ക്രൊയേഷ്യൻ പ്രസിഡന്റിന് ലിയോ പാപ്പാ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലാനോവിചിന് (Zoran Milanović) ലിയോ പതിനാലാമൻ പാപ്പാ ഒക്ടോബർ 31 വെള്ളിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചതായി വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.
പാപ്പായുമായുള്ള കൂടിക്കാഴ്ചയെത്തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനുമായും പ്രസിഡന്റ് സോറൻ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ, മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം അണ്ടർ സെക്രട്ടറി മോൺസിഞ്ഞോർ ദാനിയേൽ പാകോയും (Msgr. Daniel Pacho) സംബന്ധിച്ചു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ നടന്ന സൗഹാർദ്ദപരമായ സംഭാഷണങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധം, പടിഞ്ഞാറൻ ബാൽക്കൻ പ്രദേശങ്ങളിലേതുൾപ്പെടെ, അന്താരാഷ്ട്രസ്വഭാവമുള്ളതും പ്രാദേശികവുമായ വിവിധ വിഷയങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഇരുനേതൃത്വങ്ങളും ചർച്ച നടത്തി. പ്രാദേശികമേഖലയിലെ സഹകരണവും ചർച്ചകളിൽ ഇടം കണ്ടെത്തി.
2020-ൽ ക്രൊയേഷ്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സോറൻ മിലാനോവിച് 2025-ൽ 74 ശതമാനം വോട്ടുകളോടെ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011 മുതൽ 2016 വരെ ക്രൊയേഷ്യയുടെ പ്രധാനമന്ത്രിയെയും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
