽകി.

ഇറ്റാലിയൻ ഭാഷക്കാരായ  ആളുകളോട് സംസാരിക്കവെ, യുവജനങ്ങളെയും രോഗികളെയും, നവവധൂവരന്മാരെയും പ്രത്യേകമായി അഭിവാദ്യം ചെയ്ത പാപ്പാ, ഈ ഭൂമിയിലേക്ക് കടന്നുവരുമ്പോൾ ദൈവപുത്രൻ തനിക്കായി തിരഞ്ഞെടുത്ത എളിമയുടെ മാർഗ്ഗത്തിൽ സഞ്ചരിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു.

ചൈനീസ്, അറബ്, പോളിഷ് ഭാഷകൾ സംസാരിക്കുന്ന ആളുകളെയും പരിശുദ്ധ പിതാവ് അഭിസംബോധന ചെയ്തിരുന്നു.

വിവിധ ഭാഷകളിലുള്ള ആളുകളെ അഭിസംബോധന ചെയ്തതിന് ശേഷം, പരിശുദ്ധ പിതാവ് "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ഡിസംബർ 2025, 12:47

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >