തിരയുക

വത്തിക്കാൻ നയതന്ത്ര കാര്യാലയങ്ങളിൽ (നൂൻഷ്യേച്ചർ) സഹകാരികളായി വർത്തിക്കുന്നവരുടെ കൂട്ടായ്മ ലിയോ പതിനാലാമൻ പാപ്പായ്‌ക്കൊപ്പം വത്തിക്കാൻ നയതന്ത്ര കാര്യാലയങ്ങളിൽ (നൂൻഷ്യേച്ചർ) സഹകാരികളായി വർത്തിക്കുന്നവരുടെ കൂട്ടായ്മ ലിയോ പതിനാലാമൻ പാപ്പായ്‌ക്കൊപ്പം  (ANSA)

വത്തിക്കാൻ നയതന്ത്ര സഹകാരികൾ, പ്രഥമമായി പ്രാർത്ഥനയുടെ മനുഷ്യരാകണം: പാപ്പാ

വിവിധ രാജ്യങ്ങളിൽ, വത്തിക്കാൻ നയതന്ത്ര കാര്യാലയങ്ങളിൽ (നൂൻഷ്യേച്ചർ) സഹകാരികളായി വർത്തിക്കുന്നവരുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്തു കൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ, നവംബർ മാസം പതിനേഴാം തീയതി, പ്രാദേശികസമയം വൈകുന്നേരം സംസാരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രത്യാശയിലേക്ക് ഏവരെയും ക്ഷണിക്കുന്ന ജൂബിലി വർഷത്തിൽ, വിവിധ രാജ്യങ്ങളിൽ, വത്തിക്കാൻ നയതന്ത്ര കാര്യാലയങ്ങളിൽ (നൂൻഷ്യേച്ചർ) സഹകാരികളായി വർത്തിക്കുന്നവരുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്തു കൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ, നവംബർ മാസം പതിനേഴാം തീയതി, പ്രാദേശികസമയം വൈകുന്നേരം സംസാരിച്ചു. ഇത് ആദ്യമായിട്ടാ ണ് ലിയോ പതിനാലാമൻ പാപ്പാ നയതന്ത്ര കാര്യാലയങ്ങളിൽ (നൂൻഷ്യേച്ചർ) സഹകാരികളായി വർത്തിക്കുന്നവരുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

അനേകം തീർത്ഥാടകരെ പോലെ ജൂബിലി വർഷത്തിൽ റോമിൽ എത്തിച്ചേർന്നു, വിവിധ വിശുദ്ധ സ്ഥലങ്ങളിൽ സന്ദർശനം നടത്തുമ്പോൾ,  നയതന്ത്ര കാര്യാലയ പ്രവർത്തകരുടെ സേവനം ദൈവജനത്തോടൊപ്പമാണ്, അവരിൽ നിന്ന് വേർപിരിഞ്ഞതല്ല എന്ന ബോധ്യം ഏവർക്കും നൽകുന്നുവെന്ന് പാപ്പാ പറഞ്ഞു. അതിനാൽ ജൂബിലി തീർത്ഥാടനം, മുഴുവൻ സഭയോടും ഒരുമിച്ച് നടക്കാനുള്ള ഒരു മാർഗമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ലോകത്തിന്റെ ജീവനുള്ള പ്രത്യാശയായ ക്രിസ്തുവിന്റെ സാക്ഷികളാകാൻ എല്ലാ ദിവസവും നമ്മെ പ്രതിജ്ഞാബദ്ധമാക്കുന്ന വിശുദ്ധിയിലേക്കുള്ള ആഹ്വാനം, ജീവിതത്തിൽ കണ്ടെത്തുവാനും, ആഴത്തിൽ അത് സ്വാംശീകരിക്കാനുമുള്ള അവസരമാണ് വിശുദ്ധ വർഷമെന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു.

