അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പ്രവർത്തനങ്ങൾ സഭയുടെ മാതൃസ്നേഹത്തിന്റെ അടയാളം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സഭയുടെ മാതൃസ്നേഹത്തിന്റെ തെളിഞ്ഞ അടയാളമാണ് കാരിത്താസ് അന്താരാഷ്ട്രസംഘടനയെന്ന് ലിയോ പതിനാലാമൻ പാപ്പാ. ടോക്കിയോ അതിരൂപതാദ്ധ്യക്ഷനും, അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പ്രസിഡന്റുമായ കർദ്ദിനാൾ തർചീസിയോ ഇസാവോ കികൂച്ചി ഉൾപ്പെടെയുള്ള സംഘടനാനേതൃത്വത്തിന് നവംബർ 21 വെള്ളിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്‌ച അനുവദിച്ച വേളയിലാണ് ഈ സംഘടന തന്നോട് ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളെ പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചത്. പ്രത്യാശയുടെ ഈ ജൂബിലി വർഷത്തിൽ തന്നെ കാണാനെത്തിയതിനും, സഭയ്ക്കും ലോകം മുഴുവനുമുള്ള ആളുകൾക്കും സംഘടന ചെയ്യുന്ന പ്രവർത്തനങ്ങൾക്കും പാപ്പാ നന്ദി പറഞ്ഞു.
2023 മെയ് 11-ന് അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പൊതുസമ്മേളനത്തിലേക്കയച്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ എഴുതിയ വാക്കുകൾ പരാമർശിച്ചുകൊണ്ട്, ദരിദ്രരോടും, ഏറ്റവും നിസ്സാരരായി കണക്കാക്കപ്പെടുന്നവരോടും, ഉപേക്ഷിക്കപ്പെട്ടവരോടും, അവഗണിക്കപ്പെട്ടവരോടും ക്രിസ്തുവിനുള്ള പ്രത്യേക പരിഗണനയെക്കുറിച്ചുള്ള സഭയുടെ പ്രഘോഷണമാണ് അന്താരാഷ്ട്ര കാരിത്താസ് തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ നിർവ്വഹിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. തന്റെ ആദ്യ അപ്പസ്തോലിക പ്രബോധനമായ "ദിലേക്സി തേ"യിൽ താൻ എഴുതിയതുപ്പോലെ, ക്രിസ്തുവിൽനിന്ന് നമുക്ക് ലഭിക്കുന്ന സ്നേഹം ഒരു സ്വകാര്യ നിധിയല്ലെന്നും, അത്, നമ്മുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെടുന്ന ഒരു നിയോഗമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സ്നേഹം നമ്മെ മുന്നോട്ട് നയിക്കുകയും, മറ്റുളളവരുടെ ശുശ്രൂഷകരാക്കി മാറ്റുകയും, അവരുടെ മുറിവുകൾ കാണാൻ നമ്മുടെ കണ്ണുകളെ തുറക്കുകയും ചെയ്യുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.
സഭയുടെ സ്നേഹത്തിന്റെ അടയാളമെന്ന നിലയിൽ അന്താരാഷ്ട്ര കാരിത്താസ് ചെയ്യുന്ന പ്രവർത്തനങ്ങളെ പരാമർശിച്ച പാപ്പാ, പത്രോസിന്റെ പിൻഗാമിയായ തന്നോടൊപ്പം ചേർന്ന് മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യുന്നതിൽ സംഘടനയെ അഭിനന്ദിച്ചു. നയതന്ത്രപ്രതിനിധികളോടുള്ള തന്റെ പ്രഥമ പ്രഭാഷണത്തിൽ, താൻ ഓർമ്മിപ്പിച്ചതുപോലെ, ലോകത്ത് സഭയുടെ പ്രവർത്തനങ്ങൾക്ക് പിന്നിലെ, സമാധാനം, നീതി, സത്യം എന്നീ നെടുംതൂണുകളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടാണ് സംഘടനയുടെ ശുശ്രൂഷയും കാണിച്ചുതരുന്നതെന്ന് പാപ്പാ പറഞ്ഞു. കുടിയിറക്കപ്പെട്ട ഒരു കുടുംബത്തെ അനുധാവനം ചെയ്യുമ്പോഴും, ദരിദ്രരുടെ അവകാശങ്ങൾ സംരക്ഷിക്കുമ്പോഴും, മറ്റുള്ളവരാൽ അവഗണിക്കപ്പെട്ടവരെ ശ്രവിക്കുമ്പോഴുമൊക്കെ സഭയുടെ സാക്ഷ്യം കൂടുതൽ വിശ്വസനീയമായിത്തീരുകയാണെന്നും പാപ്പാ പ്രസ്താവിച്ചു.
അത്മായനേതാക്കളെ രൂപീകരിച്ചും, സംഘടനയ്ക്കുള്ളിലെ ഐക്യം കാത്തുസൂക്ഷിച്ചും, പ്രാദേശികസഭയെ സഹായിക്കാൻ പാപ്പാ സംഘടനാനേതൃത്വത്തെ ആഹ്വാനം ചെയ്തു. നാം ഒരുമിച്ച് നടക്കുകയും, പരിശുദ്ധാത്മാവ് നമ്മുടെ കാരുണ്യപ്രവൃത്തികളെ ക്രമീകരിക്കാൻ അനുവദിക്കുകയും ചെയ്യുമ്പോഴാണ് സഭയുടെ നിയോഗം യാഥാർത്ഥ്യമാകുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.
പാവപ്പെട്ടവരുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന് അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പ്രവർത്തനങ്ങളെ സമർപ്പിച്ച പാപ്പാ, അമ്മയുടെ പ്രാർത്ഥനകളാൽ നിങ്ങൾ പ്രത്യാശയുടെ തീർത്ഥാടകരും സമാധാനത്തിന്റെ സൃഷ്ടാക്കളുമായി തുടരട്ടെയെന്ന് ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
