ആഗമനകാലം നിഷ്ക്രിയമായ കാത്തിരിപ്പല്ല: ലിയോ പതിനാലാമൻ പാപ്പാ
വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരങ്ങളെ, സഹോദരിമാരെ സുപ്രഭാതം, ഏവർക്കും സ്വാഗതവും
കാലത്തിന്റെ അടയാളങ്ങളിന്മേൽ ശ്രദ്ധ പതിപ്പിക്കുവാൻ നമ്മെ പഠിപ്പിക്കുന്ന ആഗമന കാലത്തേക്ക് നാം പ്രവേശിച്ചിട്ട് അധികമായില്ല. വാസ്തവത്തിൽ, യേശുവിന്റെ ആദ്യ വരവിനെ നാം ഓർക്കുന്നു, ദൈവം നമ്മോടൊപ്പമുണ്ട്, അവൻ വരുമ്പോഴെല്ലാം അവനെ തിരിച്ചറിയാനും, അവൻ മടങ്ങിവരുമ്പോൾ നമ്മെത്തന്നെ തയ്യാറാക്കാനും നാം പഠിക്കുന്നു. അപ്പോൾ നാം എന്നെന്നേക്കുമായി അവനുമായി ഒരുമിച്ചായിരിക്കും. നമ്മുടെ എല്ലാ സഹോദരീസഹോദരന്മാരോടും, മറ്റെല്ലാ സൃഷ്ടികളോടുംകൂടി, അവനോടൊപ്പം വീണ്ടെടുക്കപ്പെട്ട ലോകത്തിൽ നവസൃഷ്ടിയായി മാറുന്നു.
ഈ കാത്തിരിപ്പ് നിഷ്ക്രിയമല്ല. വാസ്തവത്തിൽ, യേശുവിന്റെ ജനനം ശ്രദ്ധേയമായ ഒരു ദൈവത്തെ നമുക്ക് വെളിപ്പെടുത്തുന്നു. മറിയം, യൗസേഫ്, ഇടയന്മാർ, ശിമയോൻ, അന്ന, സ്നാപക യോഹന്നാൻ, ശിഷ്യന്മാർ, ഇങ്ങനെ കർത്താവിനെ കണ്ടുമുട്ടുന്ന എല്ലാവരും ഈ കാത്തിരിപ്പിന് വിളിക്കപ്പെടുന്നു. അതൊരു വലിയ ബഹുമതിയാണ്, ഭ്രമണചലനവുമാണ്. ദൈവം തന്റെ ചരിത്രത്തിലും സ്വപ്നങ്ങളിലും നമ്മെ ഉൾപ്പെടുത്തുന്നു. അപ്പോൾ 'പ്രത്യാശിക്കുക' എന്നാൽ 'സഹകരിക്കുക' എന്നാണർത്ഥം. ജൂബിലിയുടെ മുദ്രാവാക്യം, 'പ്രത്യാശയുടെ തീർത്ഥാടകർ' എന്നത് ഒരു മാസത്തിനുള്ളിൽ കടന്നുപോകുന്ന ഒന്നല്ല മറിച്ച് ഇത് ജീവിതത്തിന്റെ പ്രവർത്തനപദ്ധതിയാണ്. പ്രത്യാശയുടെ തീർത്ഥാടകർ" എന്നാൽ കൈകൾക്കു മേൽ കൈകൾ വയ്ക്കുന്നതിന് പകരം സഹകരിച്ചുകൊണ്ട്, ശ്രദ്ധയോടെ യാത്രചെയ്യുന്നവർ എന്നാണർത്ഥമാക്കുന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിൽ കാലത്തിന്റെ അടയാളങ്ങൾ വായിക്കാൻ നമ്മെ പഠിപ്പിച്ചു: എന്നാൽ ഇത് ഏകാന്തതയിൽ നടപ്പിലാക്കാവുന്ന ഒന്നല്ല, മറിച്ച്, സഭയോടും, സഹോദരീ സഹോദരങ്ങളോടും ഒന്നിച്ചു ചേർന്നുകൊണ്ട് വേണം കാലത്തിന്റെ അടയാളങ്ങളെ വായിച്ചറിയുവാൻ. അവ ചരിത്രപരമായ സാഹചര്യങ്ങളിലൂടെ, ദൈവരാജ്യത്തിനൊപ്പം വരുന്ന ദൈവത്തിന്റെ അടയാളങ്ങളാണ്.
ദൈവം ലോകത്തിന്റെയോ, ഈ ജീവിതത്തിന്റെയോ പുറത്തല്ല, മറിച്ച് നമ്മോടൊപ്പം നിൽക്കുന്ന ദൈവമായ യേശുവിന്റെ ആദ്യവരവിൽ, അവനെ, ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾക്കിടയിൽ അന്വേഷിക്കാൻ നാം പഠിച്ചു. ബുദ്ധി ഉപയോഗിച്ചും, ഹൃദയത്തോടെയും, പ്രതിബദ്ധതയോടും, ദൃഢനിശ്ചയത്തോടും കൂടി അവനെ അന്വേഷിക്കുക. സാധാരണ വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒരു പ്രത്യേക ദൗത്യമായിട്ടാണ് കൗൺസിൽ ഇതിനെ വിശദീകരിക്കുന്നത്. കാരണം അനുദിന ജീവിതത്തിലെ സന്ദർഭങ്ങളിലാണ് മനുഷ്യനായി അവതരിച്ച ദൈവം നമ്മെ കണ്ടുമുട്ടുവാൻ വരുന്നത്.