അപ്പസ്തോലിക പ്രതിനിധിഭവനങ്ങളിൽ, പൗരോഹിത്യ ശുശ്രൂഷ നടത്താൻ തിരഞ്ഞെടുക്കപ്പെട്ട , നയതന്ത്ര കാര്യാലയ പ്രവർത്തകരുടെ പൗരോഹിത്യ ശുശ്രൂഷ, ഭൂമിയുടെ അതിർത്തികളിലേക്ക് സുവിശേഷം കൊണ്ടുവരുവാനുള്ള കർത്താവിന്റെ ക്ഷണത്തിനുള്ള പ്രതികരണമാണെന്ന് പാപ്പാ പറഞ്ഞു. പാപ്പായുടെ അജപാലനപരിഗണനയുടെ പ്രതിനിധ്യമാണ് ഇവരുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. നയതന്ത്ര കാര്യാലയ പ്രവർത്തനങ്ങൾ, കഠിനമാണെന്നതിനാൽ, ദൈവത്തിനായി  ജ്വലിക്കുന്നതും മനുഷ്യർക്കായി തുറന്നതുമായ ഒരു ഹൃദയം ആവശ്യമാണെന്നും, പഠനവും, വൈദഗ്ധ്യവും, നിസ്വാർത്ഥതയും ഇതിനു സഹായകരമാകുമെന്നും പാപ്പാ പറഞ്ഞു.  ഇവ, യേശുവിലുള്ള വിശ്വാസത്തിലും, സഭയോടും,  മേലുദ്യോഗസ്ഥരോടുമുള്ള അനുസരണത്തിലും പ്രകടമാകുന്നുവെന്നും പാപ്പാ പറഞ്ഞു.

ജോലി ചെയ്യുന്ന രാജ്യങ്ങളിൽ, വ്യത്യസ്ത ജനതകളെയും ഭാഷകളെയും കണ്ടുമുട്ടുമ്പോൾ, നൽകപ്പെടേണ്ട ആദ്യത്തെ സാക്ഷ്യം ക്രിസ്തുവിനെ സ്നേഹിക്കുകയും, അവന്റെ ശരീരം കെട്ടിപ്പടുക്കാൻ സമർപ്പിക്കുകയും ചെയ്യുന്ന പൗരോഹിത്യധർമ്മമാണെന്നത് മറന്നു പോകരുതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. ഓരോ സമൂഹത്തെയും, സേവിക്കുന്നതിൽ, പാപ്പായ്ക്ക്  ഓരോരുത്തരോടും ഉള്ള വാത്സല്യത്തിന്റെയും അടുപ്പത്തിന്റെയും പ്രതിഫലനമായിരിക്കണം അവരുടെ ജീവിതമെന്നതും പാപ്പാ കൂട്ടിച്ചേർത്തു.

ബുദ്ധിമുട്ടുകൾ, സംഘർഷം, ദാരിദ്ര്യം എന്നിവയുടെ പശ്ചാത്തലത്തിൽ ജീവിക്കുന്നവരെ പറ്റി പരാമർശിച്ച പാപ്പാ, സഭ അവർക്കു വേണ്ടി നിരന്തരം പ്രാർത്ഥിക്കുന്നുവെന്ന ഉറപ്പും നൽകി. അതിനാൽ, കൂദാശകളിൽ നിന്നും സാഹോദര്യത്തിൽ നിന്നും പരിശുദ്ധാത്മാവിനോടുള്ള നിരന്തരമായ അനുസരണത്തിൽ നിന്നും ശക്തി നേടുന്നതിലൂടെ അവരുടെ  പൗരോഹിത്യ സ്വത്വം ശക്തിപ്പെടുത്തുവാനും പാപ്പാ ആഹ്വാനം ചെയ്തു. നിസ്സംഗത പുലർത്തുന്ന മനുഷ്യരല്ല, മറിച്ച് ക്രിസ്തുവിന്റെ വികാരങ്ങളുൾക്കൊള്ളുന്ന ശിഷ്യന്മാരായിരിക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.

നയതന്ത്ര സേവനങ്ങൾ, സാമൂഹികവും സഭാപരവുമായ സന്ദർഭങ്ങൾക്ക് ബദലല്ലയെന്നും, മറിച്ച് പ്രാദേശിക സഭയുമായുള്ള ബന്ധം കഴിയുന്നിടത്തോളം പരിപോഷിപ്പിക്കണമെന്നും പാപ്പാ പറഞ്ഞു. സാഹോദര്യം ഊട്ടിയുറപ്പിക്കുവാനും, ജീവിതം പുനരുജ്ജീവിപ്പിക്കുവാനും, സഭ  ഏൽപ്പിച്ച ദൗത്യം തീക്ഷ്ണമായി തുടരാനും പ്രാർത്ഥനയിൽ വളരുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 നവംബർ 2025, 13:18