ലിയോ പതിനാലാമൻ പാപ്പാ ഒരു കുട്ടിയെ ആശീർവദിക്കുന്നു - പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ ഒരു കുട്ടിയെ ആശീർവദിക്കുന്നു - പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

സാഹോദര്യം സാധ്യമാണ്: ക്രിസ്തുവിന്റെ സ്നേഹത്തിന്റെ കല്പനയെ അനുസ്മരിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ

ജൂബിലി വർഷത്തിൽ നടത്തിവരുന്ന, "നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു"വിനെക്കുറിച്ചുള്ള പ്രബോധനപരമ്പരയിൽ "ക്രിസ്തുവിന്റെ തിരുവുത്ഥാനവും ഇന്നത്തെ ലോകത്തിലെ വെല്ലുവിളികളും" എന്ന പ്രമേയത്തിൽ, "സഹോദര്യത്തെ പ്രോത്സാഹിപ്പിക്കുന്ന പെസഹാ ആത്മീയത" എന്ന വിഷയത്തിൽ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം" (യോഹ. 15, 12) എന്ന തിരുവചനത്തെ ആധാരമാക്കി 2025 നവംബർ 12 ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലിയോ പതിനാലാമൻ പാപ്പാ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.
ശബ്ദരേഖ - സാഹോദര്യം സാധ്യമാണ്: ക്രിസ്തുവിന്റെ സ്നേഹത്തിന്റെ കല്പനയെ അനുസ്മരിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജൂബിലി വർഷത്തിൽ നടത്തിവരുന്ന, "നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു"വിനെക്കുറിച്ചുള്ള പ്രബോധനങ്ങളുടെ പരമ്പരയുടെ ഭാഗമായി, "ക്രിസ്തുവിന്റെ തിരുവുത്ഥാനവും ഇന്നത്തെ ലോകത്തിലെ വെല്ലുവിളികളും" എന്ന പ്രമേയത്തിൽ, "സഹോദര്യത്തെ പ്രോത്സാഹിപ്പിക്കുന്ന പെസഹാ ആത്മീയത" എന്ന വിഷയത്തിൽ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം" (യോഹ. 15, 12) എന്ന തിരുവചനത്തെ ആധാരമാക്കിയായിരുന്നു ലിയോ പതിനാലാമൻ പാപ്പാ 2025 നവംബർ 12 ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പ്രഭാഷണം നടത്തിയത്. 

പാപ്പായുടെ പ്രഭാഷണത്തിന് മുൻപായി,

ഇതാണ് എന്റെ കൽപന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല. ഞാൻ നിങ്ങളോടു കല്പിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്” (യോഹ. 15, 12-14)

എന്ന തിരുവചനഭാഗം വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു. തുടർന്ന് ഇറ്റാലിയൻ ഭാഷയിൽ പാപ്പാ തന്റെ മുൻപിലുണ്ടായിരുന്ന പതിനായിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരെ ശുഭദിനം! സ്വാഗതം!

ക്രിസ്തുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിക്കുകയും, പെസഹായുടെ ആത്മീയത ജീവിക്കുകയും ചെയ്യുന്നത് ജീവിതത്തിൽ  പ്രത്യാശ പകരുകയും, നന്മയ്ക്കായി പ്രവർത്തിക്കാനുള്ള പ്രചോദനമേകുകയും ചെയ്യും. പ്രത്യേകിച്ച്, ഫ്രാൻസിസ് മാർപാപ്പ വ്യക്തമായി കണ്ടതുപോലെ, സമകാലിക മാനവരാശി നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നായ സാഹോദര്യത്തെ സ്നേഹിക്കാനും പരിപോഷിപ്പിക്കാനും ഇത് നമ്മെ സഹായിക്കുന്നു.

സഹോദര്യമെന്നത് മാനവികമായ ഒരു ആഴമേറിയ യാഥാർത്ഥ്യത്തിൽനിന്നാണ് രൂപം കൊള്ളുന്നത്. നമുക്ക് ബന്ധങ്ങൾ സ്ഥാപിക്കാനുള്ള കഴിവുണ്ട്. ആവശ്യമുണ്ടെങ്കിൽ നമുക്കിടയിൽ ശരിയായ ബന്ധങ്ങൾ രൂപപ്പെടുത്താൻ നമുക്കറിയാം. നമ്മുടെ ജീവിതത്തിന്റെ ആരംഭം മുതൽ നമ്മെ താങ്ങുകയും സമ്പന്നരാക്കുകയും ചെയ്യുന്ന ബന്ധങ്ങളില്ലെങ്കിൽ നമുക്ക് അതിജീവിക്കാനോ വളരാനോ പഠിക്കാനോ സാധിക്കില്ല. ഈ ബന്ധങ്ങൾ പലതാണ്, അവയുടെ തരവും ആഴവുമനുസരിച്ച് അവ വ്യത്യസ്തങ്ങളാണ്. നമ്മുടെ മനുഷ്യത്വം ഏറ്റവും നന്നായി സാക്ഷാത്കരിക്കപ്പെടുന്നത്, നാം ഒരുമിച്ച് ആയിരിക്കുകയും ജീവിക്കുകയും, നമുക്കരികിലുള്ള വ്യക്തികളുമായി ഔപചാരികമായവയല്ല, മറിച്ച് യഥാർത്ഥ ബന്ധങ്ങൾ ജീവിക്കാൻ സാധിക്കുകയും ചെയ്യുമ്പോഴാണ്. നാം നമ്മിലേക്ക് തന്നെ ഒതുങ്ങിക്കൂടിയാൽ, ഏകാന്തതയാലും, സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി മാത്രം മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന സ്വാർത്ഥസ്നേഹത്താലും രോഗികളായിത്തീരും. അങ്ങനെ വരുമ്പോൾ അങ്ങോട്ട് ഒന്നും നൽകാനോ, നമ്മെത്തന്നെ നൽകാനോ തയ്യാറാകാതെ. നമുക്ക് എന്തെങ്കിലും സ്വന്തമാക്കാൻ മാത്രമുള്ളവരായി മറ്റുള്ളവരെ നാം വില കുറച്ചുകാണും.

ഇന്നും സഹോദര്യമെന്നത് നമുക്ക് വെറുതെ കിട്ടുന്നതോ, വേഗം ലഭിക്കുന്നതോ അല്ലെന്ന് നമുക്കറിയാം. ലോകത്ത് നിലനിൽക്കുന്ന നിരവധിയായ സംഘർഷങ്ങളും അനേകം യുദ്ധങ്ങളും, സാമൂഹികപിരിമുറുക്കങ്ങളും, വെറുപ്പിന്റെ വികാരങ്ങളും ഇതാണ് കാണിച്ചുതരുന്നതെന്ന് നമുക്ക് കാണാം. എന്നാൽ, സഹോദര്യമെന്നത് അസാധ്യമായ ഒരു സ്വപ്നമോ, വളരെക്കുറച്ച് മിഥ്യാബോധക്കാരുടെ ഒരു ആഗ്രഹമോ അല്ല. എന്നാൽ അതിനെ വെല്ലുവിളിക്കുന്ന നിഴലുകളെ മറികടക്കണമെങ്കിൽ, ഉറവകളിലേക്ക് നാം പോകേണ്ടതുണ്ട്, പ്രത്യേകിച്ച്, വെറുപ്പിന്റെ വിഷത്തിൽനിന്ന് നമ്മെ മോചിപ്പിക്കുന്ന ഏക വ്യക്തിയിൽനിന്ന്, ദൈവത്തിൽനിന്ന്, പ്രകാശവും ശക്തിയും നേടേണ്ടതുണ്ട്.

