ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിങ്കൽ ലിയോ പതിനാലാമൻ പാപ്പാ പ്രാർത്ഥന നടത്തി
വത്തിക്കാൻ ന്യൂസ്
സകല മരിച്ചവരുടെയും തിരുനാളിനോടനുബന്ധിച്ചു, നവംബർ മാസം മൂന്നാം തീയതി, പതിവുപോലെ, വാരവിശ്രമത്തിനായി, തന്റെ വിശ്രമ വസതിയായ കാസ്റ്റൽ ഗന്ധോൽഫോയിലേക്കുള്ള യാത്രാമധ്യേ, ലിയോ പതിനാലാമൻ പാപ്പാ, റോമിലെ മേരി മേജർ ബസിലിക്കയിൽ എത്തി, തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിങ്കൽ പുഷ്പങ്ങൾ സമർപ്പിച്ചു പ്രാർത്ഥന നടത്തി.
ഫ്രാൻസിസ് പാപ്പയുടെ ജീവിതത്തിലെ സ്ഥിരം സാന്നിധ്യമായ വിശുദ്ധ തെരേസയുടെ സ്മരണയ്ക്കായി, വെളുത്ത റോസാപ്പൂക്കളാണ് പാപ്പാ സമർപ്പിച്ചത്.
തുടർന്ന് സാലൂസ് പോപ്പോളി റൊമാനി എന്ന മാതാവിന്റെ അത്ഭുത ഐക്കൺ ചിത്രം സൂക്ഷിച്ചിരിക്കുന്ന കപ്പേളയിലും പാപ്പാ പ്രാർത്ഥന നടത്തി. എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും, ആശുപത്രി വാസത്തിനും മുമ്പും, ശേഷവും ഫ്രാൻസിസ് പാപ്പാ മാതാവിന്റെ ഈ ചിത്രത്തിനു മുൻപിൽ വന്നു പ്രാർത്ഥന നടത്തിയിട്ടുണ്ട്.
"ഫ്രാൻസിസ്സ്കുസ് " എന്ന് അടയാളപ്പെടുത്തിയ ശവകുടീരം സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി നിരവധി വിശ്വാസികളും തീർത്ഥാടകരുമാണ് ദിവസവും ബസിലിക്കയിൽ എത്തുന്നത്. മെയ് 10-ന്, പത്രോസിന്റെ സിംഹാസനത്തിലേക്കുള്ള തിരഞ്ഞെടുപ്പിന് രണ്ട് ദിവസത്തിന് ശേഷമാണ് ലിയോ പതിനാലാമൻ പാപ്പാ ആദ്യമായി, ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിച്ചു, പ്രാർത്ഥന നടത്തുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