ലോകത്തിലെ പ്രശ്നങ്ങളിലും, സൗന്ദര്യങ്ങളിലും യേശു നമുക്കായി കാത്തിരിക്കുകയും, നമ്മെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. അവനോടൊപ്പം പ്രവർത്തിക്കാൻ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. അതുകൊണ്ടാണ് പ്രത്യാശ നമ്മെ സഹകരിപ്പിക്കുന്നതാണ് എന്ന് പറയുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ജീവിച്ചിരുന്ന ആൽബർത്തോ മാർവെല്ലി എന്ന ഇറ്റാലിയൻ യുവാവിനെയാണ് ഇന്ന് ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നത്. സുവിശേഷമനുസരിച്ചുള്ള ഗാർഹിക വിദ്യാഭ്യാസം നേടിയ അദ്ദേഹം എഞ്ചിനീയറിംഗിൽ ബിരുദം നേടുകയും രണ്ടാം ലോകമഹായുദ്ധസമയത്ത് സാമൂഹിക ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇറ്റലിയിലെ റിമിനിയിലും പരിസരങ്ങളിലും മുറിവേറ്റവരെയും രോഗികളെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും സഹായിക്കാൻ അദ്ദേഹം തന്റെ സർവ്വശക്തിയും ഉപയോഗിച്ച് പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സമർപ്പണത്തിന് പലരും അദ്ദേഹത്തെ പ്രശംസിച്ചു, യുദ്ധത്തിനുശേഷം അദ്ദേഹം കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും ഭവന, പുനർനിർമ്മാണ കമ്മീഷന്റെ ചുമതല വഹിക്കുകയും ചെയ്തു. അദ്ദേഹം സജീവമായ രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു, എന്നാൽ ഒരു റാലിക്ക് സൈക്കിളിൽ പോകുമ്പോൾ ഒരു സൈനിക ട്രക്ക് അദ്ദേഹത്തെ ഇടിക്കുന്നു. അന്ന് 28 വയസ്സായിരുന്നു പ്രായം. പ്രത്യാശ എന്നാൽ സഹകരണമാണെന്നും, ദൈവരാജ്യത്തെ സേവിക്കുന്നത് വലിയ അപകടങ്ങൾക്കിടയിലും സന്തോഷം നൽകുന്നുവെന്നും ആൽബർത്തോ നമുക്ക് കാണിച്ചുതരുന്നു. നല്ലത് തിരഞ്ഞെടുക്കാൻ വേണ്ടി, അല്പം സുരക്ഷിതത്വവും ശാന്തതയും നഷ്ടപ്പെടുത്തുവാൻ തയ്യാറാണെങ്കിൽ ലോകം മെച്ചപ്പെടും. ഇതാണ് പങ്കാളിത്തം എന്ന് പറയുന്നത്.
നമുക്ക് സ്വയം ചോദിക്കാം: എന്റെ കഴിവുകളെ ഉൾപ്പെടുത്തുന്ന ഏതെങ്കിലും നല്ല സംരംഭത്തിൽ ഞാൻ പങ്കെടുക്കുന്നുണ്ടോ? ഞാൻ എന്തെങ്കിലും സേവനം ചെയ്യുമ്പോൾ എനിക്ക് ദൈവരാജ്യത്തെകുറിച്ചുള്ള ബോധ്യവും, ലക്ഷ്യവും ഉണ്ടോ? അതോ എല്ലാം തെറ്റാണെന്ന് പരാതിപ്പെട്ട് ഞാൻ പിറുപിറുക്കുന്നുണ്ടോ? ചുണ്ടിലെ പുഞ്ചിരി നമ്മിലെ കൃപയുടെ അടയാളമാണ്.
പ്രത്യാശ എന്നാൽ പങ്കെടുക്കുക എന്നതാണ് അർത്ഥമാക്കുന്നത്: ഇത് ദൈവം നമുക്ക് നൽകുന്ന ഒരു സമ്മാനമാണ്. ആരും ഒറ്റയ്ക്ക് ലോകത്തെ രക്ഷിക്കുന്നില്ല. ദൈവം പോലും അതിനെ സ്വയമായി രക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല: അതിനു ദൈവത്തിനു കഴിയും, പക്ഷേ അവൻ ആഗ്രഹിക്കുന്നില്ല, കാരണം ഒരുമിച്ച് ചെയ്യുന്നതാണ് നല്ലത്. പങ്കാളിത്തമനോഭാവം, യേശു അന്തിമമായി മടങ്ങിവരുമ്പോൾ, എന്നന്നേക്കുമായി നമ്മുടെ കൂട്ടായ്മയെ യാഥാർഥ്യമാക്കുവാനും, പ്രകടിപ്പിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