"സഹോദരൻ" എന്ന വാക്ക്, ശ്രദ്ധാലുവാകുക, ഹൃദയത്തിൽ കരുതലുണ്ടാകുക, പിന്താങ്ങുക, നിലനിർത്തുക എന്നൊക്കെ അർത്ഥം വരുന്ന ഒരുപാട് പഴയ ഒരു മൂലവാക്കിൽനിന്നാണ് വരുന്നത്. ഓരോ മനുഷ്യരിലേക്കും നാം ഈ അർത്ഥങ്ങൾ പ്രയോഗിക്കുമ്പോൾ, ഇതൊരു അഭ്യർത്ഥനയും ക്ഷണവുമായി മാറും. പലപ്പോഴും, സഹോദരൻ, സഹോദരി തുടങ്ങിയ വേഷങ്ങൾ കുടുംബബന്ധങ്ങളിലേക്കാണ്, ഒരേ രക്തമുള്ളവർ, ഒരേ കുടുംബത്തിന്റെ ഭാഗംമായവർ തുടങ്ങിയ ചിന്തകളിലേക്കാണ് നമ്മെ കൊണ്ടുപോവുക. സത്യത്തിൽ, അപരിചിതർക്കിടയിൽ മാത്രമല്ല, സ്വന്തക്കാർക്കിടയിലും ബന്ധങ്ങളെ, അഭിപ്രായവ്യത്യാസങ്ങളും, ഭിന്നതയും, ചിലപ്പോഴൊക്കെ വെറുപ്പും എന്തുമാത്രം തകർത്തേക്കാമെന്ന് നമുക്കറിയാം.

ഇത്, എന്നത്തേക്കാളും കൂടുതാലായി, ഇന്ന്, ഫ്രാൻസിസ് അസീസി, പ്രാദേശികമോ സാംസ്കാരികമോ മതപരമോ സൈദ്ധാന്തികമോ ആയ പ്രത്യേകതകൾ നോക്കാതെ എല്ലാവർക്കും നൽകിയിരുന്ന അഭിസംബോധനയെക്കുറിച്ച് പുനഃവിചിന്തനം ചെയ്യാനുള്ള ആവശ്യത്തെയാണ് കാണിക്കുന്നത്: എല്ലാവരിലും പൊതുവായ അന്തസ്സും, സംവാദങ്ങളും സ്വീകാര്യതയും രക്ഷയും തിരിച്ചറിയുന്നതുകൊണ്ടുതന്നെ, "എല്ലാവരും സഹോദരങ്ങൾ" എന്നതായിരുന്നു, മനുഷ്യരെല്ലാവരെയും ഒരേ നിലയിൽ പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധന്റെ സമഗ്ര രീതി. ഫ്രാൻസിസ് പാപ്പാ, എണ്ണൂറ് വർഷങ്ങൾക്ക് ശേഷവും  അസ്സീസിയിലെ പാവപ്പെട്ടവന്റെ ഈ സമീപനരീതിക്കുള്ള പ്രസക്തി "ഫ്രത്തെല്ലി തൂത്തി" എന്ന ചാക്രികലേഖനത്തിൽ, എടുത്തുകാണിച്ചു.

വിശുദ്ധ ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം, സാർവ്വത്രികമായ സാഹോദര്യത്തിന്റെ സ്വീകാര്യതയുടെ അടയാളമായിരുന്ന ആ "എല്ലാവരും" എന്നത്, ക്രൈസ്തവികതയുടെ അനിവാര്യമായ ഒരു സവിശേഷതയാണ് പ്രകടിപ്പിക്കുന്നത്. കാരണം ക്രൈസ്തവികത, ഒരിക്കലും കുറച്ചുപേർക്കുവേണ്ടിയോ സ്വകാര്യമോ ആയ ഒന്നായിരുന്നില്ല, മറിച്ച്, അതതിന്റെ ആദ്യം മുതലേ, എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടിയുള്ള സുവിശേഷത്തിന്റെ പ്രഘോഷണമായിരുന്നു. ഈ സാഹോദര്യം, യേശുവിന്റെ കൽപ്പനയെ അടിസ്ഥാനമാക്കിയുള്ളതാണ്. പിതാവിന്റെ ഹിതത്തിന്റെ അതിസമൃദ്ധമായ പൂർത്തീകരണമായി യേശു തന്നെ നിറവേറ്റിയതായതിനാൽ ഇത് പുതുതാണ്. അവൻ നമ്മെ സ്നേഹിക്കുകയും, തന്നെത്തന്നെ നമുക്കായി നൽകുകയും ചെയ്തതിനാൽ നമുക്കും, ഏക പിതാവിന്റെ മക്കൾ എന്ന നിലയിലും, യേശുക്രിസ്തുവിന്റെ യഥാർത്ഥ സഹോദരങ്ങൾ എന്ന നിലയിലും പരസ്പരം സ്നേഹിക്കാനും, മറ്റുള്ളവർക്കായി ജീവൻ നൽകാനും സാധിക്കും.

