ജീവിതയാത്രയുടെ ലക്ഷ്യം, ക്രിസ്തു സ്നേഹത്തിൽ മാത്രമാണ് കണ്ടെത്തുവാൻ സാധിക്കുക: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരീ സഹോദരന്മാരേ,
ഇവിടെ അടക്കം ചെയ്യപ്പെട്ടവരും നമ്മുടെ പ്രിയപ്പെട്ടവരുമായ എല്ലാ മരിച്ച വിശ്വാസികളെയും, പ്രത്യേക വാത്സല്യത്തോടെ അനുസ്മരിക്കാൻ വേണ്ടിയാണ് നാം ഈ സ്ഥലത്ത് ഒരുമിച്ചുകൂടിയിരിക്കുന്നത്.
മരണം മൂലം അവർ നമ്മെ വിട്ടുപോയ ആ ദിവസം മുതൽ, നാം അവരെ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഓരോ ദിവസവും, നമ്മുടെ അനുഭവങ്ങളിൽ, ഈ ഓർമ്മ നിലനിൽക്കുന്നു.
പലപ്പോഴും അവരെ ഓർമ്മിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടാകും, അവരോടൊപ്പം നമ്മൾ പങ്കിട്ട നിമിഷങ്ങളിലേക്ക് നമ്മെ തിരികെ കൊണ്ടുവരുന്ന ചിത്രങ്ങൾ, പല സ്ഥലങ്ങൾ, നമ്മുടെ വീടുകളുടെ സുഗന്ധം പോലും, നമ്മൾ സ്നേഹിക്കുകയും എന്നാൽ തത്സമയം നമ്മോടൊപ്പമില്ലാതിരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് നമ്മോട് സംസാരിക്കുകയും അവരുടെ ഓർമ്മ നിലനിർത്തുകയും ചെയ്യുന്നു.
എന്നിരുന്നാലും, ഇന്ന് നമ്മൾ ഇവിടെ ഈ ലോകത്ത് നിന്ന് യാത്രയായവരെ അനുസ്മരിക്കാൻ മാത്രമല്ല ഒത്തുകൂടിയിരിക്കുന്നത്. ക്രിസ്തുവിൻ്റ ഉത്ഥാ നത്തിൽ അധിഷ്ഠിതമായ ക്രിസ്തീയ വിശ്വാസം, ഭൂതകാലത്തിൻ്റെ ഓർമ്മയായി മാത്രമല്ല, എല്ലാറ്റിനുമുപരിയായി ഭാവിയിലേക്കുള്ള ഒരു പ്രത്യാശയായും, സ്മരണയിൽ ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്നു. ഇത് എന്നാൽ പിന്നോട്ട് നോക്കുന്ന ഒരു പ്രവൃത്തിയല്ല, മറിച്ച് നമ്മുടെ യാത്രയുടെ ലക്ഷ്യസ്ഥാനത്തേക്ക്, ദൈവം നമുക്ക് വാഗ്ദാനം ചെയ്ത സുരക്ഷിത തുറമുഖത്തേക്ക്, നമ്മെ കാത്തിരിക്കുന്ന, ഒരിക്കലും അവസാനിക്കാത്ത വിരുന്നിലേക്ക് പ്രത്യാശയോടെ നോക്കുക എന്നതാണ്.
അവിടെ, ഉയിർത്തെഴുന്നേറ്റ കർത്താവിനാലും നമ്മുടെ പ്രിയപ്പെട്ടവരാലും ചുറ്റപ്പെട്ട്, നിത്യവിരുന്നിൻ്റെ സന്തോഷം നാം ആസ്വദിക്കും: “ആ ദിവസം,” എശയ്യാ പ്രവാചകൻ്റെ വായനയിൽ നാം കേട്ടു, “സൈന്യങ്ങളുടെ കർത്താവ് ഈ പർവതത്തിൽ എല്ലാ ജനതകൾക്കും വിഭവസമൃദ്ധമായ ഒരു വിരുന്ന് ഒരുക്കും. [...] അവൻ മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങും” (എശയ്യ 25:6, 8).
ഈ “ഭാവി പ്രത്യാശ” ഈ ദിവസം നമ്മുടെ ഓർമ്മയെയും പ്രാർത്ഥനയെയും ഉണർത്തുന്നു. പ്രിയപ്പെട്ടവരിൽ നിന്നുള്ള വേർപിരിയലിൻ്റെ വേദന ശമിപ്പിക്കാൻ സഹായിക്കുന്ന ഒരു മിഥ്യയല്ല ഇത്, കേവലം മാനുഷികമായ ശുഭാപ്തിവിശ്വാസവുമല്ല. മറിച്ച്, മരണത്തെ പരാജയപ്പെടുത്തി, ജീവിതത്തിൻ്റെ പൂർണ്ണതയിലേക്കുള്ള വഴി നമുക്കായി തുറന്നുതന്ന യേശുവിൻ്റെ പുനരുത്ഥാനത്തിൽ അധിഷ്ഠിതമായ പ്രത്യാശയാണിത്. നമ്മുടെ യാത്രയുടെ അവസാന സൂചകമാണത്.
അവൻ്റെ സ്നേഹമില്ലെങ്കിൽ, ജീവിതയാത്ര ഒരു ലക്ഷ്യസ്ഥാനമില്ലാത്ത വെറുമൊരു അലഞ്ഞുതിരിയലായി മാറും, ലക്ഷ്യം നഷ്ടപ്പെട്ട ദാരുണമായ ഒരു തെറ്റായും മാറും. എന്നാൽ ഉയിർത്തെഴുന്നേറ്റവൻ, നാം കരയിൽ എത്തുമെന്ന് ഉറപ്പുനൽകുന്നു, അവൻ നമ്മെ ഭവനത്തിലേക്ക് നയിക്കുന്നു, അവിടെ നാം കാത്തിരിക്കപ്പെടുന്നു, സ്നേഹിക്കപ്പെടുന്നു, രക്ഷിക്കപ്പെടുന്നു (പൊതു കൂടിക്കാഴ്ച്ച, ഒക്ടോബർ 15, 2025).
ഈ അന്തിമ ലക്ഷ്യസ്ഥാനം, കർത്താവ് നമ്മെ ഒരുമിച്ചുകൂട്ടുന്ന വിരുന്ന്, സ്നേഹത്തിൻ്റെ ഒരു കൂടിക്കാഴ്ചയായിരിക്കും. സ്നേഹത്താൽ, ദൈവം നമ്മെ സൃഷ്ടിച്ചു; അതുപോലെ തൻ്റെ പുത്രനോടുള്ള സ്നേഹത്തിൻ്റെ ആനന്ദത്തിൽ, അവൻ നമ്മെ മരണത്തിൽ നിന്ന് രക്ഷിക്കുന്നു; അവനോടും നമ്മുടെ പ്രിയപ്പെട്ടവരോടും ഉള്ള സ്നേഹത്തിൻ്റെ സന്തോഷത്തിൽ, നാം എന്നേക്കും ജീവിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു.
ഈ കാരണത്താൽ, നമുക്ക് മുമ്പ് കടന്നുപോയവരുമായുള്ള ഒരു അജയ്യമായ ബന്ധത്തിൽ, നാം സ്നേഹത്തിൽ ജീവിക്കുകയും, മറ്റുള്ളവരോട് പ്രത്യേകിച്ചും ദുർബലരും, ദരിദ്രരായവരോട് സ്നേഹം പരിശീലിക്കുകയും ചെയ്യുമ്പോൾ നാം ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയും ആ ലക്ഷ്യത്തെ പ്രത്യാശയോടെ കാത്തിരിക്കുകയും ചെയ്യുന്നു,
യേശു നമ്മെ ഈ വാക്കുകളിലൂടെ ക്ഷണിക്കുന്നു: “എനിക്ക് വിശന്നു, നിങ്ങൾ എനിക്ക് ഭക്ഷണം തന്നു, എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു, ഞാൻ ഒരു അപരിചിതനായിരുന്നു, നിങ്ങൾ എന്നെ സ്വീകരിച്ചു, നഗ്നനായിരുന്നു, നിങ്ങൾ എനിക്ക് വസ്ത്രം തന്നു, രോഗിയായിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു, ഞാൻ തടവിലായിരുന്നു, നിങ്ങൾ എൻ്റെ അടുക്കൽ വന്നു” (മത്തായി 25:35-36).
ഉപവി മരണത്തെ ജയിക്കുന്നു. സ്നേഹത്തിൽ, ദൈവം നമ്മെ നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം കൂട്ടിച്ചേർക്കും. നാം സ്നേഹത്തിൽ ചരിച്ചാൽ നമ്മുടെ ജീവിതം മരിച്ചവരുമായി ഉത്ഥാനത്തിൽ നമ്മെ ഒന്നിപ്പിക്കുന്ന ഒരു പ്രാർത്ഥനയായി മാറുന്നു. അത്, നിത്യതയുടെ സന്തോഷത്തിൽ അവരെ വീണ്ടും കണ്ടുമുട്ടാൻ നാം കാത്തിരിക്കുമ്പോൾ, നമ്മെ അവരിലേക്ക് അടുപ്പിക്കുന്നു.
പ്രിയ സഹോദരീസഹോദരന്മാരേ, നമ്മുടെ പ്രിയപ്പെട്ടവരുടെ അഭാവത്തിൻ്റെ വേദന നമ്മുടെ ഹൃദയങ്ങളിൽ പതിഞ്ഞിരിക്കുന്ന സമയത്ത്, നിരാശപ്പെടുത്താത്ത പ്രത്യാശയിൽ നമുക്ക് നമ്മെത്തന്നെ ഭരമേൽപ്പിക്കാം (റോമ 5:5); ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ നോക്കുകയും അവൻ്റെ വെളിച്ചത്തിൽ ഉൾചേർക്കപ്പെട്ടു മരണപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കാം. നിത്യജീവനെക്കുറിച്ചുള്ള കർത്താവിൻ്റെ വാഗ്ദാനം നമ്മിൽ പ്രതിധ്വനിക്കാൻ നമ്മെ അനുവദിക്കാം. അവൻ മരണത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കും.
മരണത്തിൻ്റെ ഇരുളടഞ്ഞ പാതയിൽ, നിത്യജീവനിലേക്കുള്ള ഒരു വഴി തുറന്നുകൊണ്ട് — അതായത്, പുനരുത്ഥാനം, ആഘോഷിച്ചുകൊണ്ട് — അവൻ അതിനെ എന്നെന്നേക്കുമായി പരാജയപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, അവനോടൊപ്പം ഐക്യപ്പെട്ട്, നമുക്ക് ആ അനുഭവത്തിലൂടെ പ്രവേശിക്കാനും കടന്നുപോകാനും കഴിയും.
അവൻ നമ്മെ കാത്തിരിക്കുന്നു, ഈ ഭൗമിക ജീവിതത്തിൻ്റെ അവസാനത്തിൽ നാം അവനെ കണ്ടുമുട്ടുമ്പോൾ, നാം അവനോടും നമുക്ക് മുമ്പു കടന്നുപോയ നമ്മുടെ പ്രിയപ്പെട്ടവരോടും ഒപ്പം സന്തോഷിക്കാം.
ഈ വാഗ്ദാനം നമ്മെ പിന്തുണയ്ക്കട്ടെ, നമ്മുടെ കണ്ണുനീർ തുടയ്ക്കുകയും, ഒരിക്കലും പരാജയപ്പെടാത്ത ആ ഭാവി പ്രത്യാശയിലേക്കുള്ള വീക്ഷണത്തിൽ നമ്മെ മുൻപോട്ട് നയിക്കുകയും ചെയ്യട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