യേശു നമ്മെ അവസാനം വരെ സ്നേഹിച്ചുവെന്നാണ് യോഹന്നാന്റെ സുവിശേഷം പറയുന്നത് (യോഹ. 13, 1). സഹനത്തിന്റെ സമയം അടുത്തുവരുമ്പോൾ, തന്റെ ചരിത്രപരമായ സമയം അവസാനിക്കാറായെന്ന് ഗുരുവിന് കൃത്യമായി അറിയാം. നടക്കുവാൻ പോകുന്നതിനെക്കുറിച്ച് അവൻ ഭയക്കുന്നു, ഏറ്റവും ക്രൂരമായ പീഡനവും ഒറ്റപ്പെടലും അനുഭവിക്കുന്നു. മൂന്നാം ദിവസമുള്ള അവന്റെ ഉത്ഥാനം പുതിയൊരു ചരിത്രത്തിന്റെ ആരംഭമാണ്. യേശുവിന്റെ വേദനയും മരണവും അനുഭവിക്കുമ്പോൾ എന്നതിലുപരി, ഉത്ഥിതനെന്ന നിലയിൽ അവനെ തിരിച്ചറിയുകയും, പരിശുദ്ധാത്മാവെന്ന ദാനം സ്വീകരിക്കുകയും, അതിന്റെ സാക്ഷികളാകുകയും ചെയ്യുമ്പോൾ, ഒരുപാട് കാലം ഒരുമിച്ച് ജീവിച്ച ശേഷം ശിഷ്യന്മാർ ഇതാ പൂർണ്ണമായും സഹോദരന്മാരാകുന്നു,

സഹോദരീസഹോദരന്മാർ പരീക്ഷണസമയങ്ങളിൽ പരസ്പരം താങ്ങുന്നു, ആവശ്യമുള്ളവർക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്നില്ല: ഐക്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും പരസ്പരസമർപ്പണത്തിന്റെയും ക്രിയാത്മകമായ കാഴ്ചപ്പാടോടെ ഒരുമിച്ച് കരയുകയും സന്തോഷിക്കുകയും ചെയ്യുന്നു. ഇതിന് പിന്നിലെ പ്രേരണ യേശു നമുക്ക് നൽകുന്ന കല്പനയാണ്: "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം" (യോഹ. 15, 12). മരിച്ച് പുനഃരുത്ഥാനം ചെയ്ത ക്രിസ്തു നൽകിയ സാഹോദര്യം, നമ്മെ സ്വാർത്ഥതകളുടെയും, ഭിന്നതകളുടെയും., അധികാരമനോഭാവങ്ങളുടെയും നിഷേധാത്മക യുക്തികളിൽനിന്നും മോചിപ്പിക്കുകയും, അനുദിനം നവീകരിക്കപ്പെടുന്ന സ്നേഹത്താലും പ്രത്യാശയാലും, നമ്മുടെ യഥാർത്ഥ വിളി തിരികെത്തരികയും ചെയ്യുന്നു. "എല്ലാവരും സഹോദരങ്ങൾ" എന്ന് അനുഭവിക്കാനും ആയിരിക്കാനും വേണ്ടി, ഉത്ഥിതൻ, അവനോടൊപ്പം നാം സഞ്ചരിക്കേണ്ട പാത കാണിച്ചുതന്നു.

തന്റെ പ്രഭാഷണത്തിന്റെ അവസാനം പരിശുദ്ധ പിതാവ് "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 നവംബർ 2025, 14:33

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >